ഓട്‌സ് കൊണ്ടുള്ള വിവിധ വിഭവങ്ങള്‍ നാം പരീക്ഷിക്കാറുണ്ട്. ഓട്‌സ് ദോശയും പുട്ടും ഇഡ്‌ലിയുമെല്ലാം ഇതിലുള്‍പ്പെടും. ഉയര്‍ന്ന അളവിലുള്ള ആന്റിഓക്സിഡന്റുകളും ഫൈബറും ഓട്സിലുണ്ട്. ഇത് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും ഹൃദ്രോഗ സാധ്യതയെ പ്രതിരോധിക്കാനും ആരോഗ്യകരമായ രക്തസമ്മര്‍ദ്ദം നിലനിര്‍ത്താനും ഗുണം ചെയ്യും. ശരീരഭാരം കുറയ്ക്കാന്‍ ഗുണകരമായ ഓട്‌സ് സ്മൂത്തി ഉണ്ടാക്കിനോക്കാം.
1.ഓട്‌സ് – 1/2 കപ്പ്
2.ആപ്പിള്‍(അരിഞ്ഞത്)- 1/2 കപ്പ്
3.ചെറുപഴം(അരിഞ്ഞത്)- 1/2 കപ്പ്
4. ഈന്തപ്പഴം – 3 എണ്ണം
5. ബദാം – 4 എണ്ണം
6. ചൂടു വെള്ളം – 1 കപ്പ്
7. ഇളം ചൂടുള്ള പാല്‍- 1 കപ്പ്
പാചകരീതി
ഒരു പാത്രത്തിലേക്ക് ഓട്‌സ്, മുറിച്ചുവെച്ച ആപ്പിള്‍ ,ചെറുപഴം, കുരു കളഞ്ഞ ഈന്തപ്പഴം, ബദാം എന്നിവ എടുത്തുവെയ്ക്കുക. ശേഷം ഇതിലേയ്ക്ക് ഒരു കപ്പ് നല്ല ചൂടുള്ള വെള്ളം ചേര്‍ത്ത് നന്നായി യോജിപ്പിച്ച് 10 മിനിറ്റ് വെയ്ക്കണം. ശേഷം ഈ മിശ്രിതത്തെ ഒരു മിക്‌സി ജാറിലേക്ക് മാറ്റി നന്നായി അരച്ചെടുക്കണം. ഇതിലേയ്ക്ക് ഇളം ചൂടുള്ള പാല്‍ ചേര്‍ത്ത് ഒരിക്കല്‍ കൂടി അടിച്ചെടുക്കാം. ആരോഗ്യപ്രദമായ സ്മൂത്തി റെഡി.