ന്യൂഡൽഹി: രാജ്യത്ത് ഇടക്കാല ബജറ്റ് അവതരിപ്പിക്കാൻ ഇനി ദിവസങ്ങൾ മാത്രം ശേഷിക്കെ ചർച്ചകൾ തകൃതിയായി നടക്കുന്നുണ്ട്. വളർച്ചയ്ക്ക് കുതിപ്പേകുന്ന വമ്പൻ പ്രഖ്യാപനങ്ങൾ ഒന്നും ആരും പ്രതീക്ഷിക്കുന്നില്ലെങ്കിലും ചില മേഖകളെ തൊട്ടുഴിയാതെ ബജറ്റ് കടന്നുപോവില്ലെന്ന് ഉറപ്പാണ്. അത്തരത്തിൽ വിവിധ മേഖകളെ കുറിച്ചുള്ള ചർച്ചകൾ അണിയറയിൽ നടന്നുകൊണ്ടിരിക്കുകയാണ്.
നിക്ഷേപകരും, വിപണി നിരീക്ഷകരും ചില പ്രധാന പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ഈ അഭ്യൂഹങ്ങൾ എല്ലാം തന്നെ ധനമന്ത്രി നിരസിക്കുകയാണുണ്ടായത്. തന്റെ ആറാമത്തെ ബജറ്റിൽ “അതിശയകരമായ പ്രഖ്യാപനങ്ങൾ” ഒന്നുമുണ്ടാവില്ലെന്ന നിലപാടാണ് നിർമല സീതാരാമൻ അറിയിച്ചിരിക്കുന്നത്.
ഈ വർഷം ഫെബ്രുവരി ഒന്നിനാണ് ഇടക്കാല ബജറ്റ് അവതരിപ്പിക്കുക. ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിൽ ഉള്ളതിനാൽ പൂർണ ബജറ്റല്ല അവതരിപ്പിക്കുന്നതെന്ന കാര്യം ആദ്യമേ തന്നെ വ്യക്തമാക്കിക്കൊള്ളട്ടെ. ഏപ്രിൽ-മെയ് മാസങ്ങളിലായി നടക്കുന്ന പൊതുതിരഞ്ഞെടുപ്പിന് ശേഷം തിരഞ്ഞെടുക്കപ്പെട്ട പുതിയ സർക്കാർ 2024-25 സാമ്പത്തിക വർഷത്തേക്കുള്ള സമ്പൂർണ ബജറ്റ് ജൂലൈയിൽ ആയിരിക്കും അവതരിപ്പിക്കുക.
ബജറ്റിൽ നിർണായകമായേക്കാവുന്ന അഞ്ച് സുപ്രധാന ഘടകങ്ങളാണ് നാം ഇന്ന് പരിശോധിക്കുന്നത്. മൂലധന ചെലവ് സാമ്പത്തിക വളർച്ചയെ കൃത്യമായി മുന്നോട്ട് കൊണ്ടുപോകുന്നതിന്, മൂലധനച്ചെലവ് വർധിപ്പിക്കുന്നതിൽ ഗവൺമെന്റ് ശ്രദ്ധ ചെലുത്താൻ സാധ്യതയുണ്ട്, പ്രത്യേകിച്ച് വരാനിരിക്കുന്ന ബജറ്റിൽ അടിസ്ഥാന സൗകര്യ മേഖലയ്ക്ക് കൂടുതൽ ഊന്നൽ നൽകുമെന്ന റിപ്പോർട്ടുകൾ വരുന്ന സാഹചര്യത്തിൽ. വരാനിരിക്കുന്ന സാമ്പത്തിക വർഷത്തേക്കുള്ള മൂലധന ചെലവ് 10 ലക്ഷം കോടി കടക്കുമെന്നാണ് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തൊഴിൽ അവസരങ്ങൾ സൃഷ്‌ടിക്കൽ ഗ്രാമീണ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുന്നതിന്, ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങളിൽ നിക്ഷേപം വർദ്ധിപ്പിക്കുന്നതിനും പ്രോഡക്‌ട്-ലിങ്ക്ഡ് ഇൻസെന്റീവ് (PLI) പദ്ധതികളുടെ വ്യാപ്‌തി കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാനാവും സർക്കാർ തീരുമാനം.
രാസവസ്‌തുക്കളുടെ ഉത്പാദനം പോലുള്ള മേഖലകളിലേക്ക് ഇത് വ്യാപിപ്പിക്കുന്നതിനും സർക്കാർ ചില ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചേക്കാം. ധനക്കമ്മി ലോക്‌സഭാ തിരഞ്ഞെടുപ്പ് സമ്മർദങ്ങൾക്കിടയിലും, ബജറ്റിൽ ധനക്കമ്മി ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ (ജിഡിപി) 5.3 ശതമാനമായി കുറയ്ക്കാൻ സീതാരാമൻ തീരുമാനിച്ചേക്കാം എന്നാണ് ലഭ്യമായ വിവരം. ധനക്കമ്മി 5.9 ശതമാനമായി കുറയ്ക്കാനുള്ള 2024 സാമ്പത്തിക വർഷത്തിലെ തീരുമാനം ഏതാണ്ട് നടക്കുമെന്ന് തന്നെയാണ് നിലവിലെ സാഹചര്യങ്ങൾ നൽകുന്ന സൂചന. സാമൂഹിക മേഖലയിലെ പദ്ധതികൾ വർധിച്ച നികുതി മതിയായ ഫണ്ട് നൽകിയേക്കുമെന്നതിനാൽ വരാനിരിക്കുന്ന ഇടക്കാല ബജറ്റിൽ കേന്ദ്രസർക്കാർ സാമൂഹിക മേഖലയിലെ പദ്ധതികൾക്കായി ഉയർന്ന ഫണ്ട് അനുവദിച്ചേക്കാം. ഈ സാമ്പത്തിക വർഷത്തിൽ വരുമാനത്തിൽ നിന്നും കോർപ്പറേറ്റ് നികുതികളിൽ നിന്നുമുള്ള ശേഖരണത്തിൽ കൃത്യമായ വർധനവ് പ്രകടമാണെന്നും, മൊത്തം പ്രത്യക്ഷ നികുതി മോപ്പ്-അപ്പ് ബജറ്റ് എസ്‌റ്റിമേറ്റുകളെക്കാൾ ഏകദേശം 1 ലക്ഷം കോടി രൂപ കവിയാൻ സാധ്യതയുണ്ടെന്നുമാണ് പിടിഐ റിപ്പോർട്ട് ചെയ്യുന്നത്.
കാർഷിക സമ്പദ്‌വ്യവസ്ഥയെ മുന്നോട്ട് കൊണ്ടുപോകാനുള്ള ശ്രമത്തിൽ, ധനമന്ത്രി ഉപഭോഗ ആവശ്യകത വർദ്ധിപ്പിക്കുന്ന ചില നടപടികൾ പ്രഖ്യാപിച്ചേക്കും. ജിഡിപിയുടെ മുൻകൂർ കണക്കുകൾ പ്രകാരം കാർഷിക മേഖലയുടെ വളർച്ച 2022-23ലെ 4 ശതമാനത്തിൽ നിന്ന് ഈ സാമ്പത്തിക വർഷത്തിൽ 1.8 ശതമാനമായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യത്തിൽ ധനമന്ത്രിയുടെ പ്രഖ്യാപനം നിർണായകമാണ്.