29 in Thiruvananthapuram

ബിജെപിയും യുഡിഎഫും ശബരിമലയിൽ വീണ്ടുമൊരു സുവർണാവസരം സൃഷ്ടിക്കാനുള്ള ഗൂഢാലോചനയിൽ; തോമസ് ഐസക്

Posted by: TV Next November 23, 2025 No Comments

ശബരിമലയിൽ വീണ്ടുമൊരു സുവർണ്ണാവസരം സൃഷ്ടിക്കാനാകുമോയെന്ന ഗൂഡാലോചനയിലാണ് യുഡിഎഫും ബിജെപിയുമെന്ന് തോമസ് ഐസക്. ശബരിമലയിലെ ഇത്തവണത്തെ മണ്ഡലകാലത്തെ ആദ്യ ദിവസങ്ങളിലെ തിരക്ക് കൃത്രിമമായി സൃഷ്ടിച്ചതാണെന്നുള്ള സംശയം ബലപ്പെടുകയാണെന്നും അന്യസംസ്ഥാനത്തുള്ള തീർത്ഥാടകരിൽ പലരെയും സ്പോട്ട് ബുക്കിംഗിലേക്ക് ആകർഷിക്കുന്നതിന് സന്ദേശങ്ങൾ പ്രചരിപ്പിച്ചെന്ന് കേൾക്കുന്നുണ്ടെന്നും തോമസ് ഐസക് ആരോപിച്ചു. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം. വായിക്കാം

എന്താണ് ഇത്തവണത്തെ തദ്ദേശഭരണ തെരഞ്ഞെടുപ്പിലെ വിഷയം? ശബരിമലയിൽ എട്ട് വർഷം മുമ്പ് നടന്ന സ്വർണ്ണത്തട്ടിപ്പിനെ സംബന്ധിച്ച വിലയിരുത്തലാകണം തദ്ദേശഭരണ തെരഞ്ഞെടുപ്പ് എന്നാണ് ബിജെപിയും യുഡിഎഫും പറയുന്നത്. ഇതു സംബന്ധിച്ചിട്ടുള്ള വിധി തെരഞ്ഞെടുപ്പില്ലല്ല കോടതിയിലാണ് ഉണ്ടാകേണ്ടത്. ഹൈക്കോടതി മേൽനോട്ടത്തിലുള്ള സംസ്ഥാന പൊലീസിന്റെ അന്വേഷണം പോര, സിബിഐ അന്വേഷണം വേണമെന്നു പറഞ്ഞ് നിയമസഭാ സമ്മേളനം പൂർണ്ണമായും ബഹിഷ്കരിച്ചവരാണ് യുഡിഎഫ് ഇപ്പോൾ പാതിവഴിയിലെത്തിയ അന്വേഷണഫലങ്ങൾ പൂർണ്ണവിധിയായി വ്യാഖ്യാനിച്ച് പ്രചാരണത്തിലാണ്.

ഞങ്ങളുടെ നിലപാട് വളരെ വ്യക്തമാണ്. അന്നും ഇന്നും അതു തന്നെ. പൊലീസ് അന്വേഷണം കൃത്യമായി നടക്കട്ടെ. ഒരു കുറ്റക്കാരനെയും സംരക്ഷിക്കാൻ ഞങ്ങൾ ഉണ്ടാവില്ല. കുറ്റക്കാർ ആരായാലും ശിക്ഷിക്കപ്പെടണം. ഇത് സംബന്ധിച്ച തീർപ്പ് കോടതി നടത്തട്ടെ. ഇത്തരം വീഴ്ചകൾ ആവർത്തിക്കില്ലായെന്ന് ഉറപ്പുവരുത്തുന്നതിനുവേണ്ടി കൂടിയാണ് സർവ്വസമ്മതനും പ്രഗത്ഭനുുമായ ഒരു ഉദ്യോഗസ്ഥനെ തന്നെ പുതിയ ദേവസ്വം ബോർഡ് ചെയർമാനായി നിയമിച്ചത്.ഇതിനിടയിൽ ശബരിമലയിലെ ഇത്തവണത്തെ മണ്ഡലകാലത്തെ ആദ്യ ദിവസങ്ങളിലെ തിരക്ക് കൃത്രിമമായി സൃഷ്ടിച്ചതാണെന്നുള്ള സംശയം ബലപ്പെടുകയാണ്. അന്യസംസ്ഥാനത്തുള്ള തീർത്ഥാടകരിൽ പലരെയും സ്പോട്ട് ബുക്കിംഗിലേക്ക് ആകർഷിക്കുന്നതിന് സന്ദേശങ്ങൾ പ്രചരിപ്പിച്ചെന്നും കേൾക്കുന്നുണ്ട്. സുവർണ്ണാവസരങ്ങൾ സൃഷ്ടിക്കുന്നതിന് എന്തും ചെയ്യാൻ മടിക്കാത്ത കൂട്ടരാണ് ആർഎസ്എസ്. ശബരിമലയിലെ പൊലീസിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് മുൻ ജയിൽ ഡിജിപി അലക്സാണ്ടർ ജേക്കബ് പറഞ്ഞത് ആദ്യ കമന്റായി കൊടുത്തിട്ടുണ്ട്.

എന്തിനെക്കുറിച്ചാണ് തെരഞ്ഞെടുപ്പിൽ വിധി എഴുതേണ്ടത്? നാട്ടിലെ സാധാരണക്കാർക്ക് ക്ഷേമ പെൻഷനുകൾ, സ്ത്രീകൾക്ക് സുരക്ഷാ സഹായം, അവർക്ക് പാർപ്പിടം, നല്ല വിദ്യാഭ്യാസം, ചികിത്സ തുടങ്ങിയ കാര്യങ്ങളിൽ യുഡിഎഫ് ഭരണത്തെയും എൽഡിഎഫ് ഭരണത്തെയും താരതമ്യപ്പെടുത്തൂ. ഏതാണ് കൂടുതൽ മികച്ചതെന്ന് വിലയിരുത്തൂ. കേരളത്തിലെ റോഡുകൾ, പാലങ്ങൾ, ഫ്ലൈ ഓവറുകൾ, സ്കൂൾ, ആശുപത്രി കെട്ടിടങ്ങൾ എങ്ങനെ കഴിഞ്ഞ പത്ത് വർഷക്കാലത്തിനിടയിൽ വിസ്മയകരമായ രീതിയിൽ വളർന്നൂവെന്ന് വിലയിരുത്തൂ. പശ്ചാത്തലസൗകര്യങ്ങളുടെ കുതിപ്പ് മാത്രമല്ല, വ്യവസായ നിക്ഷേപത്തിന്റെ കാര്യത്തിലും കേരളം ചരിത്രം തിരുത്തുകയാണ്. 1.81 ലക്ഷം കോടി രൂപയുടെ നിക്ഷേപത്തിനുള്ള അരങ്ങ് ഒരുങ്ങിയിരിക്കുകയാണ്. ചെറുകിട-ഇടത്തരം വ്യവസായങ്ങളുടെ വളർച്ചയിൽ സർവ്വകാല റെക്കോർഡാണ്. ഈ മുന്നേറ്റം തുടരേണ്ടതില്ലേ?

അതിദാരിദ്ര്യം ഇല്ലാതാക്കിയത് ലണ്ടൻ ഇക്കോണമിസ്റ്റ് മാസികയിൽ വരെ ഹെഡ്ഡ് ലൈനായി. ഇനി ഈ നിരാലംബർക്കു മുകളിലുള്ള പരമദരിദ്രരെയും ദാരിദ്ര്യത്തിൽ നിന്നും കരകയറ്റാൻ എൽഡിഎഫ് പ്രഖ്യാപിച്ചിരിക്കുകയാണ്. 20 ലക്ഷം സ്ത്രീകൾക്ക് പ്രാദേശിക ജോലികൾ ഉറപ്പ് നൽകുകയാണ്. എല്ലാവർക്കും തൊഴിൽ മാത്രമല്ല വീടും ഭക്ഷണവും കുടിവെള്ളവും സാമൂഹ്യസുരക്ഷയും ഉറപ്പുവരുത്തുന്ന ഒരു നവകേരളം സൃഷ്ടിക്കാനുള്ള പരിപാടിയാണ് എൽഡിഎഫ് മുന്നോട്ടുവയ്ക്കുന്നത്.

ഇന്നത്തെ ശാക്തീകരിച്ച തദ്ദേശഭരണ സ്ഥാപനങ്ങളെയും കുടുംബശ്രീയേയും രൂപകല്പന ചെയ്തത് എൽഡിഎഫാണ്. അവയെ മുന്നോട്ട് കൊണ്ടുപോകുന്നതിന് കൃത്യമായൊരു പരിപാടി അവതരിപ്പിച്ചുകൊണ്ടാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.

മതനിരപേക്ഷ കാഴ്ചപ്പാട് പൂർണ്ണമായും ഉയർത്തിപ്പിടിച്ചുകൊണ്ടാണ് എൽഡിഎഫ് മത്സരിക്കുന്നത്. ബിജെപിയാകട്ടെ മറയില്ലാത്ത ഹിന്ദുത്വ വർഗീയതയുടെ വക്താക്കളാണ്. മതരാഷ്ട്രവാദം മുന്നോട്ടുവയ്ക്കുന്ന ജമാഅത്തെ ഇസ്ലാമിയുമായി ചേർന്നുകൊണ്ടാണ് യുഡിഎഫ് മത്സരിക്കുന്നത്. ഇത് ആരാണ് കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യത്തെ ശക്തിപ്പെടുത്താനുതകുന്ന നിലപാട് സ്വീകരിക്കുന്നതെന്ന് വിലയിരുത്താനുള്ള സന്ദർഭംകൂടിയാണ്. ഇതിനെക്കുറിച്ചൊന്നും ഉരിയാടാനാകാത്തതുകൊണ്ട് ശബരിമലയിൽ വീണ്ടുമൊരു സുവർണ്ണാവസരം സൃഷ്ടിക്കാനാകുമോയെന്ന ഗൂഡാലോചനയിലാണ് യുഡിഎഫും ബിജെപിയും. തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ അവർ നിരാശപ്പെടേണ്ടിവരും’