27 in Thiruvananthapuram
TV Next News > News > Malayalam > ഇനി മുതല്‍ പശു അല്ല, ‘രാജ്യമാതാ-ഗോമാതാ’; നാടന്‍ പശുക്കള്‍ക്ക് പുതിയ പേരിട്ട് മഹാരാഷ്ട്ര സര്‍ക്കാര്‍

ഇനി മുതല്‍ പശു അല്ല, ‘രാജ്യമാതാ-ഗോമാതാ’; നാടന്‍ പശുക്കള്‍ക്ക് പുതിയ പേരിട്ട് മഹാരാഷ്ട്ര സര്‍ക്കാര്‍

Posted by: TV Next September 30, 2024 No Comments

മുംബൈ: നാടന്‍ പശുക്കള്‍ക്ക് പുതിയ പേരിട്ട് മഹാരാഷ്ട്ര സര്‍ക്കാര്‍. ഇനി മുതല്‍ നാടന്‍ പശുക്കള്‍ ‘രാജ്യമാതാ-ഗോമാതാ’ ആയി അറിയപ്പെടും എന്ന് സംസ്ഥാന കൃഷി, ക്ഷീരവികസന, മൃഗസംരക്ഷണ, മത്സ്യബന്ധന വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. വേദകാലഘട്ടം മുതലുള്ള പശുക്കളുടെ പ്രാധാന്യം കണക്കിലെടുത്താണ് തീരുമാനം. നാടന്‍ പശുക്കള്‍ കര്‍ഷകര്‍ക്ക് ഒരു അനുഗ്രഹമാണ് എന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു.

അതിനാലാണ് അവക്ക് രാജ്യമാതാ പദവി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് എന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ ഗോശാലകളില്‍ നാടന്‍ പശുക്കളെ വളര്‍ത്തുന്നതിന് സര്‍ക്കാര്‍ സഹായം നല്‍കും എന്നും ഫഡ്‌നാവിസ് കൂട്ടിച്ചേര്‍ത്തു. നാടന്‍ പശുക്കളെ വളര്‍ത്തുന്നതിന് പ്രതിദിനം 50 രൂപയുടെ സബ്സിഡി പദ്ധതിക്കാണ് സംസ്ഥാന മന്ത്രിസഭ അംഗീകാരം നല്‍കിയിരിക്കുന്നത്.

മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ അധ്യക്ഷത വഹിച്ച യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. കുറഞ്ഞ വരുമാനം കാരണം ഗോശാലകള്‍ സാമ്പത്തികമായി ബുദ്ധിമുട്ടുകയാണ് എന്നും അവരെ ശക്തിപ്പെടുത്താനാണ് ഈ തീരുമാനം എന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മഹാരാഷ്ട്ര ഗോസേവ കമ്മീഷന്‍ ഓണ്‍ലൈനായാണ് പദ്ധതി നടപ്പിലാക്കുക എന്നാണ് വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഓരോ ജില്ലയിലും ജില്ലാ ഗോശാല വെരിഫിക്കേഷന്‍ കമ്മിറ്റി ഉണ്ടായിരിക്കും. 2019-ല്‍ നടത്തിയ 20-ാമത് മൃഗ സെന്‍സസ് പ്രകാരം സംസ്ഥാനത്തെ നാടന്‍ പശുക്കളുടെ എണ്ണം 4,613,632 മാത്രമാണെന്ന് കണ്ടെത്തിയിരുന്നു. ഇതിന് മുന്‍പ് നടത്തിയ സെന്‍സസിനെ അപേക്ഷിച്ച് 20.69 ശതമാനം കുറവാണ് ഇത്. അതേസമയം വേദകാലഘട്ടത്തിലെ പ്രാധാന്യത്തോടൊപ്പം മറ്റ് ഘടകങ്ങളും നാടന്‍ പശുക്കളെ രാജ്യമാതവായി പരിഗണിക്കാന്‍ കാരണമായിട്ടുണ്ട്.

 


മനുഷ്യ പോഷണത്തില്‍ നാടന്‍ പശുവിന്‍ പാലിന്റെ പ്രാധാന്യം, ആയുര്‍വേദ, പഞ്ചഗവ്യ ചികിത്സ, ജൈവകൃഷിയില്‍ പശുവളത്തിന്റെ ഉപയോഗം എന്നിവയാണ് മറ്റ് ഘടകങ്ങളെന്നാണ് സംസ്ഥാന കൃഷി, ക്ഷീരവികസന, മൃഗസംരക്ഷണ, മത്സ്യബന്ധന വകുപ്പിന്റെ ഉത്തരവില്‍ പറയുന്നത്. അതേസമയം നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ഗോകര്‍ഷകരേയും ഹിന്ദുത്വവാദികളേയും അനുനയിപ്പിക്കുന്ന തീരുമാനം വന്നിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്

അതിനിെ ഈ തീരുമാനം ഇന്ത്യന്‍ സമൂഹത്തില്‍ പശുവിന്റെ ആത്മീയവും ശാസ്ത്രീയവും ചരിത്രപരവുമായ പ്രാധാന്യമാണ് വെളിവാക്കുന്നത് എന്ന് അടിവരയിടുന്നതായി ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. നൂറ്റാണ്ടുകളായി ഇന്ത്യയുടെ സാംസ്‌കാരിക ഭൂപ്രകൃതിയില്‍ പശുക്കള്‍ വഹിക്കുന്ന പങ്കാണ് ഇത് ഉയര്‍ത്തിക്കാട്ടുന്നത് എന്നും അദ്ദേഹം പറഞ്ഞു.