കാസർഗോഡ്: നീലേശ്വരം വെടിക്കെട്ടപകടത്തിൽ ചികിത്സയിൽ കഴിയുകയായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി. ചെറുവത്തൂർ സ്വദേശിയായ ഷിബിൻരാജാണ് മരണപ്പെട്ടത്. പത്തൊമ്പത് വയസുകാരനായ ഷിബിൻരാജിന് അപകടത്തിൽ സാരമായ പരിക്കേറ്റിരുന്നു. തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ഞായറാഴ്‌ച അർധരാത്രിയോടെയായിരുന്നു യുവാവിന്റെ അന്ത്യം.
അപകടത്തിൽ മരണപെട്ടവരുടെ എണ്ണം നാലായി ഉയർന്നു. നീലേശ്വരം വെടിക്കെട്ടപകടത്തിൽ പരിക്കേറ്റ രണ്ട് പേർ കൂടി ഞായറാഴ്‌ച മരണപ്പെട്ടിരുന്നു. കിനാനൂര്‍ സ്വദേശി രതീഷ്, നീലേശ്വരം സ്വദേശി ബിജു എന്നിവർക്കാണ് കഴിഞ്ഞ ദിവസം ജീവൻ നഷ്‌ടമായത്. നേരത്തെ ചോയ്യങ്കോട് സ്വദേശി സന്ദീപിനാണ് ആദ്യം അപകടത്തിൽ ജീവൻ നഷ്‌ടമായത്.
ബിജുവിനും രതീഷിനും ഗുരുതരമായി അപകടത്തിൽ പൊള്ളലേറ്റിരുന്നു. ശരീരത്തിന്റെ 60 ശതമാനത്തോളം പൊള്ളലേറ്റ നിലയിലായിരുന്നു രതീഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബിജുവിന് 50 ശതമാനവും പൊള്ളലേറ്റിരുന്നു. ഇതോടെയാണ് യുവാക്കളുടെ ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങൾ പാഴായത്. ഷിബിനും ഗുരുതമായി പൊള്ളലേറ്റിരുന്നു. വെടിക്കെട്ടപകടത്തിൽ നൂറിലധികം പേർക്കാണ് പരിക്ക് പറ്റിയത്.
നിരവധി പേർ കണ്ണൂർ, കാസർഗോഡ്,കോഴിക്കോട് ജില്ലകളിലെ സ്വകാര്യ, സർക്കാർ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നുണ്ട്. ഇവരിൽ മുപ്പതോളം പേർ ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിലാണ് കഴിയുന്നത്. ചിലർ ആശുപത്രി വിടുകയും ചെയ്‌തിട്ടുണ്ട്. നീലീശ്വരം അഞ്ഞൂറ്റമ്പലം വീരവർക്കാവിലാണ് കളിയാട്ട മഹോത്സവത്തിനിടെ പാടശേഖരത്തിന് തീപിടിച്ച് അപകടമുണ്ടായത്. ചൊവ്വാഴ്‌ച പുലർച്ചെയോടെയായിരുന്നു അപകടം നടന്നത്. പടക്കം സൂക്ഷിച്ച ഷെഡ്‌ഡിലേക്ക് തീപ്പൊരി വീഴുകയായിരുന്നു. ഇതിനോട് ചേർന്ന് തെയ്യം കാണാൻ നിന്ന നിരവധി പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്.
സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഇരുന്നൂറിൽ അധികം പേർ സംഭവ സ്ഥലത്തുണ്ടായിരുന്നു. ഇവർക്കാണ് പരിക്കേറ്റത്. അപകടത്തിന് പിന്നാലെ പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചിരുന്നു. സംഭവത്തിൽ മൂന്ന് പേരെ നേരത്തെ പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. ഇവർക്ക് ഉപാധികളോടെ ഹോസ്‌ദുർഗ് ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചെങ്കിലും പിന്നീട് മേൽക്കോടതി ഇത് റദ്ദാക്കിയിരുന്നു.
സംഭവത്തിൽ ആദ്യ മൂന്ന് പ്രതികളായ ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് ചന്ദ്രശേഖരൻ, കമ്മിറ്റി സെക്രട്ടറി ഭരതൻ, പടക്കം പൊട്ടിച്ച രാജേഷ് എന്നിവരുടെ ജാമ്യമാണ് കോടതി ഇടപെട്ട് റദ്ദാക്കിയത്. നിലവിൽ വെടിക്കെട്ടപകടത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. നേരത്തെ എഡിഎമ്മിൽ നിന്ന് കളക്‌ടർ അന്വേഷണ റിപ്പോർട്ട് തേടിയിരുന്നു.