മുംബൈ: മഹാരാഷ്ട്ര തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ‘പക്ഷപാതം’ കാണിച്ചതില്‍ രാഹുല്‍ ഗാന്ധി അതൃപ്തനെന്ന് റിപ്പോര്‍ട്ട്. വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് യോഗം ചേര്‍ന്ന ദിവസം തന്നെയാണ് രാഹുലിന്റെ അതൃപ്തി സംബന്ധിച്ച വിവരങ്ങളും ചര്‍ച്ചയായത്.
മഹാവികാസ് അഘാഡിയിലെ സീറ്റ് വിഭജനത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് മത്സരിക്കുന്ന 85 സീറ്റുകളില്‍ 48 സീറ്റുകളിലേക്കും ഇതുവരെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. സ്‌ക്രീനിംഗ് കമ്മിറ്റി കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മിറ്റിക്ക് സമര്‍പ്പിച്ച പേരുകള്‍ തിരഞ്ഞെടുത്തതില്‍ രാഹുല്‍ ഗാന്ധി നിരാശനായിരുന്നുവെന്നും വെള്ളിയാഴ്ച നടന്ന യോഗത്തില്‍ തന്റെ ആശങ്കകള്‍ അദ്ദേഹം ഉന്നയിച്ചതായുമായാണ് വിവരം.
നല്‍കിയിരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ പേരുകളുടെ പട്ടിക മഹാരാഷ്ട്രയിലെ ചില കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ‘അനുകൂലമായി’ കാണപ്പെടുന്നു എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സീറ്റ് വിഭജന കരാറിന്റെ ഭാഗമായി വിദര്‍ഭ, മുംബൈ തുടങ്ങിയ പ്രദേശങ്ങളില്‍ ശിവസേനയ്ക്ക് ചില കോണ്‍ഗ്രസ് കോട്ടകള്‍ അനുവദിച്ചതിനെയും അദ്ദേഹം ചോദ്യം ചെയ്തു. ആകെയുള്ള 288 നിയമസഭാ സീറ്റുകളില്‍ 255 എണ്ണത്തില്‍ ആണ് സഖ്യം ധാരണയിലെത്തിയിരിക്കുന്നത്.
ഇത് പ്രകാരം മഹാ വികാസ് അഘാഡിയിലെ കോണ്‍ഗ്രസ്, എന്‍സിപി (എസ്പി), ശിവസേന (യുബിടി) കക്ഷികള്‍ 85 സീറ്റുകളില്‍ വീതം മത്സരിക്കും. ശിവസേന (യുബിടി), കോണ്‍ഗ്രസ്, എന്‍സിപി (എസ്പി) എന്നിവര്‍ യഥാക്രമം 65, 48, 45 സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ബാക്കിയുള്ള 18 സീറ്റില്‍ ഇപ്പോഴും തര്‍ക്കം തുടരുകയാണ് എന്നാണ് വിവരം.
സമാജ്വാദി പാര്‍ട്ടി നേതാവും എംഎല്‍എയുമായ അബു അസിം ആസ്മി തങ്ങള്‍ക്ക് അഞ്ച് സീറ്റ് വേണം എന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. എസ്പി സ്ഥാനാര്‍ത്ഥികള്‍ക്കായി അഞ്ച് സീറ്റുകള്‍ മാറ്റിവെച്ചില്ലെങ്കില്‍ 25 സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്ന് അദ്ദേഹം ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സമാജ്വാദി പാര്‍ട്ടിയും മഹാ വികാസ് അഘാഡി സഖ്യത്തിന്റെ ഭാഗമാണ്.
ബിജെപി, ശിവസേന, എന്‍സിപി എന്നീ കക്ഷികള്‍ ഉള്‍പ്പെടുന്ന മഹായുതി സഖ്യത്തിനെതിരെ ആണ് മഹാ വികാസ് അഘാഡിയുടെ മത്സരം. 288 അംഗ മഹാരാഷ്ട്ര നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നവംബര്‍ 20 ന് ഒറ്റ ഘട്ടമായാണ് നടക്കുക. നവംബര്‍ 23 ന് ഫലം പ്രഖ്യാപിക്കും.