25 in Thiruvananthapuram
TV Next News > News > Malayalam > അധികാരത്തിലെത്തിയാല്‍ ജമ്മു കശ്മീരിന്റെ സംസ്ഥാനപദവി പുന:സ്ഥാപിക്കുമെന്ന് രാഹുല്‍ ഗാന്ധി

അധികാരത്തിലെത്തിയാല്‍ ജമ്മു കശ്മീരിന്റെ സംസ്ഥാനപദവി പുന:സ്ഥാപിക്കുമെന്ന് രാഹുല്‍ ഗാന്ധി

Posted by: TV Next September 5, 2024 No Comments

ശ്രീനഗര്‍: ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വരാനിരിക്കുന്ന ജമ്മു കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രചാരണത്തിന് തുടക്കമിട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തങ്ങള്‍ അധികാരത്തില്‍ എത്തിയാല്‍ ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കും എന്നാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

‘ബി ജെ പി ജമ്മു കശ്മീരിന് സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെടണം. അല്ലാത്തപക്ഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയെയും സിംഹാസനത്തില്‍ നിന്ന് പുറത്താക്കിയ ശേഷമുള്ള ഇന്ത്യാ സഖ്യത്തിന്റെ ആദ്യ പ്രഖ്യാപനം അതായിരിക്കും. ബി ജെ പി ആവശ്യപ്പെട്ടാലും ഇല്ലെങ്കിലും മേഖലയിലേക്ക് സംസ്ഥാന പദവി തിരിച്ചുവരുമെന്ന് ഞങ്ങള്‍ ഉറപ്പാക്കും, അദ്ദേഹം പറഞ്ഞു.

 

ഇന്ത്യാ സഖ്യത്തിന്റെ കീഴില്‍ തങ്ങള്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തും എന്നും ലോകസഭ പ്രതിപക്ഷ നേതാവ് കൂടിയായ രാഹുല്‍ ഗാന്ധി പറഞ്ഞു. ജമ്മു കശ്മീര്‍ കേന്ദ്ര ഭരണ പ്രദേശമാക്കി മാറ്റുന്നതിന് മുന്‍പ് ഒരു സംസ്ഥാനമായിരുന്നു. എന്നാല്‍ ബിജെപി രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി തരംതാഴ്ത്തി. ജനാധിപത്യം എന്ന പദം സ്വന്തം അസംബ്ലി ഉള്ള ഒരു സംസ്ഥാനത്തിന് ചേരുന്നതാണ്.


അവിടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുകയും നിയമങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്യുന്നു. അത്തരത്തിലുള്ള എല്ലാ കാര്യങ്ങളും കശ്മീരില്‍ നിന്ന് തട്ടിയെടുത്തു എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. 1947 ന് മുമ്പുള്ള ജമ്മു കശ്മീരിലെ രാജാക്കന്മാരുടെ ഭരണത്തെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. ജനാധിപത്യത്തിനും തിരഞ്ഞെടുക്കപ്പെട്ട ഒരു ഗവണ്‍മെന്റിനും വഴിയൊരുക്കുന്നതിന് മഹാരാജാവിനെ മാറ്റിനിര്‍ത്തി.

 

 

എന്നിരുന്നാലും ഇവിടെ ഒരു എല്‍-ജി (ലെഫ്റ്റനന്റ് ഗവര്‍ണര്‍) ഉണ്ട്. ‘എല്‍-ജി’ എന്നത് ഒരു തെറ്റായ പദമാണ്. അത് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ രാജാവിനെ ആണ് പ്രതിനിധീകരിക്കുന്നത്, രാഹുല്‍ ഗാന്ധി പറഞ്ഞു. തെക്കന്‍ കശ്മീരിലെ അനന്ത്‌നാഗിലെ ദൂരുവില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

 


ഇന്ത്യാ സഖ്യത്തിന്റെ ശക്തിപ്രകടനത്തില്‍ നാഷണല്‍ കോണ്‍ഫറന്‍സ് പ്രസിഡന്റ് ഫാറൂഖ് അബ്ദുള്ളയും എംപി മിയാന്‍ അല്‍ത്താഫും പങ്കെടുത്തു. 90 സീറ്റുകളുള്ള നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇരു പാര്‍ട്ടികളും സംയുക്തമായാണ് മത്സരിക്കുന്നത്. സിപിഎമ്മും ഈ സഖ്യത്തിന്റെ ഭാഗമാണ്. നേരത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഇന്ത്യാ സഖ്യത്തിന്റെ ഭാഗമായാണ് ഈ കക്ഷികള്‍ മത്സരിച്ചിരുന്നത്.