28 in Thiruvananthapuram
TV Next News > News > Kerala > ഓണം ബംപർ 25 കോടി അല്‍ത്താഫിന്: മലയാളികള്‍ക്ക് നിരാശ, ഒന്നാം സമ്മാനം ഇത്തവണയും അതിർത്തി കടന്നു

ഓണം ബംപർ 25 കോടി അല്‍ത്താഫിന്: മലയാളികള്‍ക്ക് നിരാശ, ഒന്നാം സമ്മാനം ഇത്തവണയും അതിർത്തി കടന്നു

Posted by: TV Next October 10, 2024 No Comments

കേരള ലോട്ടറി വകുപ്പിന്റെ തിരുവോണം ബംപറിന്റെ ഒന്നാം സമ്മാനമായ 25 കോടി രൂപയുടെ ഒന്നാം സമ്മാനം നേടിയ ജേതാവിനെ കണ്ടെത്തി. മലയാളികള്‍ക്ക് നിരാശ സമ്മാനിച്ചുകൊണ്ട് ഒന്നാം സമ്മാനം ഇത്തവണയും അതിർത്തി കടന്നിരിക്കുകയാണ്. കർണാടക സ്വദേശിയായ അല്‍ത്താഫിനാണ് ഒന്നാം സമ്മാനം അടിച്ചിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസാണ് ആ മാഹാഭാഗ്യശാലിയെ കണ്ടെത്തിയത്. വാർത്താ സംഘം അല്‍ത്താഫിന്റെ വീട്ടിലെത്തി ലോട്ടറി വകുപ്പിന്റെ ആപ്പ് വഴി ടിക്കറ്റിലെ ക്യുആർ കോഡ് പരിശോധിച്ച് സമ്മാനം ഉറപ്പിക്കുകയും ചെയ്തു. ഓണം ബംപർ സമ്മാന ജേതാവ് ആരാണെന്ന് അറിയാനുള്ള ആകാംക്ഷ തുടരുന്നതിന് ഇടയിലാണ് 25 കോടി പോയിരിക്കുന്നത് കർണാടകയിലേക്കാണെന്ന വാർത്ത എത്തുന്നത്.

 

തമിഴ്നാടുമായും കർണാടകയുമായും അതിർത്തി പങ്കിടുന്ന വയനാട് ജില്ലയിലേക്ക് ലോട്ടറി എടുക്കാനായി നിരവധി ഇതര സംസ്ഥാനക്കാരാണ് എത്താറുള്ളത്. അത്തരത്തിലാണ് ലോട്ടറി എടുക്കാനായി അല്‍ത്താഫും വയനാട്ടിലേക്ക് എത്തിയത്. കഴിഞ്ഞ 15 വർഷമായി കേരള ലോട്ടറി ടിക്കറ്റ് എടുക്കുന്ന വ്യക്തിയാണ് കർണാടകയില്‍ മെക്കാനിക്കായി ജോലി ചെയ്യുന്നു അല്‍ത്താഫ്. ഇത്തരമൊരു ഭാഗ്യം തേടിയെത്തിയതില്‍ വളരെ സന്തോഷമുണ്ടെന്നും അല്‍ത്താഫ് പറയുന്നു

 

മിക്കതവണയും വയനാട്ടിലെത്തിയാണ് അല്‍ത്താഫ് ലോട്ടറി എടുക്കാറുള്ളത്. ആദ്യഘട്ടത്തില്‍ തന്നെ വില്‍പ്പനയ്ക്ക് എത്തിച്ച ടിക്കറ്റിലാണ് അല്‍ത്താഫിനെ ഭാഗ്യ കടാക്ഷിച്ചതെന്ന് കഴിഞ്ഞ ദിവസം തന്നെ വ്യക്തമായിരുന്നു. സുല്‍ത്താന്‍ ബത്തേരിയിലെ എന്‍ ജി ആർ ലോട്ടറി ഏജന്‍സി ഉടമ നാഗരാജില്‍ നിന്നാണ് അല്‍ത്താഫ് 25 കോടിയുടെ സമ്മാനർഹമ്മായ ടിക്കറ്റ് വാങ്ങിയത്. ഒരു മാസം മുമ്പെ വിറ്റ ടിക്കറ്റാണെന്ന് നാഗരാജും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

തുടർച്ചയായ രണ്ടാം തവണയാണ് ഓണം ബംപർറിന്റെ ഒന്നാം സമ്മാനം അയല്‍ സംസ്ഥാനങ്ങളിലേക്ക് പോകുന്നത്. പാലക്കാട് ജില്ലയില്‍ നിന്നും ടിക്കറ്റ് എടുത്ത തമിഴ്നാട് സ്വദേശിക്കായിരുന്നു കഴിഞ്ഞ തവണ ഒന്നാം സമ്മാനം ലഭിച്ചത്. ചുരുക്കത്തില്‍ ഓണം ബംപറിന്റെ ഒന്നാം സമ്മാനം 25 കോടിയായി ഉയർത്തിയതിന് ശേഷം മൂന്നില്‍ രണ്ട് തവണയും സമ്മാനം അടിച്ചത് കർണാടക, തമിഴ്നാട് സ്വദേശികള്‍ക്കാണ്. ജേതാവിനെ കണ്ടെത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ലോട്ടറി വിറ്റ നാഗരാജുവുമായി സംസാരിച്ച് സന്തോഷം പങ്കിട്ടു. അടുത്ത ദിവസങ്ങളില്‍ തന്നെ അല്‍ത്താഫ് കടയിലേക്ക് വരുമെന്ന് അറിയിച്ചിട്ടുണ്ട്. ബംപർ അടിച്ച വിവരം അറിഞ്ഞതോടെ തന്നെ അധികം സംസാരിക്കാന്‍ കഴിയാത്ത അവസ്ഥയിലാണെന്നും അദ്ദേഹം പറയുന്നു.

 

കർണാടകയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി സ്ഥിരമായി നിരവധി ആളുകള്‍ ലോട്ടറി എടുക്കാനായി തന്റെ ഷോപ്പിലേക്ക് എത്താറുണ്ട്. അല്‍ത്താഫും ഇത്തരത്തില്‍ വരാറുണ്ടെന്ന് അറിയിച്ചെങ്കിലും മുഖം എനിക്ക് ഓർമ്മയില്ല. ഒരു പക്ഷെ പലതവണ തന്റെ കടയിലേക്ക് വന്നിട്ടുണ്ടാകും. പണിക്ക് വരുന്ന ആളുകളുടെ കൈവശം ടിക്കറ്റിനായുള്ള പണം കൊടുത്തുവിടുന്നവരുമുണ്ട്.

 

ഗുണ്ടല്‍പോട്ട, ചാമരാജ് നഗർ, മാണ്ഡ്യ തുടങ്ങിയ നിരവധി ഭാഗങ്ങളില്‍ നിന്നും നിരവധി ആളുകള്‍ ഇവിടെ വന്ന് ലോട്ടറി എടുക്കുന്നു. ചിലർ ബംപർ എടുക്കാനായിട്ട് മാത്രമാണ് വരുന്നത്. ബംപർ എടുക്കാനായി ബാംഗ്ലൂരില്‍ നിന്ന് അടക്കം ആളുകള്‍ വന്നിട്ടുണ്ട്. പത്ത് ടിക്കറ്റും അതിന് മുകളിലും എടുത്ത ആളുകളുണ്ടെന്നും നാഗരാജു പറയുന്നു.