ബെംഗളൂരു: കർണാടകയിലെ ബിജെപി എംഎൽഎ മുനിരത്ന ബലാത്സംഗ കേസിൽ അറസ്‌റ്റിൽ. എംഎൽഎക്കെതിരെ ഹണി ട്രാപ്പ് കുറ്റം ഉൾപ്പെടെ ചുമത്തിയിട്ടുണ്ടെന്നാണ് വിവരം. രാമനഗര ജില്ലയിലെ കഗ്ഗലിപുര പോലീസാണ് ഇയാൾക്കെതിരെ കേസെടുത്തത്. ബെംഗളൂരു സെൻട്രൽ ജയിലിൽ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ എംഎൽഎയെ പോലീസ് കസ്‌റ്റഡിയിൽ എടുക്കുകയായിരുന്നു.
കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് ഇടയിൽ മുനിരത്നയ്ക്ക് എതിരെ എടുക്കുന്ന മൂന്നാമത്തെ ക്രിമിനൽ കേസാണിത്. ജാതി അധിക്ഷേപത്തിനും ജീവനെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനും വയലിക്കാവൽ പോലീസ് സ്‌റ്റേഷനിൽ രജിസ്‌റ്റർ ചെയ്‌ത രണ്ട് കേസുകളിൽ ഇന്നലെയാണ് കോടതി ഇയാൾക്ക് ജാമ്യം അനുവദിച്ചത്.
ഇതിന് പിന്നാലെ സെൻട്രൽ ജയിലിൽ ഡിഎസ്‌പി ദിനകർ ഷെട്ടിയുടെ നേതൃത്വത്തിലുള്ള സംഘമാണ് എംഎൽഎയെ കസ്‌റ്റഡിയിൽ എടുത്തത്. കേസുമായി ബന്ധപ്പെട്ട് എംഎൽഎയെ ചോദ്യം ചെയ്‌തു വരികയാണ് അന്വേഷണ സംഘം. നാളെ ഇയാളെ ഹാജരാക്കുമെന്നാണ് അറിയിച്ചത്. ഗുരുതരമായ ആരോപണങ്ങളാണ് ഇയാൾക്കെതിരെ നിലവിലുള്ളത്. ബലാത്സംഗം, ഹണി ട്രാപ്പ്, ബലാത്സംഗ വീഡിയോ ചിത്രീകരിക്കൽ, വനിതാ സാമൂഹിക പ്രവർത്തകയെ ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് എംഎൽഎയ്‌ക്കെതിരെ കർണാടക പോലീസ് എഫ്ഐആറിൽ ചുമത്തിയിരിക്കുന്നത്. നേരത്തെ ഇയാളെ മറ്റൊരു കേസിൽ അറസ്‌റ്റ് ചെയ്‌ത് റിമാൻഡ് ചെയ്‌തിരുന്നെങ്കിലും ഇന്നലെ ജാമ്യം അനുവദിച്ചിരുന്നു. ബിബിഎംപി കരാറുകാരനെതിരെ വധഭീഷണി മുഴക്കൽ, ജാതി അധിക്ഷേപം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് സെപ്പ്റ്റംബർ 14ന് ഇയാളെ പോലീസ് അറസ്‌റ്റ് ചെയ്‌തത്. പിന്നീട് പ്രത്യേക കോടതി ഇന്നലെ ജാമ്യം നൽകുകയായിരുന്നു. എന്നാൽ ജയിൽ മോചിതനാവും മുൻപേ കഗ്ഗലിപുര പോലീസ് രജിസ്‌റ്റർ ചെയ്‌ത കേസിൽ മുനിര്തന അറസ്‌റ്റിലാവുകയായിരുന്നു.