കൊച്ചി; നടി ഹണി റോസിനെ അധിക്ഷേപിച്ച കേസിൽ വ്യവസായി ബോബി ചെമ്മണ്ണൂരിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. രാവിലെ തന്നെ ജാമ്യം അനുവദിക്കുമെന്ന് വാക്കാൽ കോടതി വ്യക്തമാക്കിയിരുന്നു. 3.30യ്ക്കാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. ഉപാധികളോടെയാണ് ജാമ്യം നൽകിയത്. അന്വേഷണത്തോട് പൂർണമായി സഹകരിക്കണമെന്ന് ബോബി ചെമ്മണ്ണൂരിനോട് കോടതി നിർദേശിച്ചു.
ബോബി ഷെയിമിങ് സമൂഹത്തിന് ഉൾക്കൊള്ളാൻ കഴിയില്ലെന്നും മറ്റൊരാളുടെ ശരീരത്തെ കുറിച്ച് മോശം പരാമർശം നടത്തുന്നത് ശരിയായ കാര്യമല്ലെന്നും കോടതി നിരീക്ഷിച്ചു. ബോബി ചെമ്മണ്ണൂരിന്റെ ജാമ്യാപേക്ഷ പരിഗണിക്കവെ ശക്തമായ വാദപ്രതിവാദങ്ങളാണ് ഇന്ന് കോടതിയിൽ നടന്നത്. ബോബിക്ക് ജാമ്യം നൽകരുതെന്നായിരുന്നു സർക്കാർ നിലപാട്.
‘പ്രതി നടിയെ തുടർച്ചയായി അപമാനിക്കുകയാണ് , പുറകെ നടന്ന് അശ്ലീല പരാമർശം നടത്തി. ഇത്തരം കുറ്റകൃത്യങ്ങള്‍ നിരന്തരമായി ആവര്‍ത്തിക്കുന്ന വ്യക്തിയാണെന്നും പരാതിക്കാരിയായ നടിയെ മാത്രമല്ല ബോബി അധിക്ഷേപിച്ചിട്ടുളളതെന്നും സര്‍ക്കാര്‍ പറഞ്ഞു. സ്ത്രീകളെ നിരന്തരം അവഹേളിക്കുകയും ദ്വയാർത്ഥ പ്രയോഗം നടത്തുകയും ചെയ്യുന്ന വ്യക്തിക്ക് ജാമ്യം അനുവദിക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്നും പ്രോസിക്യൂഷൻ പറഞ്ഞു. ഹണിയെ ബോബി ചെമ്മണ്ണൂർ അധിക്ഷേപിക്കുന്ന വീഡിയോയും പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചു.
അതേസമയം നടിയോട് മോശമായി പെരുമാറിയിട്ടില്ലെന്നായിരുന്നു ബോബി ചെമ്മണ്ണൂരിന്റെ വാദം. എന്തുകൊണ്ടാണ് നടി അപ്പോൾ തന്നെ പ്രതികരിക്കാതിരുന്നതെന്നും ബോബിയുടെ അഭിഭാഷകൻ ചോദിച്ചു. എന്നാൽ ഇതിനോട് രൂക്ഷമായ ഭാഷയിലാണ് കോടതി പ്രതികരിച്ചത്. വീഡിയോകളിൽ പറയുന്നത് ദ്വയാർത്ഥ പ്രയോഗമെല്ലേയും ഇദ്ദേഹം എന്താണ് കാണിക്കുന്നതെന്നും കോടതി തുറന്നടിച്ചു. പൊതുവിടത്തിൽ സംസാരിക്കുമ്പോൾ ശ്രദ്ധിക്കണ്ടേയെന്നും ബോബി ചെമ്മണ്ണൂരിനോട് കോടതി ചോദിച്ചു. എന്നാൽ ഇത്തരത്തിലുള്ള പരാമർശങ്ങൾ ഇനി ആവർത്തിക്കില്ലെന്ന് ബോബി ചെമ്മണ്ണൂർ ഉറപ്പ് നൽകാമെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു.
നേരത്തേ മജിസ്ട്രേറ്റ് കോടതിയിൽ നിന്നും ജാമ്യം ലഭിക്കാതിരുന്നതോടെയാണ് ബോബി ചെമ്മണ്ണൂർ ഹൈക്കോടതിയെ സമീപിച്ചത്. കസ്റ്റഡിയിൽ വേണമെന്ന് പോലീസ് ആവശ്യപ്പെട്ടെങ്കിലും ബോബി ചെമ്മണ്ണൂർ നടത്തിയത് കോടതിയിൽ നിന്ന് തന്നെ ജാമ്യം അനുവദിക്കാവുന്ന കുറ്റമാണെന്ന് വിലയിരുത്തിയാണ് കോടതി ജാമ്യം നൽകിയത്. അതേസമയം ഹണി റോസിനെ അധിക്ഷേപിച്ച പരാതിയിൽ രാഹുൽ ഈശ്വറിന്റെ മുന്കൂർ ജാമ്യാപേക്ഷ കോടതി 26 ന് പരിഗണിക്കും. ജാമ്യാപേക്ഷയിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ കഴിഞ്‍ ദിവസം കോടതി പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. Its game time – play now!