ന്യൂഡൽഹി: വ്യാജ ബോംബ് ഭീഷണി പരമ്പര തുടരുന്നു. ഏറ്റവും ഒടുവിൽ ചൊവ്വാഴ്‌ച ഒറ്റ ദിവസം നൂറോളം വിമാനങ്ങൾക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഒറ്റ ദിവസം ഇത്രയധികം വിമാനങ്ങളെ വ്യാജ ബോംബ് ഭീഷണി ബാധിക്കുന്ന സംഭവം വിരളമാണ്. കഴിഞ്ഞ രണ്ടാഴ്‌ച കാലയളവിനിടെ ഏകദേശം അഞ്ഞൂറിലധികം വിമാന സർവീസുകളെയാണ് വ്യാജ ബോംബ് ഭീഷണി ബാധിച്ചിരിക്കുന്നത്.
ആകെ 510 വിമാന സർവീസുകളെയാണ് ഇത് ബാധിച്ചത്. ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകൾ ഉൾപ്പെടുന്നുണ്ട്. എല്ലാ ഭീഷണികളും പിന്നീട് പരിശോധനയിൽ വ്യാജമാണെന്ന് തെളിഞ്ഞിരുന്നു. ഭൂരിഭാഗവും സമൂഹ മാധ്യമങ്ങൾ വഴിയായിരുന്നു വന്നത്.
ഏറ്റവും കൂടുതൽ വ്യാജ ബോംബ് ഭീഷണി ബാധിച്ചത് എയർ ഇന്ത്യയെയാണ്. എയർ ഇന്ത്യയുടെ ഏകദേശം 36 സർവീസുകൾക്കാണ് ഭീഷണി ഉണ്ടായിരുന്നത്. രണ്ടാം സ്ഥാനത്ത് ഇൻഡിഗോയാണ്. ലഭിച്ചത് 35 ഭീഷണികളാണ്. മൂന്നാമതുള്ള വിസ്‌താരയുടെ 32 വിമാന സർവീസുകളെയും വ്യാജ ബോംബ് ഭീഷണി ബാധിക്കുകയുണ്ടായി.
ഭീഷണി ലഭിച്ചയുടൻ ആവശ്യമായ സുരക്ഷാ സജ്ജീകരണങ്ങൾ ഒരുക്കിയെന്നും കൃത്യമായ പരിശോധനകൾ നടത്തിയെന്നും എയർ ഇന്ത്യ തന്നെ വ്യക്തമാക്കുന്നു. ഒക്ടോബർ മാസത്തിൽ ഇതുവരെ വന്ന ഭീഷണികളിൽ മുംബൈ പോലീസ് മാത്രം 14 കേസുകൾ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. ഭൂരിഭാഗം കേസുകളിലും ആരാണ് പിന്നിൽ പ്രവർത്തിച്ചതെന്ന് കണ്ടെത്താൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.
വിമാനങ്ങൾക്ക് വ്യാജ ബോംബ് ഭീഷണി സ്ഥിരമായതിന് പിന്നാലെ വ്യോമയാന മന്ത്രാലയം ഇതിനെതിരെ പുതിയൊരു നിയമ നിർമ്മാണത്തിന് ഒരുങ്ങുകയാണെന്നാണ് ലഭ്യമായ വിവരം. ഇത്തരം വ്യാജ സന്ദേശങ്ങൾ അയക്കുന്ന വ്യക്തികളെ പിന്നീട് ഒരിക്കലും വിമാന യാത്രക്ക് അനുവദിക്കാതിരിക്കൽ മുതലുള്ള ശിക്ഷ നടപടികൾ പരിഗണനയിലുണ്ടെന്നാണ് വ്യോമയാന മന്ത്രി തന്നെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.
കഴിഞ്ഞ ദിവസങ്ങളിൽ വരെ വന്ന വ്യാജ ബോംബ് ഭീഷണികളിലൂടെ രാജ്യത്തെ പ്രമുഖ വിമാന കമ്പനികൾക്ക് ഏതാണ്ട് ആയിരം കോടിയിലധികം രൂപയുടെ നഷ്‌ടമുണ്ടായി എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 1200 കോടിക്കും 1400 കോടിക്കും ഇടയിൽ നഷ്‌ടം ഉണ്ടായെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒരു വിമാനം വൈകുകയോ റദ്ദാക്കുകയോ ചെയ്യുമ്പോൾ അത് മറ്റ് സർവീസുകളെയും സാരമായി ബാധിക്കുന്നുണ്ട്. ഇതിലൂടെ വലിയ രീതിയിലുള്ള പ്രശ്‌നങ്ങളാണ് സൃഷ്‌ടിക്കപ്പെടുന്നത്.