തലയിലെ താരൻ തീർക്കുന്ന തലവേദന ചെറുതല്ല. മുടി കൊഴിച്ചിൽ, തല ചൊറിച്ചിൽ, തലയിലെ അസ്വസ്ഥത ഇതെല്ലാം പ്രശ്നം തന്നെ. പോരാത്തതിന് ആത്മവിശ്വാസക്കുറവും താരൻ കളയാൻ വിപണിയിലെ ഉത്പന്നങ്ങൾ പരീക്ഷിച്ചാൽ ചിലപ്പോൾ ഫലം നെഗറ്റീവായിരിക്കും. അതിനാൽ ഉത്തമം വീട്ടിൽ തന്നെ ലഭ്യമായ ചേരുവകൾ ഉപയോഗിക്കുന്നതാണ്. അത്തരത്തിൽ ഉപയോഗിക്കാൻ പറ്റുന്ന ചില ചേരുവകൾ അറിയാം
*തലയോട്ടിയിലെ പിഎച്ച് നില സന്തുലിതമാക്കാൻ നാരങ്ങാ നീരിന്റെ ഉപയോഗം സഹായിക്കും. ഒരു ടേബിൾ സ്പൂൺ ചെറുനാരങ്ങയിൽ കാൽ ഗ്ലാസ് വെള്ളം ചേർത്താണ് തലയോട്ടിയിൽ പുരട്ടേണ്ടത്. ഷാംപൂ ഉപയോഗിക്കുന്നതിന് മുൻപ് തലയിൽ തേച്ച് വെയ്ക്കാം. ഏകദേശം ഒരു മണിക്കൂറോളം തേച്ച് പിടിപ്പിച്ച് കഴുകിക്കളയാം. ചെറുനാരങ്ങയിലെ സിട്രിക് ആസിഡും മൈക്രോബയൽ ഘടകങ്ങളും താരനുണ്ടാക്കുന്ന ഫംഗസുകളെ തുരത്തും. ചെറുനാരങ്ങ തേച്ചതിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം
*ചർമ്മത്തിനും മുഖത്തും ഒരുപോലെ ഉപയോഗിക്കാൻ സാധിക്കുന്നതാണ് കാപ്പിപ്പൊടി. തലയോട്ടി ശുചിയാക്കി നിർത്താൻ ഇവ സഹായിക്കും. അതുവഴി ബാക്ടീരിയകളേയും ഫംഗസുകളേയും തുരത്തും. കാപ്പി ഫ്രീറാഡിക്കലുകൾക്കെതിരെ പൊരുതുകയും മുടി പൊട്ടുന്നത് തടയുകയും ചെയ്യും. ആദ്യം അൽപം വെളിച്ചെണ്ണ ചൂടാക്കി അതിലേക്ക് അൽപം കാപ്പിപ്പൊടി ചേർത്ത് നന്നായി യോജിപ്പിച്ചെടുത്ത് തലയിൽ തേക്കാം. കുറഞ്ഞത് 30 മിനിറ്റ് വരെ തേച്ച് പിടിപ്പിച്ച് കഴുകിക്കളയാം. അതിന് ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം.
*ആന്റി ബാക്ടീരയൽ, ആന്റി ഓക്സിഡന്റ്, ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളാൽ സമ്പുഷ്ടമാണ് വെളുത്തുള്ളി. ഇവയിൽ വിറ്റാമിൻ സി, എ, സെലനിയം, അമിനോ ആസിഡ് , മംഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം മുടിയുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. ആഴ്ചയിൽ രണ്ട് ദിവസം വെളുത്തുള്ളി ഉപയോഗിക്കാം.
*താരനെ തുരത്താൻ മികച്ചതാണ് എസിവി അഥവ ആപ്പിൾ സിഡാർ വിനേഗർ. ഇവ തലയോട്ടിയിലെ പിഎച്ച് നില സന്തുലിതമാക്കാൻ സഹായിക്കും. അതുവഴി താരനെ തുരത്തും. രണ്ട് ടേബിൾ സ്പൂൺ ആപ്പിൾ സിഡാർ വിനേഗർ തലയോട്ടിയിൽ നന്നായി തേച്ച് പിടിപ്പിച്ച് കഴുകിക്കളയാം. ആഴ്ചയിൽ രണ്ട് ദിവസം ഇങ്ങനെ ചെയ്യാം.