30 in Thiruvananthapuram
TV Next News > News > Kerala > പാർട്ടി പ്രവർത്തകരെ അപമാനിച്ചു’; സുരേഷ് ഗോപിക്കെതിരെ മോദിക്ക് പരാതി നൽകി ബിജെപി പ്രവർത്തകൻ

പാർട്ടി പ്രവർത്തകരെ അപമാനിച്ചു’; സുരേഷ് ഗോപിക്കെതിരെ മോദിക്ക് പരാതി നൽകി ബിജെപി പ്രവർത്തകൻ

2 weeks ago
TV Next
30

കോട്ടയം: കേന്ദ്രമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപിക്കെതിരെ പാർട്ടിക്കുള്ളിൽ നിന്ന് തന്നെ പരാതി. സുരേഷ് ഗോപിക്കെതിരെ ബിജെപി പ്രവർത്തകൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണ് പരാതി നൽകിയത്. നിവേദനം നൽകാൻ എത്തിയ ബിജെപി പ്രവർത്തകരെ അധിക്ഷേപിച്ചു എന്നതുൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് ബിജെപി ചങ്ങനാശ്ശേരി മണ്ഡലം ജനറൽ സെക്രട്ടറി പ്രധാനമന്ത്രിക്ക് പരാതി അയച്ചിരിക്കുന്നത്.

ചങ്ങനാശ്ശേരി മണ്ഡലം ജനറൽ സെക്രട്ടറിയായ കണ്ണൻ പായിപ്പാട് ആണ് പരാതിക്കാരൻ. ഇന്നലെ കോട്ടയം ചങ്ങനാശ്ശേരിയിൽ നടന്ന പൊതുപരിപാടിക്കിടെ ഉണ്ടായ സംഭവ വികാസങ്ങളാണ് പരാതിയുടെ അടിസ്ഥാനം. പരിപാടി നടക്കുന്ന ഇടത്തേക്ക് ഒരു മണിക്കൂർ മുൻപേ എത്തിയെങ്കിലും സുരേഷ് ഗോപി വേദിയിൽ ഇരിക്കാൻ കൂട്ടാക്കിയില്ലെന്നും ആരോപണമുണ്ട്.

നിവേദനം നൽകാൻ എത്തിയവരെ ഞാൻ നിങ്ങളുടെ എംപി അല്ലെന്ന് പറഞ്ഞുകൊണ്ട് സുരേഷ് ഗോപി അധിക്ഷേപിച്ചു എന്നാണ് കണ്ണൻ പായിപ്പാട് തന്റെ പരാതിയിൽ ആരോപിക്കുന്നത്. തൃശൂർ എംപി മാത്രമല്ല കേന്ദ്രമന്ത്രി സ്ഥാനം വഹിക്കുന്ന വ്യക്തി കൂടിയാണ് സുരേഷ് ഗോപി. മന്ത്രിയുടെ പെരുമാറ്റം പ്രവർത്തകർക്ക് ഇടയിൽ മാനക്കേട് ഉണ്ടാക്കിയെന്നും പരാതിക്കാരൻ പറയുന്നുണ്ട്.

എന്നാൽ ജില്ലാ നേതൃത്വത്തെയോ സംസ്ഥാന നേതൃത്വത്തെയോ അറിയിക്കാതെ നേരിട്ട് പ്രധാനമന്ത്രിക്ക് പരാതി നൽകുകയായിരുന്നു കണ്ണൻ പായിപ്പാട് എന്നാണ് ലഭ്യമായ വിവരം. സുരേഷ് ഗോപിക്ക് എതിരായ പരാതിയെ കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ലെന്നാണ് ബിജെപി ജില്ലാ നേതൃത്വം പറയുന്നത്.നേരത്തെ തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് തൃശൂരിൽ നിന്നും സമാനമായ പരാതികൾ ഉയർന്നിരുന്നു. കൂടാതെ സുരേഷ് ഗോപി ബിജെപി അണികളോട് കയർക്കുന്ന വീഡിയോ ദൃശ്യവും പുറത്തുവന്നിരുന്നു. പരിപാടി നടക്കുന്ന സ്ഥലത്ത് ആവശ്യത്തിന് പ്രവർത്തകർ എത്താതിനെ ചൊല്ലിയായിരുന്നു അന്ന് സുരേഷ് ഗോപി പ്രകോപിതനായത്.

 

ഇതും വലിയ വിമർശനങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. കൂടാതെ ബിജെപി കേന്ദ്രങ്ങളിൽ നിന്ന് തന്നെ അദ്ദേഹത്തിനെതിരെ വിയോജിപ്പ് ഉയരുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് കോട്ടയത്തെ സംഭവവികാസം. നിലവിൽ കേന്ദ്ര പെട്രോളിയം സഹമന്ത്രി കൂടിയാണ് നടൻ. അതുകൊണ്ട് കൂടിയാണ് പരാതി നരേന്ദ്ര മോദിയിലേക്ക് എത്തുന്നത്.


നേരത്തെയും സമാനമായ വിവാദങ്ങളിൽ താരം ഉൾപ്പെട്ടിരുന്നു. തൃശൂരിൽ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം മന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ ഇന്ദിരാഗാന്ധിയെ പുകഴ്ത്തിയ സുരേഷ് ഗോപിയുടെ പ്രസ്‌താവന പാർട്ടിക്കുള്ളിൽ നിന്ന് വലിയ വിമർശനം നേരിടാൻ ഇടയാക്കിയിരുന്നു. പിന്നീട് അദ്ദേഹം ഇതിൽ വിശദീകരണം നൽകിയാണ് തടിയൂരിയത്.

Leave a Reply