25 in Thiruvananthapuram
TV Next News > News > Malayalam > ഫിഫ ഇങ്ങനൊരു കരാറൊപ്പിട്ടത് ? സൗദിക്ക് വന്‍ തിരിച്ചടി ;

ഫിഫ ഇങ്ങനൊരു കരാറൊപ്പിട്ടത് ? സൗദിക്ക് വന്‍ തിരിച്ചടി ;

Posted by: TV Next October 25, 2024 No Comments

2034 ലോകകപ്പ് സ്വപ്‌നം കാണുന്ന സൗദി അറേബ്യയ്ക്ക് വന്‍ തിരിച്ചടി. സൗദി അറേബ്യന്‍ സ്റ്റേറ്റ് ഓയില്‍ ഭീമനായ അരാംകോയുമായുള്ള ഫിഫയുടെ സ്‌പോണ്‍സര്‍ഷിപ്പ് കരാറില്‍ പ്രതിഷേധവുമായി വനിതാ താരങ്ങള്‍ രംഗത്തെത്തി. മുന്‍ യുഎസ് ദേശീയ ടീം ക്യാപ്റ്റന്‍ ബെക്കി സോവര്‍ബ്രണ്ണും നെതര്‍ലന്‍ഡ്‌സ് ഫോര്‍വേഡ് വിവിയാനെ മിഡെമയും ഉള്‍പ്പടെ നൂറിലധികം വനിതാ ഫുട്‌ബോള്‍ താരങ്ങളാണ് ഫിഫയ്ക്ക് തുറന്ന കത്ത് സമര്‍പ്പിച്ചിരിക്കുന്നത്.


2027-ല്‍ ബ്രസീലില്‍ നടക്കുന്ന വനിതാ ലോകകപ്പിലെ സ്പോണ്‍സര്‍ഷിപ്പ് സൗദി അരാംകോയെ ആണ് ഫിഫ ഏല്‍പ്പിച്ചിരിക്കുന്നത്. ഈ കരാറിനെ സെല്‍ഫ് ഗോളിനേക്കാള്‍ മോശം എന്നാണ് കത്തില്‍ വനിതാ താരങ്ങള്‍ വിശേഷിപ്പിച്ചിരിക്കുന്നത്. സ്ത്രീകളുടെയും ലൈംഗിക ന്യൂനപക്ഷങ്ങളുടേയും അവകാശങ്ങളെ കുറിച്ചുള്ള സൗദി അറേബ്യയുടെ നിലപാട് ചൂണ്ടിക്കാട്ടിയാണ് വനിതാ താരങ്ങളുടെ കത്ത്.

 

കാലാവസ്ഥ വ്യതിയാനത്തില്‍ അരാംകോയുടെ എണ്ണ, വാതക ഉല്‍പാദനം ചെലുത്തുന്ന സ്വാധീനവും കത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. സൗദി അറേബ്യയില്‍ തടവിലാക്കപ്പെട്ട സ്ത്രീകളെ കുറിച്ച് ബെക്കി സോവര്‍ബ്രണ്‍ ആശങ്ക പ്രകടിപ്പിച്ചു. ആ സ്ത്രീകളുടെ സുരക്ഷ, സ്ത്രീകളുടെ അവകാശങ്ങള്‍, എല്‍ജിബിടിക്യൂ + അവകാശങ്ങള്‍, ഭൂമിയുടെ നിലനില്‍പ്പ് എന്നിവയ്ക്ക് കൂടുതല്‍ പണം സമ്പാദിക്കുന്നതിനേക്കാള്‍ മുന്‍ഗണന ഫിഫ നല്‍കേണ്ടതുണ്ട് എന്നും സോവര്‍ബ്രണ്‍ കൂട്ടിച്ചേര്‍ത്തു

ലിംഗസമത്വം, മനുഷ്യാവകാശങ്ങള്‍, ലോകത്തിന്റെ സുരക്ഷിതമായ ഭാവി എന്നിവയുമായി യോജിക്കുന്ന മൂല്യങ്ങളുള്ള ബദല്‍ സ്‌പോണ്‍സര്‍മാരെ അരാംകോയ്ക്ക് പകരം കണ്ടെത്തണം എന്നും കത്തില്‍ ആവശ്യപ്പെടുന്നു. ഈ സ്‌പോണ്‍സര്‍ഷിപ്പ് മനുഷ്യാവകാശങ്ങളോടും ഭൂമിയോടും ഉള്ള ഫിഫയുടെ സ്വന്തം പ്രതിബദ്ധതകള്‍ക്ക് വിരുദ്ധമാണ് എന്നാണ് വിവിയാനെ മിഡെമ പറയുന്നത്.

അടുത്ത കാലത്തായി സൗദി അറേബ്യയോട് വളരെ അടുത്ത ബന്ധമാണ് ഫിഫ പുലര്‍ത്തുന്നത്. ഇക്കഴിഞ്ഞ ഏപ്രിലില്‍ ആണ് അരാംകോയുമായുള്ള ഫിഫയുടെ കരാര്‍ പ്രഖ്യാപിച്ചത്.. ഡിസംബറില്‍ നടക്കുന്ന 2034 പുരുഷ ലോകകപ്പിന് സൗദി അറേബ്യ ആതിഥേയത്വം വഹിക്കാനുള്ള ഒരുക്കത്തിലാണ്. ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കാനുള്ള കരാര്‍ സമര്‍പ്പിച്ച ഏകരാജ്യം സൗദിയാണ്.

ഇത് സംബന്ധിച്ച ഫിഫയുടെ ഔദ്യോഗിക പ്രഖ്യാപനം ഈ ഡിസംബറില്‍ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. അതിനിടെയാണ് വനിതാ താരങ്ങള്‍ ഒന്നടങ്കം സൗദിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. എന്നാല്‍ അരാംകോയുമായും മറ്റ് നിരവധി വാണിജ്യ പങ്കാളികളുമായും ഉള്ള പങ്കാളിത്തത്തെ ഫിഫ വളരെ ഏറെ വിലമതിക്കുന്നുണ്ട്. വനിതാ താരങ്ങളുടെ കത്തിന് എന്ത് പ്രതികരണമാണ് ഫിഫ നല്‍കുക എന്ന ആകാംക്ഷയിലാണ് ഫുട്‌ബോള്‍ ലോകം.