പാലക്കാട്; ഇന്നലെ നടന്ന ഡി എം കെ കൺവൻഷനിൽ വെച്ചായിരുന്നു അൻവറിന്റെ പ്രഖ്യാപനം. ഡി എം കെ സ്ഥാനാർത്ഥിയായ മിൻഹാജിൻ്റെ സ്ഥാനാർഥിത്വം പിൻവലിക്കുകയാണെന്നും ഒരു ഉപാധിയുമില്ലാതെ പാലക്കാട്ടെ യു ഡി എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിന് പിന്തുണയ്ക്കുകയാണെന്നുമായിരുന്നു അൻവറിന്റെ വാക്കുകൾ. പാർട്ടി നടത്തിയ സർവ്വേയുടെ കൂടി അടിസ്ഥാനത്തിലാണ് നടപടിയെന്നും അൻവർ വ്യക്തമാക്കി. സർവേയിൽ ഡി എം കെ സ്ഥാനാർത്ഥിയുടെ സാന്നിധ്യം കൂടുതൽ ഗുണം ചെയ്യുക ബി ജെ പിയ്ക്കാണെന്നാണ് കണ്ടെത്തൽ എന്നാണ് അൻവർ അറിയിച്ചത്.
പാലക്കാട് മണ്ഡലത്തിൽ ഇന്ന് യു ഡി എഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലും എൽ ഡി എഫ് സ്ഥാനാർത്ഥി പി സരിനും നാമനിർദേശ പത്രിക നൽകും. രാവിലെ 11 മണിയോടെ പ്രവർത്തകർക്കൊപ്പം പ്രകടനമായി എത്തിയാണ് സരിൻ പത്രിക സമർപ്പിക്കുക. ഉച്ചക്ക് 12 നാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ പത്രിക സമർപ്പണം. എൻഡിഎ സ്ഥാനാർത്ഥിയായ സി കൃഷ്ണകുമാർ ബുധനാഴ്ച പത്രിക സമർപ്പിച്ചു. യു ഡി എഫ്-എൽ ഡി എഫ് സ്ഥാനാർത്ഥികൾ കൂടി പത്രിക സമർപ്പിക്കുന്നതോടെ മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പ്രചരണം കൂടുതൽ ചൂടുപിടിക്കും.
അൻവറിന്റെ പിന്തുണയ്ക്ക് രാഹുൽ മാങ്കൂട്ടത്തിൽ നന്ദി അറിയിച്ചു. വർഗീയ ശക്തികൾക്കെതിരെ പോരാടാൻ എല്ലാവരുടേയും പിന്തുണ ആവശ്യമാണെന്ന് രാഹുൽ പറഞ്ഞു. അൻവർ സ്ഥാനാർത്ഥിയെ പിൻവലിച്ചത് കോൺഗ്രസിന് ആശ്വാസമാണ്. വിമത നേതാവായ എകെ ഷാനിബിനെ കൂടി അനുനയിപ്പിച്ചാൽ ന്യൂനപക്ഷ വോട്ടുകളിൽ ആശങ്ക വേണ്ടെന്ന് നേതൃത്വം കരുതുന്നുണ്ട്. എന്നാൽ മത്സരിക്കുമെന്ന ഉറച്ച നിലപാടിൽ നിൽക്കുകയാണ് ഷാനിബ്. അദ്ദേഹം ഇതുവരെ നാമനിർദേശ പത്രിക നൽകിയിട്ടില്ല. 29 നാണ് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി. ഇതിനുള്ളിൽ ഷാനിബിനെ അനുനയിപ്പിക്കാനുള്ള തീവ്രശ്രമങ്ങൾ പാർട്ടി നടത്തിയേക്കും.
പാലക്കാട് പി സരിൻ ഒന്നാമത് എത്തുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പ്രതികരിച്ചു. സരിനെ ഇടത് സ്വതന്ത്രനായി മത്സരിപ്പിച്ചത് പാർട്ടിയുടെ അടവ് നയമാണെന്നും പാർട്ടിയെ മുൻപ് വിമർശിച്ചവരെ സി പി എം ഒപ്പം കൂട്ടിയിട്ടുണ്ടെന്നും എം വി ഗോവിന്ദൻ പറഞ്ഞു.