ദുബായ്: ടി20 വനിതകളുടെ ലോകകപ്പില്‍ക്കിരീടത്തിനു വേണ്ടിയുള്ള ന്യൂസിലാന്‍ഡിന്റെ കാത്തിരിപ്പിനു വിരാമം. ലോക ക്രിക്കറ്റിലെ സൗത്താഫ്രിക്കയെ മുട്ടുകുത്തിച്ചാണ് വനിതാ ക്രിക്കറ്റിലെ പുതിയ റാണിമാരായി കിവികള്‍ മാറിയിരിക്കുന്നത്. ഫൈനലില്‍ സൗത്താഫ്രിക്കയെ 32 റണ്‍സിനു വീഴ്ത്തിയാണ് ന്യൂസിലാന്‍ഡിന്റെ ചരിത്രവിജയം.
ടി20 വനിതാലോകകപ്പില്‍ മുമ്പ് രണ്ടു തവണ കിവികള്‍ ഫൈനല്‍ കളിച്ചുവെങ്കിലും രണ്ടിലും തോല്‍വിയായിരുന്നു ഫലം. 2009ലെ കന്നി എഡിഷനില്‍ ഓസ്‌ട്രേലിയയോടു ആറു വിക്കറ്റിനു കീഴടങ്ങിയ കിവികള്‍ 2010ലെ അടുത്ത ഫൈനലില്‍ ഓസീസിനോടു തന്നെ മൂന്നു റണ്‍സിനും തോല്‍ക്കുകയായിരുന്നു. അതിനു ശേഷമുള്ള ഫൈനലാണ് ന്യൂസിലാന്‍ഡ് ഇത്തവണ കളിച്ചത്. മൂന്നാം തവണ ഭാഗ്യം അവര്‍ക്കൊപ്പം നില്‍ക്കുകയും ചെയ്തു.
159 റണ്‍സിന്റെ വിജയലക്ഷ്യമാണ് സൗത്താഫ്രിക്കയ്ക്കു കിവികള്‍ നല്‍കിയത്. മറുപടിയില്‍ സൗത്താഫ്രിക്ക പൊരുതി നോക്കിയെങ്കിലും കൃത്യമായ ഇടവളകളില്‍ വിക്കറ്റുകള്‍ പിഴുത് കളിയില്‍ ന്യൂസിലാന്‍ഡ് പിടിമുറുക്കുകയായിരുന്നു. ഒമ്പതു വിക്കറ്റിനു 126 റണ്‍സെടുത്ത് ആദ്യ ലോക കിരീടമെന്ന സ്വപ്‌നം അവര്‍ കൈവിടുകയായിരുന്നു.
ഓപ്പണിങ് വിക്കറ്റില്‍ ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ഡ്- ടസ്മിന്‍ ബ്രിറ്റ്‌സ് ജോടി 51 റണ്‍സിന്റെ മികച്ച കൂട്ടുകെട്ടുണ്ടാക്കിയിരുന്നു. 41 ബോളുകളില്‍ നിന്നായിരുന്നു. എന്നാല്‍ ഏഴാം ഓവറില്‍ ബ്രിട്‌സിന്റെ പുറത്താവല്‍ കളിയിലെ ടേണിങ് പോയിന്റായി മാറി. പിന്നീട് സൗത്താഫ്രിക്കയ്ക്കു തുരുതുരാ വിക്കറ്റുകള്‍ നഷ്ടമായിക്കൊണ്ടിരുന്നു. ഒന്നിന് 51ല്‍ നിന്നും അവര്‍ ഏഴിനു 96 റണ്‍സിലേക്കു കൂപ്പുകുത്തുകയും ചെയ്തു. പിന്നീട് സൗത്താഫ്രിക്കയെ കളിയിലേക്കു തിരികെ വരാന്‍ കിവികള്‍ അനുവദിച്ചതുമില്ല. 33 റണ്‍സെടുത്ത ലോറയാണ് സൗത്താഫ്രിക്കയുടെ ടോപ്‌സ്‌കോറര്‍. 27 ബോളുകള്‍ നേരിട്ട ക്യാപ്റ്റന്റെ ഇന്നിങ്‌സില്‍ അഞ്ചു ഫോറുകളുണ്ടായിരുന്നു. മധ്യനിരയില്‍ ക്ലോ ടൈറോണ്‍ 14ഉം അനേറി ഡെര്‍ക്‌സണ്‍ 10ഉം റണ്‍സ് സ്‌കോര്‍ ചെയ്തു. മൂന്നു വിക്കറ്റുകള്‍ വീതമെടുത്ത റോസ്‌മേരി മെയറും അമേലിയ കെറും ചേര്‍ന്നാണ് സൗത്താഫ്രിക്കയെ എറിഞ്ഞിട്ടത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ന്യൂസിലാന്‍ഡ് അഞ്ചു വിക്കറ്റുകള്‍ നഷ്ടത്തിലാണ് 158 റണ്‍സെന്ന മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തിയത്. അവരുടെ ബാറ്റിങ് ലൈനപ്പില്‍ ആര്‍ക്കും തന്നെ ഫിഫ്റ്റികളില്ല. എന്നാല്‍ മൂന്നു താരങ്ങളുടെ 30 പ്ലസ് സ്‌കോറുകള്‍ കിവികളെ വിന്നിങ് ടോട്ടലില്‍ എത്തിക്കുകയായിരുന്നു. 43 റണ്‍സെടുത്ത സൂപ്പര്‍ താരം അമേലിയ കെറാണ് ടീമിന്റെ ടോപ്‌സ്‌കോറര്‍. മധ്യനിരയില്‍ ബ്രൂക്ക് ഹാലിഡേ (38), ഓപ്പണര്‍ സൂസി ബേറ്റ്‌സ് (32) എന്നിവരും ടീം ടോട്ടലിലേക്കു നിര്‍ണായക സംഭാവനകള്‍ നല്‍കി. 38 ബോളില്‍ നാലു ഫോറുള്‍പ്പെട്ടതാണ് കെറിന്റെ ഇന്നിങ്‌സ്. ഹാലിഡേ 28 ബോളില്‍ മൂന്നു ഫോറുകളടിച്ചപ്പോള്‍ ബേറ്റ്‌സ് 31 ബോളില്‍ മൂന്നു ഫോറുകളും പായിച്ചു.