ജറുസലേം: ഇസ്രായേല്‍ ആക്രമണത്തില്‍ ഹമാസ് തലവന്‍ യഹിയ സിന്‍വാറിന് തലയില്‍ വെടിയേറ്റതായി റിപ്പോര്‍ട്ട്. യഹിയ സിന്‍വാറിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്ത ചീഫ് പാത്തോളജിസ്റ്റ് സിഎന്‍എന്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. യഹിയയ്ക്ക് ടാങ്ക് ഷെല്ലില്‍ നിന്ന് ഉള്‍പ്പെടെ മറ്റ് പരിക്കുകള്‍ പറ്റിയിട്ടുണ്ടെന്നും എന്നാല്‍ തലയിലേറ്റ വെടിയുണ്ടയാണ് അദ്ദേഹത്തിന്റെ മരണത്തിന് കാരണമായത് എന്നും അദ്ദേഹം സിഎന്‍എന്നിനോട് പറഞ്ഞു.
ഗ്രൗണ്ട് റെയ്ഡ് നടത്തുന്നതിന് മുമ്പ് ഇസ്രായേല്‍ സൈന്യം ഒളിത്താവളത്തിന് നേരെ ഒരു ടാങ്ക് വെടിവച്ചിരുന്നു. ഇസ്രായേല്‍ ഗ്രൗണ്ട് ഫോഴ്സിന്റെ (ഐഡിഎഫ്) 828 ബ്രിഗേഡ് റാഫയിലെ ടെല്‍ അല്‍-സുല്‍ത്താന്‍ പ്രദേശത്ത് പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. ഇവര്‍ ഇവിടെ നടത്തിയ പരിശോധനയിലാണ് യഹിയയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം യഹിയയുടേത് തന്നെയാണ് എന്ന് ഉറപ്പിക്കാന്‍ ഇസ്രായേല്‍ സൈന്യം മൃതദേഹത്തില്‍ നിന്ന് വിരലുകള്‍ മുറിച്ചെടുത്തു.
തടവുകാരുമായുള്ള കൈമാറ്റ ഇടപാടില്‍ 2011-ല്‍ മോചിതനാകുന്നതുവരെ രണ്ട് പതിറ്റാണ്ടോളം സിന്‍വാര്‍ ഇസ്രായേല്‍ ജയിലില്‍ കിടന്നിരുന്നു. ഈ സമയത്ത് ശേഖരിച്ച ഡിഎന്‍എ സാംപിളുമായി ഒത്തുനോക്കിയാണ് മൃതദേഹം സിന്‍വാറിന്റേത് തന്നെയാണ് എന്ന് മനസിലാക്കിയത്. സൈന്യം ആദ്യം പല്ല് കൊണ്ട് തന്നെ തിരിച്ചറിയാന്‍ ശ്രമിച്ചെങ്കിലും അത് വേണ്ടത്ര സ്ഥിരീകരണം തന്നില്ല എന്നും ചീഫ് പാത്തോളജിസ്റ്റ് വ്യക്തമാക്കി.
തെക്കന്‍ ഗാസയില്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിലാണ് യഹിയ സിന്‍വാര്‍ കൊല്ലപ്പെട്ടത്. പലസ്തീന്‍ ഗ്രൂപ്പായ ഹമാസിന്റെ പൊളിറ്റ് ബ്യൂറോ തലവനായിരുന്നു സിന്‍വാര്‍. അതേസമയം യഹിയയുടെ കൊലപാതകത്തിന് തക്ക മറുപടി നല്‍കുമെന്ന് ഹമാസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. യുദ്ധം അടുത്ത ഘട്ടത്തിലേക്ക് കടക്കാന്‍ പോകുകയാണ് എന്നാണ് ഹമാസ് പുറപ്പെടുവിച്ച പ്രസ്താവനയില്‍ വ്യക്തമാക്കിയിരിക്കുന്നത്.
പുതിയ തലവന്‍ ആരായിരിക്കണം എന്ന കാര്യത്തില്‍ ചര്‍ച്ചയിലാണ്. യഹിയയുടെ സഹോദരന്‍ മുഹമ്മദ് സിന്‍വാറിനാണ് കൂടുതല്‍ സാധ്യത .. ആക്രമണത്തില്‍ കൊല്ലപ്പെടുന്ന നേതാക്കള്‍ക്ക് അതിവേഗം പകരക്കാരെ കണ്ടെത്തുന്ന ചരിത്രമാണ് ഹമാസിനുള്ളത്. അതിനാല്‍ തന്നെ പുതിയ തലവനെ ഉന്നതാധികാര ബോഡിയായ ഷൂറ കൗണ്‍സില്‍ വേഗത്തില്‍ തിരഞ്ഞെടുത്തേക്കും എന്നാണ് റിപ്പോര്‍ട്ട്.
ഹമാസിന് നേരത്തെ സൈനിക വിഭാഗവും രാഷ്ട്രീയ വിഭാഗവും രണ്ടായിരുന്നു. എന്നാല്‍ മുന്‍ തലവന്‍ ഹനിയയുടെ മരണത്തെത്തുടര്‍ന്ന് പൊളിറ്റ് ബ്യൂറോ മേധാവിയായി സിന്‍വാര്‍ ചുമതലയേറ്റതോടെ രണ്ടും വിഭാഗവും സംയോജിപ്പിക്കുകയായിരുന്നു. 2023 ഒക്ടോബര്‍ 7-ന് ഇസ്രായേലില്‍ ഹമാസ് നടത്തിയ ആക്രമണത്തിന്റെ സൂത്രധാരനായിരുന്നു യഹിയ സിന്‍വാര്‍. 1200 ലധികം പേരുടെ മരണത്തിനിടയാക്കിയ ഈ ആക്രമണത്തില്‍ ഇസ്രായേല്‍ തിരിച്ചടിച്ചതോടെ ഗാസയില്‍ 40000 ത്തില്‍ അധികം പേര്‍ കൊല്ലപ്പെട്ടിരുന്നു. മിഡില്‍ ഈസ്റ്റില്‍ ഒരു വര്‍ഷത്തിലേറെ നീണ്ട സംഘര്‍ഷത്തിനും കാരണമായത് ഇതാണ്. അടുത്തിടെ ലെബനന്‍ ആസ്ഥാനമായുള്ള ഇറാന്‍ പിന്തുണയുള്ള ഹിസ്ബുള്ള ഗ്രൂപ്പിനെതിരേയും ഇസ്രായേല്‍ ആക്രമണം നടത്തിയിരുന്നു. ഇതും യുദ്ധം പുതിയ വഴിത്തിരിവിലേക്ക് മാറാന്‍ കാരണമായി. യഹിയയുടെ കൊലപാതകത്തോടെ ഗാസയില്‍ ഹമാസ് ബന്ദികളാക്കിയവരുടെ ജീവനും അപകടത്തിലായിരിക്കുകയാണ്.
സിന്‍വാറിന്റെ മരണശേഷം ഗാസയില്‍ കുടുങ്ങിക്കിടക്കുന്ന ബന്ദികളെ തിരികെ ലഭിക്കുമെന്നാണ് ഇസ്രായേലും അമേരിക്കയും പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഗാസയില്‍ നിന്ന് ഇസ്രായേല്‍ സൈന്യം പിന്‍വാങ്ങുകയും യുദ്ധം അവസാനിക്കുകയും ചെയ്യുന്നത് വരെ ബന്ദികളെ തിരിച്ചയക്കില്ലെന്ന് സിന്‍വാറിന്റെ ഡെപ്യൂട്ടി ഖലീല്‍ അല്‍-ഹയ്യ വ്യക്തമാക്കിയിട്ടുണ്ട്.