ന്യൂഡല്‍ഹി: ഹരിയാനയിലെ തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കില്ലെന്ന് കോണ്‍ഗ്രസ്. തീര്‍ത്തും ഞെട്ടിക്കുന്നതും അപ്രതീക്ഷിതവുമാണ് ഈ ഫലമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. ബിജെപിയുടെ അപ്രതീക്ഷിത വിജയത്തെ പാര്‍ട്ടി തള്ളി. നേരത്തെ തിരഞ്ഞെടുപ്പ കമ്മീഷന് കോണ്‍ഗ്രസ് കത്തയിച്ചിരുന്നു. ഫലം അപ്‌ഡേറ്റ് ചെയ്യുന്നത് വളരെ പതിയെയാണെന്നായിരുന്നു കോണ്‍ഗ്രസിന്റെ പരാതി.
വോട്ടെണ്ണലിന്റെ തുടക്കത്തില്‍ കോണ്‍ഗ്രസ് വലിയ വിജയത്തിലേക്ക് നീങ്ങുകയാണ് എന്നായിരുന്നു ട്രെന്‍ഡുകള്‍. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ജയറാം രമേശും പവന്‍ ഖേരയും ഇവിഎമ്മുകളെയാണ് കുറ്റപ്പെടുത്തിയത്. ഒരിക്കലും തോല്‍ക്കില്ലെന്ന് ഉറപ്പുള്ള സ്ഥലത്ത് പോലും കോണ്‍ഗ്രസ് പരാജയപ്പെട്ടുവെന്ന് ഇരുവരും ആരോപിച്ചു.
ഹരിയാനില്‍ നിന്ന് നിരവധി പരാതികളാണ് ഞങ്ങള്‍ക്ക് ലഭിച്ചത്. ഇവിഎമ്മുകള്‍ എവിടെയെല്ലാം ഉപയോഗിച്ചോ അവിടെയെല്ലാം ഞങ്ങള്‍ പരാജയപ്പെട്ടുവെന്നാണ് അറിയാന്‍ കഴിഞ്ഞത്. എന്നാല്‍ മറ്റ് ഇടങ്ങളില്‍ കോണ്‍ഗ്രസിന് വിജയം നേടാനായി. തിരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെടുകയാണ് ഉണ്ടായത്. ഇന്ന് ഉച്ചയ്ക്ക് ശേഷം നിരന്തരം തിരഞ്ഞെടുപ്പ് കമ്മീഷനോട് ഞങ്ങള്‍ പരാതിപ്പെട്ടിരുന്നുവെന്ന് ജയറാം രമേശ് പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷന് ഞങ്ങള്‍ പരാതി നല്‍കും. ഞങ്ങളുടെ സ്ഥാനാര്‍ഥികളില്‍ പലരും ഗുരുതരമായ ചോദ്യങ്ങളാണ് ഉന്നയിക്കുന്നത്. ഹരിയാനയിലെ ജനവിധിയല്ല ഇത്. അവരുടെ ആഗ്രഹങ്ങള്‍ക്കെതിരെയുള്ളതാണിത്. അങ്ങനെ ഒരു സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് ഫലത്തെ അംഗീകരിക്കാനാവില്ലെന്നും ജയറാം രമേശ് വ്യക്തമാക്കി.
അതേസമയം ജാട്ട് മേഖലയില്‍ അടക്കം ബിജെപിയാണ് മുന്നേറ്റം നടത്തിയത്. 48 സീറ്റിലാണ് പാര്‍ട്ടി വിജയിച്ചത്. കോണ്‍ഗ്രസ് 37 സീറ്റില്‍ ഒതുങ്ങി. കഴിഞ്ഞ തവണത്തെ പോലെ പ്രതീക്ഷ നല്‍കിയ ശേഷമാണ് കോണ്‍ഗ്രസ് പിന്നിലേക്ക് പോയത്. നേരത്തെ ഹരിയാന മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ ഹൂഡ തിരഞ്ഞെടുപ്പ് കമ്മീഷനെ വിമര്‍ശിച്ചിരുന്നു.
കൃത്യമായ തിരഞ്ഞെുപ്പ് ഫലം ഇസി പ്രസിദ്ധീകരിക്കുന്നില്ല. പല മണ്ഡലങ്ങളും കോണ്‍ഗ്രസ് വിജയിച്ച് നില്‍ക്കുന്നവയാണെന്നും ഹൂഡ പറഞ്ഞിരുന്നു. ഞങ്ങള്‍ക്ക് ഭൂരിപക്ഷം ലഭിക്കും. തെറ്റായ പ്രചാരണമാണ് ഇപ്പോള്‍ നടക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന് ഞങ്ങള്‍ ജയിച്ച സീറ്റുകളും വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്നില്ല. ആദംപൂരിലും ജാജ്ജറിലും റോത്തകിലുമെല്ലാം കോണ്‍ഗ്രസാണ് വിജയിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പത്ത് സീറ്റുകളില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നുണ്ട്. എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടെണ്ണുന്നത് നിര്‍ത്തി. ഈ മണ്ഡലങ്ങളിലെ വോട്ടുകള്‍ അവര്‍ അപ്‌ഡേറ്റ് ചെയ്യുന്നില്ലെന്നും ഭൂപീന്ദര്‍ ഹൂഡ ആരോപിച്ചു. നേരത്തെ വിവരങ്ങള്‍ കൃത്യമായി പ്രസിദ്ധീകരിക്കാത്തതില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കോണ്‍ഗ്രസ് പരാതി നല്‍കിയിരുന്നു.
യഥാര്‍ത്ഥ പോളിംഗ് ഫലത്തേക്കാളും വളരെ പിന്നിലാണ് ഇസിയുടെ വെബ്‌സൈറ്റിലെ ഫലങ്ങള്‍. ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഹരിയാനയില്‍ ഈ ട്രെന്‍ഡ് കണ്ടിരുന്നു. ബിജെപി സമ്മര്‍ദം ചെലുത്തുന്നുണ്ടോ എന്ന് സംശയമുണ്ട്. പഴയ ഡാറ്റകള്‍ നല്‍കിയ എല്ലാവരെയും തെറ്റിദ്ധരിപ്പിക്കാനാണ് അവരുടെ ശ്രമമെന്നും ജയറാം രമേശ് എക്‌സില്‍ കുറിച്ചു. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. കൃത്യമായി വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്നുണ്ടെന്നും ഇസി അറിയിച്ചു.