ഹരിയാന നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ അപ്രതീക്ഷിതമായ തിരിച്ച് വരവാണ് ബി ജെ പി നടത്തിയിരിക്കുന്നത്. ആകെ 90 സീറ്റുകളുള്ള ഹരിയാനയില്‍ കോണ്‍ഗ്രസ് ഒരു ഘട്ടത്തില്‍ തങ്ങളുടെ വോട്ട് നില 70 ന് മുകളിലേക്ക് ഉയർത്തിയെങ്കിലും പിന്നീട് ബി ജെ പി അതിശക്തമായി തിരിച്ച് വരികയായിരുന്നു. അതേസമയം നിലവില്‍ ബി ജെ പി മുന്നേറുകയാണെങ്കിലും കോണ്‍ഗ്രസ് തിരിച്ച് വരുമെന്നാണ് പാർട്ടിനേതാവുംമുന്‍മുഖ്യമന്ത്രിയുമായമുന്‍മുഖ്യമന്ത്രിയുമായ ഭൂപീന്ദർ സിങ് ഹൂഡ വ്യക്തമാക്കുന്നത്.
ഹരിയാനയില്‍ കോണ്‍ഗ്രസ് തന്നെ അധികാരത്തില്‍ വരുമെന്നും ജനങ്ങളില്‍ വിശ്വാസമുണ്ടെന്നുമാണ് ഭൂപീന്ദർ സിങ് ഹൂഡ അവകാശപ്പെട്ടത്. വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടയില്‍ വീട്ടില്‍ നിന്നും പുറത്ത് വന്ന ഭൂപീന്ദർ സിങ് ഹൂഡ പ്രത്യേകമായി തയ്യാറാക്കിയ വേദിയില്‍ വെച്ച് മാധ്യമങ്ങളോട് പ്രതികരിക്കുന്നതിനിടയിലാണ് സർക്കാർ രൂപീകരിക്കുന്ന കാര്യത്തില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചത്.
ഗാർഹി സാംപ്ല-കിലോയ് മണ്ഡലത്തില്‍ നിന്നാണ് മുഖ്യമന്ത്രിയാകുമെന്ന് പ്രതീക്ഷിച്ച ഭൂപീന്ദർ സിങ് ഹൂഡ മത്സരിക്കുന്നത്. സംസ്ഥാനത്ത് പാർട്ടി തിരിച്ചടി നേരിടുമ്പോഴും ഗാർഹി സാംപ്ല-കിലോയില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ഭൂപീന്ദർ സിങ് ഹൂഡയ്ക്ക് സാധിക്കുന്നുണ്ട്. ആകേയുള്ള 21 റൗണ്ടുകളില്‍ അഞ്ച് റൗണ്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ ഹൂഡയ്ക്ക് 25691 വോട്ടുകളുടെ ലീഡ് നേടാന്‍ സാധിച്ചു
മഞ്ജു എന്ന യുവ വനിത നേതാവിനെയായിരുന്നു ഹൂഡയ്ക്കെതിരെ ബി ജെ പി സ്ഥാനാർത്ഥിയായി നിർത്തിയിരിക്കുന്നത്. കോണ്‍ഗ്രസിന് ഇതുവരെയായി 35860 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ബി ജെ പി സ്ഥാനാർത്ഥിക്ക് നേടാന്‍ സാധിച്ചത് 10169 വോട്ടുകള്‍ മാത്രമാണ്. ഐ എന്‍ എല്‍ ഡി, ആം ആദ്മി പാർട്ടി, ജെ ജെ പി പാർട്ടികളും മത്സര രംഗത്തുണ്ടെങ്കിലും ഇവർക്കെല്ലാം ചുരുക്കം വോട്ടുകള്‍ മാത്രമാണ് നേടാന്‍ സാധിച്ചത്. ഐ എന്‍ എല്‍ ഡി – 316, ആം ആദ്മി പാർട്ടി – 234, ജെ ജെ പി 167 എന്നിങ്ങനെയാണ് ഇവർക്ക് ലഭിച്ച വോട്ടുകള്‍.
അതേസമയം, സംസ്ഥാനത്ത് ആകേയുള്ള 90 സീറ്റുകളില്‍ 47 ഇടത്താണ് ബി ജെ പി ഇപ്പോള്‍ ലീഡ് ചെയ്യുന്നത്. കേവല ഭൂരിപക്ഷത്തിന് 46 സീറ്റുകളാണ് ഹരിയാനയില്‍ വേണ്ടത്. അങ്ങനെ നോക്കുമ്പോള്‍ ബി ജെ പിക്ക് നിലവില്‍ തനിച്ച് തന്നെ കേവല ഭൂരിപക്ഷ സംഖ്യ മറികടക്കാന്‍ സാധിച്ചു. കോണ്‍ഗ്രസിന് 36 സീറ്റുകളിലാണ് നിലവില്‍ ലീഡുള്ളത്. ഐ എന്‍ എല്‍ ഡി, ബി എസ് പി എന്നിവർ ഓരോ സീറ്റിലും സ്വതന്ത്രർ 4 സീറ്റിലും മുന്നിട്ട് നില്‍ക്കുന്നു.