28 in Thiruvananthapuram
TV Next News > News > Kerala > Local > പിണറായി നരേന്ദ്ര മോദിയാവാൻ ശ്രമിക്കുന്നുവെന്ന് സതീശൻ; ചോദ്യങ്ങളിൽ നിന്ന് ഒളിച്ചോടുന്നുവെന്ന് കുഞ്ഞാലിക്കുട്ടി

പിണറായി നരേന്ദ്ര മോദിയാവാൻ ശ്രമിക്കുന്നുവെന്ന് സതീശൻ; ചോദ്യങ്ങളിൽ നിന്ന് ഒളിച്ചോടുന്നുവെന്ന് കുഞ്ഞാലിക്കുട്ടി

Posted by: TV Next October 7, 2024 No Comments

തിരുവനന്തപുരം: നിയമസഭയിലെ നാടകീയ രംഗങ്ങൾക്ക് പിന്നാലെ സർക്കാരിനും സ്‌പീക്കർക്കും എതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്. മുഖ്യമന്ത്രി പിണറായി വിജയൻ നരേന്ദ്ര മോദിയാവാൻ ശ്രമിക്കുകയാണെന്നും സ്‌പീക്കർ പ്രതിപക്ഷ നേതാവ് എന്ന നിലയിൽ തന്നോട് അനാദരവ് കാട്ടിയെന്നും വിഡി സതീശൻ ആരോപിച്ചു.

 

സ്‌പീക്കറുടെ ഭാഗത്ത് നിന്നും സർക്കാരിന്റെ ഭാഗത്ത് നിന്നും ഇന്ന് ജനാധിപത്യപരമല്ലാത്ത സമീപമാണ് ഉണ്ടായത്. 49 പ്രധാനപ്പെട്ട ചോദ്യങ്ങളാണ് രാജ്യ-സംസ്ഥാന താൽപര്യങ്ങളെ മുൻനിർത്തി ഞങ്ങൾ നക്ഷത്രചിഹ്നമിട്ട് ഞങ്ങൾ കൊടുത്തപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസും സ്‌പീക്കറുടെ ഓഫീസും ഗൂഢാലോചന നടത്തി അവ നക്ഷത്ര ചിഹ്നമായില്ലാത്തവയാക്കി.’ വിഡി സതീശൻ പറഞ്ഞു.

സ്‌പീക്കറുടെ പേഴ്‌സണൽ സ്‌റ്റാഫിൽ പെട്ട ഒരാളാണ് ലെജിസ്ളേറ്റീവ് സെക്രട്ടറിയേറ്റിൽ ചെന്ന് ഈ നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങൾ അങ്ങനെ അല്ലാതാക്കിയത്. നിയമസഭയിൽ ഞങ്ങൾക്ക് ചോദിക്കാനുള്ള അവകാശങ്ങളാണ് ഒരുകാലത്തും ഇല്ലാത്ത നിലയിൽ പച്ചയായി നിഷേധിക്കപ്പെട്ടത്. അതുമായി ബന്ധപ്പെട്ടാണ് സഭയിൽ ബഹളമുണ്ടായത്.’ പ്രതിപക്ഷ നേതാവ് ആരോപിച്ചു.

‘ആ ബഹളം ഉണ്ടായപ്പോൾ സ്‌പീക്കർ പ്രതിപക്ഷ നേതാവ് എന്ന നിലയിൽ അനാദരവോടെ സംസാരിച്ചു. അതിന് ഞാൻ തിരിച്ചു പറഞ്ഞു. ഒരു സ്‌പീക്കറും ആ കസേരയിൽ ഇരുന്ന് കൊണ്ട് അങ്ങനെ സംസാരിച്ചിട്ടില്ല. ആ പറഞ്ഞതിൽ എന്താണ് തെറ്റ്? ഏതെങ്കിലും സ്‌പീക്കർ ഇങ്ങനെ സംസാരിക്കുന്നത് കണ്ടിട്ടുണ്ടോ?’ സതീശൻ ചോദിച്ചു

ഭരണകക്ഷിയുമായി കൂട്ടുചേർന്ന് ഈ ചോദ്യോത്തരങ്ങൾ മാറ്റിയത് സ്‌പീക്കറാണ്, അതിലുള്ള കുറ്റബോധം കൊണ്ടാണ് സ്‌പീക്കർ ഇങ്ങനെ ചെയ്യുന്നത്. അപക്വമായിട്ടായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റം. ആദ്യമായിട്ടാണ് ഒരു സ്‌പീക്കർ ഇങ്ങനെ പറയുന്നത്. അത് സഭാരേഖകളിൽ നിന്ന് നീക്കം ചെയ്‌തു. മുഖ്യമന്ത്രിയും സഭ്യേതരമായ പരാമർശങ്ങൾ ഞങ്ങൾക്ക് എതിരെ നടത്തി.’ അദ്ദേഹം പറഞ്ഞു.

അത് സഭാ നടപടികളിൽ നിന്ന് നീക്കം ചെയ്യുന്നില്ല. ഞാനും മുഖ്യമന്ത്രിയും തമ്മിൽ ഇക്കാര്യത്തിൽ നടത്തിയ സംവാദം, അതിൽ ഞാൻ നടത്തിയ പരാമർശങ്ങൾ മുഴുവൻ സഭാ ടിവിയിൽ നിന്ന് നീക്കം ചെയ്‌തു. മുഖ്യമന്ത്രിയും പാർലമെന്ററികാര്യ മന്ത്രിയും സ്‌പീക്കറും പറഞ്ഞത് മാത്രം സഭാ ടിവിയിൽ നിൽക്കുന്നു, പിന്നെ എന്തിനാണ് ഇങ്ങനെയൊരു സഭാ ടിവി?’ വിഡി സതീശൻ വീണ്ടും ചോദിച്ചു.

‘എത്ര ഏകാധിപത്യപരമായിട്ടാണ് അവർ പ്രവർത്തിക്കുന്നത്. പിണറായി വിജയൻ നരേന്ദ്ര മോദിയാകാൻ ശ്രമിക്കുകയാണ്. അദ്ദേഹം വളരെ മോശമായ പരാമർശം എന്നെ കുറിച്ച് നടത്തിയപ്പോൾ ഞാൻ പറഞ്ഞു, ഞാൻ ഒരു വിശ്വാസിയായിട്ടുള്ള ആളാണ്. എന്റെ പ്രാർത്ഥനയിൽ എല്ലാ ദിവസവും പറയുന്നൊരു കാര്യം ഈ പിണറായി വിജയനെപ്പോലെ അഴിമതിക്കാരൻ ആവരുതെന്നും ആ നിലവാരത്തിലേക്ക് താഴരുതെന്നുമാണ്.’ പ്രതിപക്ഷ നേതാവ് പറഞ്ഞ.

 

 

ഈ വിഷയങ്ങൾ ഇനിയും ഉയർത്തും. മലപ്പുറം മുഴുവൻ സ്വർണക്കള്ളക്കടത്ത് നടത്തുന്ന സ്ഥലമാണ്, ഹവാല പണം ഇറങ്ങുന്ന സ്ഥലമാണ്, ആ പണം മുഴുവൻ രാജ്യദ്രോഹ പ്രവർത്തനത്തിന് ഉപയോഗിക്കുന്നു എന്ന് ഈ മുഖ്യമന്ത്രി ഗൂഢാലോചന നടത്തി പിആർ ഏജൻസികളെ കൊണ്ട് ഇവിടെ പറയിപ്പിക്കാതെ ഡൽഹിയിലെ ദേശീയ മാധ്യമങ്ങളിൽ മുഴുവൻ പ്രചരിപ്പിച്ചു.’ അദ്ദേഹം ആരോപിക്കുന്നു.

 

 

മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയും വിഷയത്തിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ചു. ‘കഴിഞ്ഞ ഒരു മാസമായി കേരളം ചർച്ച ചെയ്‌തു കൊണ്ടിരിക്കുന്ന വിഷയങ്ങൾ പ്രതിപക്ഷം വളരെ വ്യക്തമായി നിയമസഭയിൽ ഉന്നയിക്കുന്ന ആദ്യത്തെ അവസരം ചോദ്യങ്ങളാണ്, ഒരിക്കലും അടിയന്തര പ്രമേയമല്ല. അതിന്റെ പ്രാധാന്യം കുറയ്ക്കാനാണ് നക്ഷത്ര ചിഹ്നമല്ലാത്ത ചോദ്യങ്ങളാക്കി ഇവയെ മാറ്റിയത്’ കുഞ്ഞാലിക്കുട്ടി ആരോപിച്ചു.

 

‘ചോദ്യങ്ങളിൽ നിന്ന് ഒളിച്ചോടാനാണ് സർക്കാർ ശ്രമിച്ചത്. അതിനെയാണ് ഞങ്ങൾ ചോദ്യം ചെയ്‌തത്‌. ഇപ്പൊ നടക്കുന്ന വിഷയങ്ങളൊക്കെ, മലപ്പുറം എന്ന വാക്ക് പോലും ഒരു മോശം രീതിയിൽ ഉന്നയിക്കുകയാണ്. കേരളത്തെ കുറിച്ച് ദേശീയ തലത്തിൽ ബിജെപി പറയുമ്പോൾ, മലപ്പുറത്തെ ഇവരും അങ്ങനെ തന്നെ ഉന്നയിക്കുകയാണ്’ അദ്ദേഹം പറയുന്നു.

അങ്ങനെയുള്ള ഒരു പ്രചാരണത്തെ ചോദ്യം ചെയ്‌തുള്ള ചോദ്യങ്ങളാണ് സഭാ തലത്തിൽ നിന്നും മാറ്റിയത്. സ്വാഭാവികമായി ഇത് സ്‌പീക്കറോടാണ് ചോദിക്കുന്നത്. സ്‌പീക്കർ സ്വന്തം ഇഷ്‌ടത്തിന് മാറ്റുന്നതല്ല. സർക്കാരാണ് ഈ ചോദ്യങ്ങളിൽ നിന്ന് ഒളിച്ചോടിയത്. സഭയുടെ നടുത്തളത്തിൽ ഇറങ്ങുക എന്നത് ഒരു അസാധാരണ സംഭവമല്ല’ അദ്ദേഹം ചൂണ്ടിക്കാട്ടി.