ന്യൂഡല്‍ഹി: ഇലക്ട്രല്‍ ബോണ്ട് തട്ടിപ്പില്‍ കേസെടുത്തതിനെ തുടര്‍ന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ രാജിവെക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. ധാര്‍മികത ഉയര്‍ത്തിപിടിച്ച് രാജിവെക്കാന്‍ ധനമന്ത്രി തയ്യാറാവണമെന്നും രമേശ് ആവശ്യപ്പെട്ടു. റദ്ദാക്കിയ ഇലക്ട്രല്‍ ബോണ്ടുകള്‍ വഴി പണം തട്ടിയതിന് ബെംഗളൂരു കോടതിയാണ് നിര്‍മല സീതാരാമനെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ചത്.
ഇഡി അധികൃതര്‍, ദേശീയ-സംസ്ഥാന തലത്തിലെ ബിജെപിയുടെ ഓഫീസ് ജീവനക്കാര്‍ എന്നിവര്‍ക്കെതിരെയും കേസെടുക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. എഫ്‌ഐആറില്‍ ബിജെപിയുടെ കര്‍ണാടക അധ്യക്ഷന്‍ ബിവൈ വിജയേന്ദ്ര, നളിന്‍ കുമാര്‍ കട്ടീല്‍ എന്നിവരുടെ പേരുകളുമുണ്ട്.
കേന്ദ്ര സര്‍ക്കാര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെയും ആദായ നികുതി വകുപ്പിനെയും ദുരുപയോഗം ചെയ്തുവെന്ന് ജയറാം രമേശ് ആരോപിച്ചു. ആളുകളെ നിര്‍ബന്ധിപ്പിച്ച് ഇലക്ട്രല്‍ ബോണ്ടുകള്‍ വാങ്ങിപ്പിക്കുകയായിരുന്നു. ഇഡിയും ഐടി വിഭാഗവും ആളുകള്‍ക്കെതിരെ തെറ്റായ രീതിയില്‍ ഉപയോഗിച്ചു. അതുകൊണ്ട് അവര്‍ ഇലക്ട്രല്‍ ബോണ്ടുകള്‍ വാങ്ങി. അതിന് ശേഷം ഇഡിയുടെയും ആദായനികുതി വകുപ്പിന്റെയും കേസും അന്വേഷണം അവസാനിപ്പിച്ചുവെന്നും കോണ്‍ഗ്രസ് നേതാവ് എഎന്‍ഐയോട് പറഞ്ഞു.
ബിജെപി കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് ആറായിരം കോടി രൂപയാണ് സംഭാവനകളിലൂടെ സ്വരൂപിച്ചതെന്നും ജയറാം രമേശ് ആരോപിച്ചു. ബിജെപിയുടെ ആരോപണം മറ്റ് പാര്‍ട്ടികള്‍ക്കും പണം ലഭിച്ചുവെന്നാണ്. എല്ലാവര്‍ക്കും ഇലക്ട്രല്‍ ബോണ്ടിലൂടെ പണം ലഭിച്ചുവെന്നത് സത്യമാണ്. എന്നാല്‍ എല്ലാവരുടെ ഇഡി, ആദായനികുതി വകുപ്പ്, സിബിഐ എന്നിവരെ നിയന്ത്രിക്കുന്നില്ലെന്നും ജയറാം രമേശ് പറഞ്ഞു.
നേരത്ത കര്‍ണാടക മന്ത്രി പ്രിയങ്ക ഖാര്‍ഗെ നിര്‍മല രാജിവെക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. വലിയ നഷ്ടമുണ്ടാക്കിയ കമ്പനികള്‍ പലതും, ബിജെപിക്ക് ഇലക്ട്രല്‍ ബോണ്ടിലൂടെ സംഭാവന നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ കേസെടുക്കാന്‍ മതിയായ കാരണങ്ങള്‍ ഉള്ളത് കൊണ്ടാണ് കോടതി അതിന് ഉത്തരവിട്ടതെന്നും പ്രിയങ്ക് ആരോപിച്ചിരുന്നു.
കഴിഞ്ഞ ദിവസവും ജയറാം രമേശും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവായ അഭിഷേക് മനു സിംഗ്‌വിയും ഇലക്ട്രല്‍ ബോണ്ടില്‍ പൂര്‍ണമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ ഇലക്ട്രല്‍ ബോണ്ട് സ്‌കീം മൊത്തത്തില്‍ പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കണമെന്നും ഇരുവരും അഭിപ്രായപ്പെട്ടിരുന്നു.
നാല് തരത്തിലാണ് പണം തട്ടിയെടുത്തത്. ഇതിനായി വ്യാജ കമ്പനികളെ വരെ ഉപയോഗപ്പെടുത്തി. ധനമന്ത്രി എല്ലാ അര്‍ത്ഥത്തിലും ആ സ്ഥാനത്തിരിക്കാന്‍ യോഗ്യയല്ല. ഉടനെ രാജിവെക്കണമെന്നും ജയറാം രമേശ് പറഞ്ഞു. ധനമന്ത്രിക്ക് ഇത് ഒറ്റയ്ക്ക് ചെയ്യാനാവില്ല. മുകളില്‍ നിന്ന് ഉത്തരവ് വന്നിട്ടുണ്ടാവും. ഒരാള്‍ മാത്രമാണ് മുകളില്‍ ഉള്ളതെന്നും സിംഗ്‌വി പറഞ്ഞു.