തൃശൂര്‍: തൃശൂര്‍ പൂരം വിവാദം സംബന്ധിച്ച് എഡിജിപി എംആര്‍ അജിത് കുമാര്‍, ഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ട് തള്ളി സിപിഐ നേതാവ് വിഎസ് സുനില്‍ കുമാര്‍. തൃശൂര്‍ പൂരം അലങ്കോലപ്പെട്ടതിന് പിന്നില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ കഴിയില്ല എന്ന് അദ്ദേഹം പറഞ്ഞു. പൂരം കലക്കിയതിന് പിന്നില്‍ രാഷ്ട്രീയ ഇടപെടലും മുന്‍കൂട്ടിയുള്ള ആസൂത്രണവും നടന്നിട്ടുണ്ടെന്നും സുനില്‍ കുമാര്‍ ആരോപിച്ചു.
റിപ്പോര്‍ട്ടില്‍ എന്ത് പറഞ്ഞാലും തൃശ്ശൂര്‍ പൂരം അലങ്കോലപ്പെട്ടതിന് പിന്നില്‍ വ്യക്തമായ ഗൂഢാലോചനയും ഇടപെടലുകളും ഉണ്ടായിട്ടുണ്ട്. അതില്‍ എനിക്ക് സംശയമില്ല. റിപ്പോര്‍ട്ട് കാണാതെ പ്രതികരിക്കുന്നത് ശരിയല്ല എന്നതിനാലാണ് പ്രതികരിക്കാതിരുന്നത്. റിപ്പോര്‍ട്ട് പൂര്‍ണ്ണമായും പഠിച്ചശേഷം വിശദമായി പ്രതികരിക്കും. 1200 പേജുള്ള റിപ്പോര്‍ട്ട് പഠിച്ച ശേഷം പ്രതികരിക്കാം,’ അദ്ദേഹം പറഞ്ഞു.
സന്തോഷത്തിനും സമാധാനത്തിനും ആഘോഷത്തിനുമാണ് പൂരത്തിന് വരുന്നത് എന്നും അവിടെ നമ്മള്‍ രാഷ്ട്രീയകുപ്പായം അണിയാറില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കരുതെന്ന ആത്മാര്‍ത്ഥതയില്‍ ആണ് ഇക്കാര്യങ്ങള്‍ പറയുന്നത് എന്നും സുനില്‍ കുമാര്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ ആവശ്യമില്ലാതെ പഴി കേള്‍ക്കേണ്ടിവന്നയാളാണ് താന്‍ എന്നും അദ്ദേഹം പ്രതികരിച്ചു.
ഒരു കമ്മീഷണര്‍ മാത്രം വിചാരിച്ചാല്‍ പൂരം കലക്കാന്‍ ആവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിഎസ് സുനില്‍ കുമാറായിരുന്നു തൃശൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. അതേസമയം എഡിജിപി അജിത് കുമാറിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് അംഗീകരിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവും തൃശൂര്‍ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥിയുമായിരുന്ന കെ മുരളീധരനും പറഞ്ഞ
ജുഡീഷ്യല്‍ അന്വേഷണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് എന്നും വിശ്വാസ്യതയില്ലാത്തതാണ് അജിത് കുമാറിന്റെ റിപ്പോര്‍ട്ട് എന്നും അദ്ദേഹം പറഞ്ഞു. പൂരം വിവാദത്തില്‍ മൂന്ന് പ്രധാനപ്പെട്ട കക്ഷികളും ഉന്നതതല അന്വേഷണം വേണമെന്ന് ആവശ്യപ്പെടുമ്പോഴും മുഖ്യമന്ത്രി എന്തിനാണ് വാശിപിടിക്കുന്നതെന്നും മുരളീധരന്‍ ചോദിച്ചു. പൂരം കലങ്ങിയതാണ് തൃശൂരിലെ രാഷ്ട്രീയ ചിത്രം മാറ്റിയത് എന്നും അദ്ദേഹം വ്യക്തമാക്കി.
പൂരം അട്ടിമറിക്കാന്‍ ബോധപൂര്‍വമായ അട്ടിമറിയോ ഗൂഢാലോചനയോ നടന്നിട്ടില്ല എന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടാണ് എഡിജിപി അജിത് കുമാര്‍, ഡിജിപിക്ക് സമര്‍പ്പിച്ചിരിക്കുന്നത്. പ്രശ്‌നങ്ങളുണ്ടായപ്പോള്‍ ഏകോപന കുറവുണ്ടായി എന്നും അതിന് സിറ്റി പൊലീസ് കമ്മീഷണര്‍ അങ്കിത് അശോകിന് വീഴ്ച പറ്റിയെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഒരാഴ്ച കൊണ്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ച റിപ്പോര്‍ട്ടാണ് എഡിജിപി അഞ്ച് മാസത്തിന് ശേഷം സമര്‍പ്പിച്ചത്.