31 in Thiruvananthapuram
TV Next News > News > Kerala > പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത; നാട്ടിലേക്കുള്ള ടിക്കറ്റ് നിരക്ക് കുറയുന്നു, 1000 ദിര്‍ഹത്തിലും താഴെ.

പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത; നാട്ടിലേക്കുള്ള ടിക്കറ്റ് നിരക്ക് കുറയുന്നു, 1000 ദിര്‍ഹത്തിലും താഴെ.

Posted by: TV Next September 12, 2024 No Comments

ദുബായ്: ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കും തിരിച്ചുമുള്ള വിമാന നിരക്ക് കുറയാന്‍ കളമൊരുങ്ങുന്നു. യുഎഇയിലെ വേനല്‍ക്കാല അവധി കഴിയുന്നതോടെ വിമാന യാത്രികരുടെ പീക്ക് ടൈം അവസാനിക്കാനിരിക്കുകയാണ്. ഇതാണ് നിരക്ക് കുറയുന്നതിന് കാരണമാകുന്നത്. ജിസിസി രാജ്യങ്ങളിലെ വിമാന റൂട്ടുകളില്‍ ഏറ്റവും തിരക്കേറിയ റൂട്ടാണ് യുഎഇ-ഇന്ത്യ റൂട്ട്. ഇവിടെ ഏകദേശം 1,000 ദിര്‍ഹമോ അതില്‍ താഴെയോ ആയി ടിക്കറ്റ് നിരക്ക് കുറയും.

ഇന്ത്യയിലേക്കും തിരിച്ചുമുള്ള യാത്ര ആസൂത്രണം ചെയ്തവരെ സംബന്ധിച്ച് വലിയ ആശ്വാസകരമാണ് ഇത്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ യുഎഇയില്‍ നിന്ന് ഇന്ത്യയുടെ വടക്ക്, പടിഞ്ഞാറന്‍ നഗരങ്ങളിലേക്കുള്ള വിമാനങ്ങളില്‍ ഒരാള്‍ക്ക് 2,700 ദിര്‍ഹം ആയിരുന്നു ഈടാക്കിയിരുന്നത്. കേരളമടക്കമള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കാകട്ടെ വേനല്‍ക്കാല യാത്രകള്‍ക്കായി 3,500 ദിര്‍ഹം വരെ ചെലവഴിക്കേണ്ടി വന്നു

ഇതിനെ തുടര്‍ന്ന് ചെലവ് നിയന്ത്രിക്കാന്‍ ദക്ഷിണേന്ത്യന്‍ ലക്ഷ്യസ്ഥാനങ്ങളിലേക്ക് പോകുന്ന നിരവധി യാത്രക്കാര്‍ അമൃത്സറില്‍ എത്തി അവിടെ നിന്ന് ആഭ്യന്തര വിമാനവും ട്രെയിന്‍ മാര്‍ഗവും ഉപയോഗിച്ചായിരുന്നു നാട്ടിലെത്തിയിരുന്നത്. എന്നാലിപ്പോള്‍ ദക്ഷിണേന്ത്യന്‍ സെക്ടറിലുള്‍പ്പടെ ഇന്ത്യയിലെ മിക്ക വിമാനത്താവളങ്ങളിലേക്കും നിരക്ക് 25-30 ശതമാനം കുറഞ്ഞു. കൂടാതെ, സെപ്റ്റംബര്‍ 16-ന് ശേഷം നിരക്ക് ശരാശരി 870 ദിര്‍ഹം മുതല്‍ 990 ദിര്‍ഹം വരെ കുറയുമെന്നും പ്രതീക്ഷിക്കുന്നു.

നവംബര്‍ പകുതി വരെ ഇത് സ്ഥിരമായി തുടരാനാണ് സാധ്യത. ചെലവേറിയ വേനല്‍ക്കാലത്തിനുശേഷം ശരാശരി ഇടത്തരം കുടുംബങ്ങള്‍ക്ക്, ഇന്ത്യ-യുഎഇ മേഖലയില്‍ യാത്രാനിരക്കുകളില്‍ ഒടുവില്‍ സ്ഥിരത കൈവന്നിരിക്കുകയാണ് എന്ന് യൂറോപ്പ് ട്രാവല്‍ ആന്‍ഡ് ടൂര്‍സ് ജനറല്‍ മാനേജര്‍ ബഷീര്‍ മുഹമ്മദ് പറഞ്ഞു. ഈ നിരക്കുകള്‍ 2022-2023 ല്‍ ഉണ്ടായിരുന്ന നിരക്കുകളേക്കാള്‍ വളരെ കുറവാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

 

കഴിഞ്ഞ വര്‍ഷങ്ങളില്‍ വേനല്‍ക്കാല അവധിക്ക് ശേഷം യുഎഇയിലേക്ക് മടങ്ങുന്ന ഇന്ത്യന്‍ പ്രവാസികള്‍ക്ക് ഓഫ് സീസണ്‍ തീയതികളെ അപേക്ഷിച്ച് നിരക്കുകളില്‍ 200 ശതമാനത്തിലധികം വര്‍ധനവ് കാരണം അവരുടെ യാത്രാ വൈകിപ്പിക്കേണ്ടി വന്നിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഓണത്തിന് നാട്ടില്‍ പോകുന്നവര്‍ക്ക് പോലും അവസാന നിമിഷം ടിക്കറ്റുകള്‍ 810 ദിര്‍ഹത്തിനും (മുംബൈയിലേക്ക്), 1,095 ദിര്‍ഹത്തിനും (കൊച്ചിയിലേക്ക്) ലഭിക്കും എന്ന് അരൂഹ ട്രാവല്‍സ് മാനേജിങ് ഡയറക്ടര്‍ റാഷിദ് അബ്ബാസ് പറഞ്ഞു. ജൂലൈ-ഓഗസ്റ്റ് മാസങ്ങളില്‍ ഇതേ ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള യാത്രാനിരക്ക് 2500 ദിര്‍ഹത്തിന് മുകളിലായിരുന്നു എന്നും അബ്ബാസ് ചൂണ്ടിക്കാട്ടി. അബുദാബി, ഷാര്‍ജ, റാസല്‍ഖൈമ എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനങ്ങളുടെ നിരക്ക് ഇനിയും കുറയുമെന്ന് റിച്ച്മണ്ട് ഗള്‍ഫ് ട്രാവല്‍സിലെ സെയില്‍സ് ഡയറക്ടര്‍ മെഹര്‍ സവ്ലാനി പറഞ്ഞു. അബുദാബി-മുംബൈ വിമാനങ്ങള്‍ക്ക് സെപ്റ്റംബര്‍ 12-നും 17-നും ഇടയില്‍ 660 ദിര്‍ഹം (വിസ്താര) ആണ് നിരക്ക്.

ഡല്‍ഹി ടിക്കറ്റ് നിരക്ക് 1095 ദിര്‍ഹം, ബെംഗളൂരു ഫ്‌ലൈറ്റുകളുടെ നിരക്ക് 1,250 ദിര്‍ഹം (ഇതിഹാദ് എയര്‍വേയ്സ്), അബുദാബി-കൊച്ചി നിരക്ക് 1,253 ദിര്‍ഗം (ഇതിഹാദ് എയര്‍വേസ് എന്നിവങ്ങനെയാണ്. പല ഇന്ത്യന്‍ പ്രവാസികളും തിരക്ക് കുറഞ്ഞ സമയങ്ങളില്‍ വര്‍ഷത്തില്‍ രണ്ട് തവണ നാട്ടിലേക്ക് യാത്ര ചെയ്യാറുണ്ട് എന്നാണ് സ്മാര്‍ട്ട് ട്രാവല്‍സ് ചെയര്‍മാന്‍ അഫി അഹമ്മദ് പറയുന്നത്. സെപ്തംബര്‍ 12-17 വരെയുള്ള യാത്രയ്ക്ക് ദുബായില്‍ നിന്ന് മുംബൈയിലേക്കുള്ള ഇക്കണോമി ക്ലാസ് ടിക്കറ്റിന് എയര്‍ ഇന്ത്യയില്‍ 810 ദിര്‍ഹം ആണ് നിരക്ക്. ബജറ്റ് കാരിയറുകളായ സ്പൈസ്ജെറ്റിനും ഇന്‍ഡിഗോയ്ക്കും ഒരേ റൂട്ടില്‍ ശരാശരി 840 ദിര്‍ഹമാണ് നിരക്ക് വരുന്നത്. വിസ്താരയും എമിറേറ്റ്സും 1,000 ദിര്‍ഹത്തിനും 1,090 ദിര്‍ഹത്തിനും ഇടയിലാണ് നിരക്ക് ഈടാക്കുന്നത്.


കേരളത്തിലേക്ക് ജൂലൈ മുതല്‍ ഓഗസ്റ്റ് വരെ നിരക്ക് 1,588-ദിര്‍ഹത്തിനും 2,277 ദിര്‍ഹത്തിനും ഇടയില്‍ ആയിരുന്നു. ഇപ്പോള്‍ ഇത് 1,096 ദിര്‍ഹം (കൊച്ചി) മുതല്‍ 1,380 ദിര്‍ഹം (തിരുവനന്തപുരം) വരെയാണ്. ദുബായില്‍ നിന്ന് ചെന്നൈയിലേക്കുള്ള നിരക്ക് 938 ദിര്‍ഹവും ദുബായില്‍ നിന്ന് ജയ്പൂരിലേക്കുള്ള ടിക്കറ്റ് നിരക്ക് 957 ദിര്‍ഹവുമാണ്.