ന്യൂഡൽഹി: അന്തരിച്ച സിപിഎം ജനറൽ സെക്രട്ടറിയും മുതിർന്ന നേതാവുമായ സീതാറാം യെച്ചൂരിയുടെ മൃതദേഹം മെഡിക്കൽ പഠനത്തിനായി വിട്ട് നൽകും. എയിംസിനാണ് മൃതദേഹം വിട്ടു നൽകുക എന്നാണ് അറിയിച്ചിരിക്കുന്നത്. നിലവിൽ അദ്ദേഹത്തിന്റെ മൃതദേഹം ഡൽഹി എയിംസിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഇന്നും നാളെയും മൃതദേഹം അവിടെ തന്നെ സൂക്ഷിക്കുമെന്നാണ് അടുത്ത വൃത്തങ്ങൾ അറിയിച്ചത്.
മറ്റന്നാൾ എകെജി ഭവനിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. നിലവിൽ ജനറൽ സെക്രട്ടറി പദവി വഹിച്ചിരുന്ന വ്യക്തി ആയതിനാൽ തന്നെ യെച്ചൂരിയുടെ മരണത്തിൽ നിരവധി നേതാക്കളാണ് അനുശോചനവുമായി രംഗത്ത് വന്നിരിക്കുന്നത്. ഇന്ത്യ സഖ്യത്തിലെ മുൻനിര നേതാക്കളായ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവർ യെച്ചൂരിയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ചിരുന്നു.
ശ്വാസകോശ സംബന്ധമായ അസുഖവും നെഞ്ചിലെ അണുബാധയും കാരണം ഡൽഹി എയിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് യെച്ചൂരിയുടെ അന്ത്യം. നേരത്തെ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവൻ നിലനിർത്തുന്നതെന്ന് മെഡിക്കൽ ബുള്ളറ്റിനിലൂടെ ആശുപത്രി അധികൃതർ വ്യക്തമാക്കിയത്
ഇതിനിടയാണ് ഇന്ന് വൈകീട്ടോടെ മരണവാർത്ത പുറത്തുവന്നത്. അണുബാധ മൂർച്ഛിക്കുകയും ഒരു ഭാഗത്തെ ശ്വാസകോശം പൂർണമായും ബാധിക്കപ്പെടുകയും ചെയ്‌ത നിലയിൽ അതീവ ഗുരുതരാവസ്ഥയിൽ കഴിയുകയായിരുന്നു യെച്ചൂരി. യെച്ചൂരിയുടെ ആരോഗ്യ സ്ഥിതിയെ കുറിച്ച് കൃത്യമായി സിപിഎം വിവരങ്ങൾ പുറത്തുവിട്ടിരുന്നു. സെപ്റ്റംബർ 14ന് വൈകുന്നേരം മൂന്നുമണിക്ക് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടക്കുന്ന അന്തിമോപചാര ചടങ്ങുകള്‍ക്കുശേഷമാവും യെച്ചൂരിയുടെ ഭൗതിക ശരീരം മെഡിക്കല്‍ വിദ്യാര്‍ഥികളുടെ പഠനത്തിനായി വിട്ടുനല്‍കുക എന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. ഡൽഹിയിലെ സിപിഎം ആസ്ഥാനമായ എകെജി ഭവനിലേക്ക് അവസാനമായി ഒരിക്കൽ കൂടി യെച്ചൂരിയെ എത്തിച്ച ശേഷമാവും മടക്കം.
72 വയസുകാരനായ സീതാറാം യെച്ചൂരി, ന്യുമോണിയ ബാധിച്ച് 2024 ഓഗസ്‌റ്റ് 19-ന് എയിംസിൽ പ്രവേശിപ്പിക്കപ്പെട്ടു, 2024 സെപ്റ്റംബർ 12-ന് ഉച്ചകഴിഞ്ഞ് 3:05ന് അന്തരിച്ചു. പഠനത്തിനും ഗവേഷണ ആവശ്യങ്ങൾക്കുമായി കുടുംബം അദ്ദേഹത്തിന്റെ ഭൗതിക ശരീരം ഡൽഹിയിലെ എയിംസിലേക്ക് ദാനം ചെയ്‌തു” ആശുപത്രി പുറത്തുവിട്ട പ്രസ്‌താവനയിൽ പറയുന്നു. പ്രകാശ് കാരാട്ടിന് ശേഷമാണ് യെച്ചൂരി 2015ൽ പാര്‍ട്ടിയുടെ അമരത്തെത്തുന്നത്. 2022 ഏപ്രിലില്‍ കണ്ണൂരില്‍ നടന്ന 23-ാം പാര്‍ട്ടി കോണ്‍ഗ്രസിൽ യെച്ചൂരിയെ ജനറല്‍ സെക്രട്ടറിയായി മൂന്നാം തവണയും പാര്‍ട്ടി തിരഞ്ഞെടുത്തിരുന്നു. 1992 മുതല്‍ പോളിറ്റ് ബ്യൂറോ അംഗമായിരുന്നു യെച്ചൂരി. പന്ത്രണ്ട് വർഷത്തോളം രാജ്യസഭാ എംപിയായി പാർലമെന്ററി രംഗത്തും ശോഭിച്ചിരുന്നു സീതാറാം യെച്ചൂരി.