28 in Thiruvananthapuram
TV Next News > News > Kerala > Local > കേരളത്തിൽ ഒരാഴ്‌ച മഴ സാധ്യത; ചക്രവാതചുഴി ന്യൂനമർദ്ദമായി ശക്തി പ്രാപിക്കും, മുന്നറിയിപ്പ് ഇങ്ങനെ

കേരളത്തിൽ ഒരാഴ്‌ച മഴ സാധ്യത; ചക്രവാതചുഴി ന്യൂനമർദ്ദമായി ശക്തി പ്രാപിക്കും, മുന്നറിയിപ്പ് ഇങ്ങനെ

Posted by: TV Next September 5, 2024 No Comments

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ഒരാഴ്‌ച മഴ സജീവമായി തന്നെ തുടരുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നിലവിൽ ആന്ധ്രാ തീരത്ത് സ്ഥിതി ചെയ്യുന്ന ചക്രവാതചുഴി ഇന്ന് ബംഗാൾ ഉൾക്കടലിന് മുകളിൽ ന്യുന മർദ്ദമായി ശക്തി പ്രാപിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്. ഇതാണ് കേരളത്തിലെ മഴ സാധ്യത ഉയർത്താൻ കാരണമായി വിലയിരുത്തുന്നത്.

ഈ ന്യൂനമർദ്ദത്തിന്റെ ഫലമായി സ്വാധീനഫലമായി കേരളത്തിൽ മഴ ശക്തമാവും. സംസ്ഥാനത്ത് അടുത്ത ഏഴ് ദിവസം വ്യാപകമായി നേരിയ\ഇടത്തരം മഴക്ക് സാധ്യതയെന്നും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ സെപ്റ്റംബർ 8ന് ശക്തമായ മഴക്ക് സാധ്യതയെന്നുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് നൽകിയിട്ടില

എന്നാൽ സെപ്റ്റംബർ 8ന് കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് മഴ ഒരാഴ്‌ച കൂടി തുടരുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ ഇപ്പോഴത്തെ സാഹചര്യത്തിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

 

നിലവിൽ തീരദേശ വടക്കൻ ആന്ധ്രാപ്രദേശിന്‌ മുകളിലാണ് ചക്രവാതചുഴിയുള്ളത്. സെപ്റ്റംബർ 5ന് ഇത് മധ്യ പടിഞ്ഞാറ-വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലായി ന്യുന മർദ്ദമായി ശക്തി പ്രാപിക്കാനാണ് സാധ്യത. രാജസ്ഥാന് മുകളിൽ സ്ഥിതി ചെയ്‌തിരുന്ന ന്യൂനമർദ്ദം ചക്രവാത ചുഴിയായി ശക്തി കുറഞ്ഞുവെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു

 

ഈ കാലവർഷത്തിൽ കേരളത്തിൽ ഏറ്റവുമധികം മഴ ലഭിച്ചത്‌ കണ്ണൂർ ജില്ലയിലാണ്. 2750.6 മില്ലീമീറ്റർ മഴയാണ് കണ്ണൂരിൽ പെയ്‌തിറങ്ങിയത്. ജൂൺ ഒന്നുമുതൽ സെപ്റ്റംബർ മൂന്നുവരെയുള്ള കണക്കാണിത്‌. രാജ്യത്ത്‌ തന്നെ ഏറ്റവും കൂടുതൽ മഴ കിട്ടിയ ജില്ല മേഘാലയയിലെ ഈസ്‌റ്റ് ഖാസി ഹില്ലാണ്‌, 4838.1 മില്ലീമീറ്റർ. രാജ്യത്ത്‌ കണ്ണൂർ പത്രണ്ടാമതും കാസർഗോഡ് ഇരുപത്തിയാറാമതും നിൽക്കുന്നു.


കേരളത്തിൽ നിന്ന് ആറ് ജില്ലകൾ കൂടി പട്ടികയിലെ ആദ്യ നൂറ് സ്ഥാനങ്ങൾക്കുള്ളിൽ ഇടം പിടിച്ചിട്ടുണ്ടെന്നാണ് കണക്ക് വ്യക്തമാക്കുന്നത്. കോഴിക്കോട്‌ (33), തൃശൂർ (43), മലപ്പുറം (53), കോട്ടയം (54), വയനാട്‌ (60), ഇടുക്കി (61) ജില്ലകളാണ് പട്ടികയിൽ നൂറിൽ താഴെയുള്ളവ. രാജ്യത്തെ മൊത്ത കണക്ക് നോക്കുമ്പോൾ നോർത്ത് ഗോവ, ഉഡുപ്പി ജില്ലകളാണ് ഖാസി ഹില്ലിന് തൊട്ടുപിന്നിലുള്ളത്.