തിരുവനന്തപുരം: ഇപി ജയരാജനെ എല്‍ ഡി എഫ് കണ്‍വീനർ സ്ഥാനത്ത് നിന്നും നീക്കി. പദവി ഒഴിയാനുള്ള താല്‍പര്യം അദ്ദേഹം പാർട്ടിയെ അറിയിച്ചിരുന്നു. ഇന്ന് ചേരുന്ന സംസ്ഥാന സമിതിയില്‍ പങ്കെടുക്കാതെ അദ്ദേഹം കണ്ണൂരിലെ വീട്ടിലേക്ക് പോയതോടെ തന്നെ ഇപി ജയരാജനെതിരെ നടപടി ഉണ്ടാകുമെന്ന സൂചന ശക്തമായിരുന്നു. ഇപി ജയരാജന്‍ സ്വയം രാജി സന്നദ്ധത അറിയിച്ചുവെന്ന വാർത്തയായിരുന്നു ആദ്യം പുറത്ത് വന്നത്. എന്നാല്‍ പാർട്ടി അച്ചടക്ക നടപടി സ്വീകരിക്കുകയായിരുന്നുവെന്നാണ് ഇപ്പോള്‍ സ്ഥിരീകരിക്കുന്നത്.
മുതിർന്ന ബി ജെ പി നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയ ഇപി ജയരാജന്റെ നിലപാട് വലിയ വിവാദമായിരുന്നു. ഈ വിഷയം ഇന്ന് പാർട്ടി സംസ്ഥാന സമിതി ചർച്ച ചെയ്യാനിരിക്കെയാണ് അദ്ദേഹം കമ്മിറ്റിയില്‍ പങ്കെടുക്കാതെ കണ്ണൂരിലേക്ക് പോയത്. ഇന്നലെ ചേർന്ന പാർട്ടി സെക്രട്ടറിയേറ്റ് യോഗത്തില്‍ തന്നെ ഇപിക്കെതിരായി നടപടി എടുക്കാന്‍ തീരുമാനിച്ചിരുന്നു. ഇതോടെയാണ് ഇന്നത്തെ സംസ്ഥാന സമിതി യോഗത്തില്‍ പങ്കെടുക്കാതെ അദ്ദേഹം കണ്ണൂരിലേക്ക് പോയത്.
കേന്ദ്ര കമ്മിറ്റി അംഗമായതിനാൽ ഇ.പിക്കെതിരെ നടപടിയെടുക്കാനുള്ള അധികാരം കേന്ദ്ര കമ്മിറ്റിക്കാണ്. സംസ്ഥാന സമിതിക്കു നടപടിക്കു നിർദേശിക്കാനാകും. ഇപി ജയരാജനെ പുറത്താക്കിയതോടെ അദ്ദേഹത്തിന് പകരക്കാരനായി ആര് എത്തുമെന്ന ചോദ്യവും ഉയർന്നു. പേരാമ്പ്ര എം എല്‍ എയും മുന്‍ മന്ത്രിയുമായ ടിപി രാമകൃഷ്ണന്‍ ഈ സ്ഥാനത്തേക്ക് വരുമെന്നാണ് സൂചന.
എല്‍ ഡി എഫ് കണ്‍വീനർ സ്ഥാനം ഒഴിയാന്‍ സന്നദ്ധനാണെന്ന് പാർട്ടി നേതൃത്വത്തെ ഇപി ജയരാജന്‍ അറിയിച്ചെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ കണ്‍വീനർ സ്ഥാനം ഒഴിയുന്നത് സംബന്ധിച്ച് തനിക്ക് വിവരം ഒന്നുമില്ലെന്നായിരുന്നു മാധ്യമപ്രവർത്തകരോടുള്ള ഇപി ജയരാജന്റെ പ്രതികരണം. ഇന്ന് തിരുവനന്തപുരത്തില്ലെന്നും കണ്ണൂരിൽ ചില പരിപാടികളുണ്ടെന്നും ഇപി ജയരാജന്‍ പറഞ്ഞു. എല്ലാം നടക്കട്ടെ എന്ന് മാത്രമായിരുന്നു രാജി സംബന്ധിച്ച് ചോദ്യത്തിന് ഇപി ജയരാജന്‍ നടത്തിയ പ്രതികരണം.
ബി ജെ പി പ്രവേശനത്തിൽ ഇപി ജയരാജനുമായി 3 വട്ടം ചർച്ച നടത്തിയെന്ന് ശോഭ സുരേന്ദ്രൻ്റെ വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ചയുടെ വിവരവും പുറത്ത് അറിയുന്നത്. പ്രകാശ് ജാവദേക്കറുമായി നടന്നത് രാഷ്ട്രീയ കൂടിക്കാഴ്ച ആയിരുന്നില്ലെന്നും അദ്ദേഹം ഒരു ദിവസം വീട്ടിലേക്ക് വരികയായിരുന്നുവെന്നും അതിനാലാണ് പാര്‍ട്ടിയെ അറിയിക്കാത്തിരുന്നതെന്നുമായിരുന്നു ഇപി ജയരാജന്റെ വിശദീകരണം.