ഡൽഹി: മൂന്നാം എന്‍ഡിഎ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ഇന്ന് വൈകീട്ട് 6 ന് നടക്കും. 30 ഓളം മന്ത്രിമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തേക്കും. ആഭ്യന്തരം, പ്രതിരോധം, ധനം, വിദേശം അടക്കമുള്ള പ്രധാന വകുപ്പുകളുടെ മന്ത്രിമാരായിരിക്കും സത്യപ്രതിജ്ഞ ചെയ്യുകയെന്നാണ് വിവരം. അതേസമയം സത്യപ്രതിജ്ഞ ചടങ്ങിന് മണിക്കൂറുകൾ മാത്രം ശേഷിക്കുമ്പോഴും എൻ ഡി എയിലെ പ്രധാന കക്ഷികളായ നിതീഷ് കുമാറിന്റെ ജെ ഡി യുവിനും ചന്ദ്രബാബു നായിഡുവിന്റെ ടി ഡി പിക്കും ഏതൊക്കെ വകുപ്പുകളാണ് നൽകിയിരിക്കുന്നത് എന്നത് വ്യക്തമല്ല.
സ്പീക്കർ പദവിയും നാല് മന്ത്രിസ്ഥാനങ്ങളും ടി ഡി പി ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ സ്പീക്കർ സ്ഥാനം ടി ഡി പിക്ക് ലഭിച്ചേക്കില്ല. പകരം നാല് മന്ത്രിസ്ഥാനങ്ങൾ ടി ഡി പിക്ക് നൽകിയേക്കും. ടി ഡി പിയുടെ രാംമോഹൻ നായിഡു, ഹരീഷ് ബാലയോഗി, ദഗ്ഗുമല്ല പ്രസാദ് എന്നിവർ മന്ത്രിമാരായേക്കും. സ്പീക്കർ സ്ഥാനം സംബന്ധിച്ച് ചർച്ച തുടർന്നേക്കാനാണ് സാധ്യത. സർക്കാരിനെ പുറത്ത് നിന്ന് പിന്തുണയ്ക്കാനുള്ള സാധ്യത ടി ഡി പി പരിശോധിക്കുന്നതായി പാർട്ടി വൃത്തങ്ങൾ സൂചന നൽകുന്നുണ്ട്.മന്ത്രിസഭയിൽ കുറഞ്ഞ പ്രാതിനിധ്യവും മുന്നണിയിൽ കൂടുതൽ പ്രാതിനിധ്യവുമാണ് ടി ഡി പി ആലോചിക്കുന്നത്.
ജെ ഡി യുവിന് രണ്ട് മന്ത്രി സ്ഥാനങ്ങൾ ലഭിച്ചേക്കും. ലാൽ സിംഗ് , രാം നാഥ് താക്കൂർ എന്നിവർക്കായിരിക്കും മന്ത്രിസ്ഥാനം ലഭിച്ചേക്കുക. ജെ ഡി യുവിന് മറ്റെന്തൊക്കെ പദവികൾ ലഭിക്കുമെന്നത് പിന്നീടായിരിക്കും തീരുമാനിക്കുക. ഘടകകക്ഷികളില്‍ നിന്ന് ചിരാഗ് പാസ്വാന്‍ എച്ച് ഡി കുമാരസ്വാമി, ജയന്ത് ചൗധരി, അനുപ്രിയ പട്ടേല്‍, ജിതന്‍ റാം മാഞ്ചി, പ്രഫുല്‍ പട്ടേല്‍, റാം മോഹന്‍ നായിഡു എന്നിവര്‍ ആയിരിക്കും മന്ത്രിസഭയില്‍ ഉണ്ടാവുക. വകുപ്പുകൾ സംബന്ധിച്ച സഖ്യകക്ഷികളുടെ ആവശ്യങ്ങൽ പിന്നീടായിരിക്കും പരിഗണിച്ചേക്കുക.റെയിൽവേ, ഗതാഗതം, നിയമം, ഇൻഫർമേഷൻ ടെക്‌നോളജി, വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളും ബി ജെ പി വിട്ട് നൽകിയേക്കില്ല. ജാതി-മത സമവാക്യങ്ങൾ കൂടി പരിഗണിച്ചായിരിക്കും തീരുമാനം.
അതേസമയം നിർമ്മല സീതാരാമൻ, അമിത് ഷാ തുടങ്ങി മുൻ മന്ത്രിസഭയിലെ പ്രമുഖരെല്ലാം മൂന്നാം മോദി സർക്കാരിലും ഉണ്ടാകുമോയെന്ന് ഉറ്റുനോക്കപ്പെടുന്നുണ്ട്. അമിത് ഷാ, നിർമല സീതാരാമൻ എന്നിവർ സംഘടനാ രംഗത്തേക്ക് മടങ്ങണമെന്ന അഭിപ്രായം ഉണ്ട്. ബി ജെ പി ദേശീയ അധ്യക്ഷൻ നദ്ദയുടെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിൽ നിർമല പാർട്ടി അധ്യക്ഷ പദം ഏറ്റെടുക്കട്ടെയെന്ന ചർച്ചകൾ ബി ജെ പിയിൽ ഉണ്ട്. വൈകാതെ തന്നെ ഇക്കാര്യത്തിൽ നേതൃത്വം തീരുമാനം കൈക്കൊള്ളും.
അതിനിടെ സർക്കാർ രൂപീകരണ ചർച്ചകളിൽ നിന്നും പിന്നോട്ട് പോയിട്ടില്ലെന്ന സൂചനകൾ തന്നെയാണ് ഇന്ത്യ സഖ്യം നൽകുന്നത്. ഉചിതമായ സമയത്ത് ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നാണ് നേതൃത്വം വ്യക്തമാക്കുന്നത്. ജെ ഡി യുവിനെ മറുകണ്ടം ചാടിക്കാൻ പ്രധാനമന്ത്രി സ്ഥാനം അടക്കം ഇന്ത്യ സഖ്യം വാഗ്ദാനം ചെയ്തുവെന്നാണ് വിവരം. എൻ ഡി എയ്ക്കൊപ്പം ഉറച്ച് നിൽക്കുമെന്ന് പറയുമ്പോഴും ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടില്ലെങ്കിൽ നിതീഷ് തീരുമാനം തിരുത്തിയേക്കുമെന്നാണ് ഇന്ത്യ സഖ്യത്തിന്റെ വിശ്വാസം. ജാതി സർവ്വെ നടത്തണമെന്നും അഗ്നിവീർ പദ്ധതി നിർത്തലാക്കണമെന്നത് അടക്കമുള്ള ആവശ്യങ്ങൾ ജെ ഡി യു മോദി സർക്കാരിന് മുന്നിൽ വെച്ചിട്ടുണ്ട്. ഇതുൾപ്പെടെയുള്ള വിഷയങ്ങളിൽ എന്ത് നിലപാട് സർക്കാർ കൈക്കൊള്ളും എന്നതിന്റെ കൂടി അടിസ്ഥാനത്തിലായിരിക്കും മോദി സർക്കാരിനുള്ള ജെ ഡി യുവിന്റെ പിന്തുണ. എന്തായാലും തനിച്ച് ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിൽ സമവായമില്ലാതെ മുന്നോട്ട് പോകുക ബിജെപിക്ക് എളുപ്പമല്ല.