ഡല്‍ഹി: ലോക്സഭ തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ട ബി ജെപിയോട് കേന്ദ്രത്തില്‍ കൂടുതല്‍ മന്ത്രി സ്ഥാനങ്ങളും നിർണ്ണായക വകുപ്പുകളും ചോദിച്ച് സഖ്യ കക്ഷികള്‍. ടി ഡി പി, ജെ ഡി യു, എല്‍ ജെ പി, ശിവസേന തുടങ്ങിയ പ്രധാന സഖ്യ കക്ഷികള്‍ മുതല്‍ ജിതിന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാന്‍ ആവാമി മോർച്ച വരെ മന്ത്രി സ്ഥാനത്തിനും പ്രധാന വകുപ്പുകള്‍ക്കുമുള്ള സമ്മർദ്ദം ചെലുത്തുകയാണ്.
ഇന്നലെ ചേർന്ന യോഗത്തില്‍ എൻ ഡി എ സഖ്യത്തിൻ്റെ നേതാവായി നരേന്ദ്ര മോദിയെ ഐകകണ്‌ഠേന തിരഞ്ഞെടുത്തു. അടുത്ത സർക്കാർ രൂപീകരിക്കാൻ എൻ ഡി എ വെള്ളിയാഴ്ച അവകാശവാദമുന്നയിക്കുമെന്നും സത്യപ്രതിജ്ഞ ശനിയാഴ്ച നടക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. യോഗത്തില്‍ ടി ഡി പിയും ജെ ഡി യുവും എൻ ഡി എയിലെ ബി ജെ പി ഇതര അംഗങ്ങൾക്കിടയിൽ മന്ത്രിസ്ഥാനത്തിൻ്റെ സിംഹഭാഗത്തിനായും യോഗത്തില്‍ അവകാശവാദമുന്നയിച്ചു.
ബിജെപിക്ക് സ്വന്തമായി ഭൂരിപക്ഷം ലഭിക്കാത്തതിനാലും പുതിയ സർക്കാർ രൂപീകരണത്തിന് 16, 12 സീറ്റുകൾ അനിവാര്യമായതിനാലുമാണ് എൻ ചന്ദ്രബാബു നായിഡുവിൻ്റെ ടി ഡി പിയും നിതീഷ് കുമാറിൻ്റെ ജെ ഡി യുവും കിംഗ് മേക്കർമാരായി ഉയർന്നു. ഇതോടെ പ്രധാന പദവികള്‍ തന്നെ ആവശ്യപ്പെടാന്‍ ഇവരും തീരുമാനിക്കുകയായിരുന്നു.