25 in Thiruvananthapuram
TV Next News > News > Kerala > Local > റേമല്‍ ചുഴലിക്കാറ്റ് കരതൊട്ടു, 120 കിമീ വേഗത, മുന്നറിയിപ്പ്; സാഹചര്യങ്ങള്‍ വിലയിരുത്തി പ്രധാനമന്ത്രി

റേമല്‍ ചുഴലിക്കാറ്റ് കരതൊട്ടു, 120 കിമീ വേഗത, മുന്നറിയിപ്പ്; സാഹചര്യങ്ങള്‍ വിലയിരുത്തി പ്രധാനമന്ത്രി

Posted by: TV Next May 27, 2024 No Comments

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഭീതി പടര്‍ത്തി റേമല്‍ ചുഴലിക്കാറ്റ് കരതൊട്ടു. ബംഗാളിലെ സൗത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ അതിശക്തമായ കാറ്റാണ് ആഞ്ഞുവീശുന്നത്. നിരവധി മരങ്ങളാണ് ഇതേ തുടര്‍ന്ന് കടപുഴകി വീമത്. 110 മുതല്‍ 120 കിലോമീറ്റര്‍ വരെ വേഗതയിലാണ് ചുഴലിക്കാറ്റ് വീശുന്നത്. അതേസമയം കനത്ത കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണതിനെ തുടര്‍ന്ന് ദേശീയ ദുരന്ത നിവാരണ സേന ഇവയെല്ലാം മുറിച്ച് മാറ്റുകയാണ്.

ബംഗാളിലെ തീരപ്രദേശങ്ങളില്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. നാല് മണിക്കൂറോളം എടുത്ത് അതിശക്തമായ ചുഴലിക്കാറ്റായി മാറിയ ശേഷമാണ് ഇത് കരതൊടുകയെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരുന്നു. കരതൊടുന്നതോടെ ഇവ കൂടുതല്‍ ശക്തി പ്രാപിക്കും.അതോടൊപ്പം കനത്ത മഴയും ബംഗാളില്‍ ശക്തമായിരിക്കുകയാണ്.

ചുഴലിക്കാറ്റ് നാശം വിതയ്ക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്. ബംഗാളിലെ തീരപ്രദേശങ്ങളില്‍ നിന്ന് ഒരു ലക്ഷത്തില്‍ അധികം പേരെ മാറ്റി പാര്‍പ്പിച്ചിരിക്കുകയാണ്. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ റേമല്‍ ചുഴലിക്കാറ്റിനെ നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ വിലയിരുത്തിയിരുന്നു.

ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷം ഇക്കാര്യം എക്‌സിലൂടെ അറിയിച്ചിട്ടുണ്ട് പ്രധാനമന്ത്രി. ചുഴലിക്കാറ്റ ബാധിക്കുന്ന മേഖലകളില്‍ ദേശീയ ദുരന്ത നിവാരണ സേന സജ്ജമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും അറിയിച്ചു.

ത്രിപുരയില്‍ നാല് ജില്ലകളില്‍ സംസ്ഥാന സര്‍ക്കാര്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാളില്‍ ഞായറാഴ്ച്ച രാവിലെ മുതല്‍ തന്നെ ശക്തമായ കാറ്റും മഴയും അനുഭവപ്പെടുന്നുണ്ടായിരുന്നു. ദിഗ, 24 സൗത്ത് പര്‍ഗാനാസ് ജില്ലകളിലാണ് മഴയും കാറ്റും അനുഭപ്പെട്ടത്.

അസമില്‍ റേമല്‍ ചുഴലിക്കാറ്റിനെ നേരിടാന്‍ നിരവധി മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി ബിമന്ദ ബിശ്വ ശര്‍മ എക്‌സില്‍ കുറിച്ചു. എന്‍ഡിആര്‍എഫും, എസ്ഡിആര്‍എഫും സര്‍വ സജ്ജമാണ്. കണ്‍ട്രോള്‍ റൂമുകളും തുറന്നിട്ടുണ്ട്. ജനങ്ങള്‍ സുരക്ഷിതമായിരിക്കണം. പ്രാദേശിക ഭരണസമിതികളുമായി സഹകരിക്കണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

അതേസമയം ജനങ്ങളോട് സുരക്ഷിതരായിരിക്കാന്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും അഭ്യര്‍ത്ഥിച്ചു. സംസ്ഥാന സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പമുണ്ടെന്നും അവര്‍ ഏക്‌സില്‍ കുറിച്ചു. ജനങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ടെന്ന് അമിത് ഷാ പറഞ്ഞു. അപകടങ്ങള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് മുന്‍കരുതല്‍ സ്വീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

ബംഗ്ലാദേശ് തീരത്താണ് ചുഴലിക്കാറ്റ് ആദ്യം കരതൊട്ടത്. ബംഗ്ലാദേശിലെ സാത്കിര ജില്ലയില്‍ ഞായറാഴ്ച്ച വൈകീട്ടോടെയാണ് ഇവ കരതൊട്ടത്. ബംഗ്ലാദേശ് തീരം വിട്ട് ഇവ പശ്ചിമ ബംഗാളിലേക്ക് എത്തുന്നതിന്റെ ദൃശ്യങ്ങള്‍ കാലാവസ്ഥാ വകുപ്പ് പുറത്തുവിട്ടു.