ഇന്ത്യൻ ക്രിക്കറ്റിൽ സവിശേഷമായ ഒരു സ്ഥാനമുള്ള താരങ്ങളിൽ ഒരാളാണ് ഹർദിക് പാണ്ഡ്യ. അദ്ദേഹത്തിന്റെ വേർസറ്റാലിറ്റി തന്നെയാണ് താരത്തെ വ്യത്യസ്‌തനാക്കുന്നത്. ബാറ്റിംഗിലും, ബൗളിംഗിലും. ഫീൽഡിങ്ങിലും ഒരുപോലെ ശോഭിക്കാൻ കഴിയുന്ന പാണ്ഡ്യയ്ക്ക് പക്ഷേ പരിക്ക് വലിയ വെല്ലുവിളിയാണ് കരിയറിൽ ഉണ്ടാക്കുന്നത്.
ഏകദിന ലോകകപ്പിൽ ബംഗ്ലാദേശിന് എതിരായ മത്സരത്തിനിടെ പരിക്കേറ്റ താരം കഴിഞ്ഞ രണ്ട് മാസമായി കളിക്കളത്തിന് പുറത്താണ്. ഐപിഎല്ലിലും പാണ്ഡ്യ കളിക്കുന്ന കാര്യം സംശയത്തിലാണ്. എന്നാൽ ഇപ്പോഴിതാ താരം ഏറ്റവും പുതിയ വർക്ക്ഔട്ട് വീഡിയോ പുറത്തുവിട്ടതോടെ ആരാധകർ ആവേശത്തിലാണ്. പാണ്ഡ്യ ഐപിഎല്ലിൽ മടങ്ങി വരുമെന്നാണ് ആരാധകർ പ്രത്യാശ പ്രകടിപ്പിക്കുന്നത്.
തന്റെ ജിം സെക്ഷന്റെ വീഡിയോ ആരാധകർക്ക് പുതുവർഷ സമ്മാനമായി പങ്കുവച്ചതാണെന്നാണ് പലരും കമന്റിൽ ഉൾപ്പെടെ ചൂണ്ടിക്കാണിക്കുന്നത്. ഇൻസ്‌റ്റാഗ്രാമിലൂടെയാണ് ഹർദിക് പാണ്ഡ്യ വീഡിയോ പങ്കുവച്ചത്. കഠിനമായ വർക്ക്ഔട്ടുകൾ ചെയ്യുന്ന പാണ്ഡ്യയാണ് ദൃശ്യങ്ങളിൽ ഉള്ളത്. “പ്രോഗ്രസ്, എവരിഡേ” എന്ന അടിക്കുറിപ്പും ഇതിന് താഴെ ചേർത്തിരുന്നു.
ഇതോടെ ഐപിഎല്ലിൽ താരം തിരിച്ചെത്തുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ. തന്റെ മുൻ ടീമായ മുംബൈ ഇന്ത്യൻസിലേക്ക് പാണ്ഡ്യ മടങ്ങിയെത്തിയ സീസൺ കൂടിയാണിത്. ഗുജറാത്ത് ടൈറ്റൻസിനെ കന്നി സീസണിൽ തന്നെ കിരീടമണിയിച്ച പാണ്ഡ്യയുടെ ക്യാപ്റ്റൻസി മികവ് കൂടി മുന്നിൽ കണ്ടാണ് മുംബൈ സർപ്രൈസ് നീക്കം നടത്തിയത്. വരാനിരിക്കുന്ന സീസണിൽ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റനായും അദ്ദേഹത്തെ നിയമിച്ചിരുന്നു. കഴിഞ്ഞ 10 സീസണുകളിൽ ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെ നയിച്ച ഇന്ത്യൻ നായകൻ രോഹിത് ശർമ്മയെ മാറ്റിയാണ് യുവ ഓൾറൗണ്ടർ എത്തിയത്. 2022-23 സീസണിലായി ഗുജറാത്ത് ടൈറ്റൻസിന് വേണ്ടി 31 മത്സരങ്ങളിൽ നിന്ന് 37.86 ശരാശരിയോടെയും 133ലധികം സ്‌ട്രൈക്ക് റേറ്റിലും 833 റൺസ് നേടിയ പാണ്ഡ്യ ആറ് അർധസെഞ്ചുറികളും 87* എന്ന മികച്ച സ്‌കോറും സ്വന്തം പേരിലാക്കിയിരുന്നു. 3/17 എന്ന മികച്ച പ്രകടനത്തോടെ ടീമിനായി 11 വിക്കറ്റുകളും അദ്ദേഹം നേടിയിരുന്നു.
2015-2021 കാലഘട്ടത്തിൽ മുംബൈക്ക് വേണ്ടി 92 മത്സരങ്ങൾ കളിച്ചു, 153-ലധികം സ്‌ട്രൈക്ക് റേറ്റിൽ 27.33 ശരാശരിയിൽ 1476 റൺസ് താരം നേടിയിട്ടുണ്ട്, നാല് അർദ്ധ സെഞ്ചുറികളും മികച്ച സ്‌കോറായ 91ഉം ഇതിൽ ഉൾപ്പെടുന്നു. ടീമിനായി 42 വിക്കറ്റുകളും അദ്ദേഹം നേടി. ആകെ അഞ്ച് ഐപിഎൽ കിരീടങ്ങളാണ് പാണ്ഡ്യയുടെ ശേഖരത്തിലുള്ളത്. മുംബൈ ഇന്ത്യൻസിനൊപ്പം (2015, 2017, 2019, 2020) വർഷങ്ങളിലും, ഗുജറാത്തിനൊപ്പം (2022) വർഷത്തിലുമായിരുന്നു ഈ നേട്ടം.