28 in Thiruvananthapuram

‘രാജ്യത്ത് മോദി തരംഗം’, കർണാടകയിലെ 28 സീറ്റുകളില്‍ തങ്ങള്‍ ജയിക്കുമെന്ന് ബിജെപി

Posted by: TV Next January 9, 2024 No Comments

ബെംഗളൂരു: രാജ്യത്ത് ബിജെപി അനുകൂല തരംഗമുണ്ടെന്നും വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കർണാടകയില്‍ നിന്നുള്ള 28 സീറ്റുകളിലും പാർട്ടി വിജയിക്കുമെന്നും കർണാടക ബി ജെ പി അധ്യക്ഷൻ ബി വൈ വിജയേന്ദ്ര പറഞ്ഞു. രാജ്യത്തെ ബുദ്ധിമാനായ ജനങ്ങൾ കോൺഗ്രസ് പാർട്ടിയുടെ ഗിമ്മിക്കി ഗ്യാരണ്ടികളിൽ വീഴില്ലെന്നും ബി ജെ പി ലോക്‌സഭാ തിരഞ്ഞെടുപ്പ് ആസൂത്രണ യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

“നരേന്ദ്ര മോദി മൂന്നാം തവണയും പ്രധാനമന്ത്രിയാകാൻ ഒരുങ്ങുകയാണ്, അദ്ദേഹത്തിന്റെ നേതൃത്വത്തിൽ രാജ്യം അതിവേഗം വികസനത്തിന്റെ പാതയിലേക്ക് നീങ്ങും. അടുത്ത തിരഞ്ഞെടുപ്പിൽ ബി ജെ പി വിജയിക്കും,” വിജയേന്ദ്ര പറഞ്ഞു. കർണാടകയിലെ കോൺഗ്രസ് സർക്കാരിനെതിരെ ആഞ്ഞടിച്ച അദ്ദേഹം, “കഴിവില്ലാത്ത കോൺഗ്രസ് കാരണം” സംസ്ഥാനത്തിന്റെ സാമ്പത്തിക ആരോഗ്യം മോശമായെന്നും ക്രമസമാധാനപാലനത്തിൽ സർക്കാർ പൂർണമായും പരാജയപ്പെട്ടെന്നും അദ്ദേഹം ആരോപിച്ചു.

 

14 ബജറ്റുകൾ അവതരിപ്പിച്ച മുഖ്യമന്ത്രി സിദ്ധരാമയ്യ വിഭവസമാഹരണത്തിന്റെ കാര്യത്തിൽ പൂർണമായും പരാജയപ്പെട്ടു.സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കടുത്ത വരൾച്ചയും സമീപകാലത്ത് 500 കർഷകർ ആത്മഹത്യ ചെയ്തിട്ടും സംസ്ഥാന സർക്കാർ ദുരിതബാധിതർക്ക് ഒരു നഷ്ടപരിഹാരവും നൽകിയിട്ടില്ലെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു.

അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സർക്കാരിനെ പാഠം പഠിപ്പിക്കാൻ സംസ്ഥാനത്തെ വോട്ടർമാർ ഒരുങ്ങുകയാണെന്നും വരുന്ന തിരഞ്ഞെടുപ്പിൽ തന്റെ പാർട്ടി 28 സീറ്റുകളിലും വിജയിക്കുമെന്നും വിജയേന്ദ്ര പറഞ്ഞു.കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കർണാടകയിൽ ബി ജെ പി 25 സീറ്റുകൾ നേടിയപ്പോൾ പാർട്ടി പിന്തുണച്ച ഒരു സ്വതന്ത്രനും വിജയിച്ചു. കോൺഗ്രസും ജനതാദളും (സെക്കുലർ) ഒരു മണ്ഡലത്തിൽ വീതം വിജയിച്ചു. ഇത്തവണ ജെ ഡി സും ബി ജെ പിയും സഖ്യകക്ഷികളായിട്ടാണ് മത്സരിക്കുന്നത്.


മുൻ മുഖ്യമന്ത്രിമാരായ ബി എസ് യെദ്യൂരപ്പ, ബസവരാജ് ബൊമ്മൈ, ഡി വി സദാനന്ദ ഗൗഡ, ദേശീയ ജനറൽ സെക്രട്ടറിയും കർണാടക ചുമതലയുള്ള അരുൺ സിംഗ്, കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി, കർണാടക നിയമസഭയിലെ പ്രതിപക്ഷ നേതാവ് ആർ അശോക, നിയമസഭാ കൗൺസിൽ പ്രതിപക്ഷ നേതാവ് കോട്ട ശ്രീനിവാസ് പൂജാരി എന്നിവരും ബി ജെ പി യോഗത്തില്‍ പങ്കെടുത്തു.