25 in Thiruvananthapuram

നാട്ടുകാരെ മൊത്തം കണക്ക് പഠിപ്പിച്ച ബൈജൂസിന്റെ കണക്കുകൂട്ടലുകൾ തെറ്റി..4,700 കോടി രൂപ കാണാതായ കേസ്: ബൈജു രവീന്ദ്രന് യുഎസിലും കുരുക്ക്; ഇരട്ടിത്തുക കെട്ടിവയ്ക്കണമെന്ന് കോടതി…

Posted by: TV Next November 24, 2025 No Comments

ബൈജൂസ് സ്ഥാപകനും മലയാളിയുമായ ബൈജു രവീന്ദ്രന് അമേരിക്കയിലെ കോടതിയിൽ കനത്ത തിരിച്ചടി. ബൈജു ഉടൻ 1.07 ബില്യൻ ഡോളർ (ഏകദേശം 9,600 കോടി രൂപ) അടയ്ക്കണമെന്ന് ഡെലവെയറിലെ പാപ്പരത്ത കോടതി ജഡ്ജി ബ്രൻഡൻ ഷാനൻ ഉത്തരവിട്ടു. ബൈജൂസിന്റെ അമേരിക്കയിലെ ഉപസ്ഥാപനമായ ബൈജൂസ് അൽഫയിൽനിന്ന് 533 മില്യൻ ഡോളർ (ഏകദേശം 4,700 കോടി രൂപ) ഉൾപ്പെടെ കാണാതായ കേസിലാണ് നടപടി. പണം എവിടെയെന്ന് തെളിയിക്കാനോ കേസ് നടപടികളുടെ ഭാഗമായി കോടതിയിൽ ഹാജരാകാനോ ബൈജു രവീന്ദ്രന് കഴിഞ്ഞിരുന്നില്ല. നേരത്തേ കോടതി ഉത്തരവ് പാലിക്കാതിരുന്നതിന്, പ്രതിദിനം 10,000 ഡോളർ വീതം ബൈജുവിന് പിഴ വിധിച്ചിരുന്നു. ഇതും അടച്ചിട്ടില്ലെന്നും ഇപ്പോൾ

ഈയിനത്തിലെ പിഴമാത്രം ലക്ഷക്കണക്കിന് ഡോളർ ആയെന്നും ജഡ്ജി പറഞ്ഞു.കേസിന്റെ നാൾവഴി ഇങ്ങനെബൈജൂസ് ആൽഫയിൽ നിന്ന് 2022ൽ മയാമി ആസ്ഥാനമായ ഹെഡ്ജ് ഫണ്ട് സ്ഥാപനമായ (നിക്ഷേപ കമ്പനി) കാംഷാഫ്റ്റ് ക്യാപിറ്റലിലേക്ക് 533 മില്യൻ ഡോളർ വകമാറ്റിയിരുന്നു. പിന്നീട് 2023ൽ മറ്റൊരു 540.6 മില്യൻ ഡോളറും ഇത്തരത്തിൽ മാറ്റി. ഇരു തുകകളും ചേർത്ത് ആകെ 1.07 ബില്യൻ തിരിച്ചടയ്ക്കാനാണ് ഇപ്പോൾ കോടതി ഉത്തരവ്. ഈ പണം ഇപ്പോൾ എവിടെയാണുള്ളതെന്ന് വ്യക്തമാക്കാൻ ബൈജൂസ് സ്ഥാപകർക്ക് കഴിഞ്ഞില്ല.ആവർത്തിച്ച് നിർദേശിച്ചിട്ടും ഇക്കാര്യത്തിൽ ബൈജു രവീന്ദ്രൻ ഉൾപ്പെടെയുള്ളവർ വീഴ്ച വരുത്തിയെന്ന് കോടതി പറഞ്ഞു. കാംഷാഫ്റ്റിന് പണം കൈമാറിയതു സംബന്ധിച്ച മുഴുവൻ രേഖകളും ഹാജരാക്കണമെന്നും ബൈജുവിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.2021ലാണ് ബൈജൂസ് ആൽഫയുടെ തുടക്കം. ഇക്കാലയളവിൽ യുഎസ് ബാങ്കിങ് കൺസോർഷ്യത്തിൽനിന്ന് ബൈജൂസ് 1.2 ബില്യൻ ഡോളർ (ഏകദേശം 10,000 കോടി രൂപ) വായ്പ എടുത്തിരുന്നു. ഇതു തിരിച്ചടയ്ക്കാൻ കഴിയാതിരുന്നതിനെ തുടർന്നാണ് ബൈജൂസിനെതിരെ ബാങ്കുകൾ പാപ്പരത്ത നടപടി തേടി കോടതിയെ

സമീപിച്ചത്. ഇതിനിടെയായിരുന്നു, 533 മില്യൻ ഡോളർ ‘കടത്തി’യെന്ന ആരോപണവും ബാങ്കുകൾ ഉയർത്തിയത്. പണം കണ്ടുകെട്ടുന്നത് തടയാൻ പണം ‘ഒളിപ്പിച്ചു’ എന്ന ആരോപണവും ബാങ്കുകൾ ഉയർത്തി.കേസിന്റെ പശ്ചാത്തലത്തിൽ ബൈജൂസ് ആൽഫയെ ഏറ്റെടുക്കാൻ ബാങ്കുകളെ കോടതി അനുവദിച്ചിരുന്നു. ഇതിനുശേഷം ബൈജൂസ് ആൽഫയും ബാങ്കുകളുടെ പ്രതിനിധിയായ ഗ്ലാസ് ട്രസ്റ്റുമാണ് ഒളിപ്പിച്ച പണം കണ്ടെത്തണമെന്നാവശ്യപ്പെട്ട് കോടതിയിൽഎത്തിയത്. അതേസമയം, കോടതി ഉത്തരവ് മെറിറ്റിന്റെ

അടിസ്ഥാനത്തിലല്ലെന്നും അപ്പീൽ നൽകുമെന്നും ബൈജു രവീന്ദ്രൻ വ്യക്തമാക്കി. ബൈജൂസിന്റെ മാതൃസ്ഥാപനമായ തിങ്ക് ആൻഡ് ലേണിന്റെ പ്രവർത്തനങ്ങൾക്കായാണ് തുക ഉപയോഗിച്ചത്; വ്യക്തിഗത ആവശ്യത്തിനല്ല. അപകീർത്തിപ്പെടുത്തിയതിന് ഗ്ലാസ് ട്രസ്റ്റിനെതിരെ 2.5 ബില്യന്റെ നഷ്ടപരിഹാരം തേടി തിരിച്ചുംകേസ് നൽകുമെന്നും ബൈജൂസ് അധികൃതർ വ്യക്തമാക്കി.വായ്പാത്തിരിച്ചടവ്

മുടങ്ങിയതിനെ തുടർന്ന് ബൈജൂസ് ഇന്ത്യയിലും പാപ്പരത്ത നടപടി നേരിടുകയാണ്. ബൈജൂസിന്റെ മാതൃസ്ഥാപനമായ തിങ്ക് ആൻഡ് ലേണിനെ ഏറ്റെടുക്കാൻ ശതകോടീശ്വരൻ ഡോ. രഞ്ജൻ പൈ നയിക്കുന്ന മണിപ്പാൽ ഗ്രൂപ്പ്, റോണി സ്ക്രൂവാലയുടെ എജ്യുടെക് കമ്പനിയായ അപ്ഗ്രേഡ് എന്നിവയാണ് രംഗത്തുള്ളത്