29 in Thiruvananthapuram

പലസ്തീൻ എന്ന ഒരു രാഷ്ട്രം ഉണ്ടാകില്ല; ആ വാഗ്ധാനം ഞങ്ങള്‍ നിറവേറ്റും: ബെഞ്ചമിന്‍ നെതന്യാഹു.

Posted by: TV Next September 12, 2025 No Comments

പലസ്തീൻ രാഷ്ട്രം എന്നൊന്ന് ഉണ്ടാകില്ലെന്ന് വീണ്ടും ആവർത്തിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ജറുസലേമിന് സമീപമുള്ള മാലെ അഡുമിം എന്ന ഇസ്രായേൽ കുടിയേറ്റ കേന്ദ്രത്തിൽ നടന്ന ചടങ്ങില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. “പലസ്തീൻ രാഷ്ട്രം ഉണ്ടാകില്ലെന്ന ഞങ്ങളുടെ വാഗ്ദാനം ഞങ്ങൾ നിറവേറ്റും. ഈ സ്ഥലം ഞങ്ങളുടേതാണ്,” നെതന്യാഹു ചടങ്ങിൽ പറഞ്ഞു. “ഞങ്ങളുടെ പൈതൃകം, ഭൂമി, സുരക്ഷ എന്നിവ ഞങ്ങൾ സംരക്ഷിക്കും… ഈ നഗരത്തിന്റെ ജനസംഖ്യ ഞങ്ങൾ ഇരട്ടിയാക്കും,” അദ്ദേഹം വ്യക്തമാക്കി.

E1 എന്നറിയപ്പെടുന്ന 12 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഭൂമിയിൽ ഇസ്രായേൽ വർഷങ്ങളായി നിർമാണം നടത്താൻ ലക്ഷ്യമിട്ടുകൊണ്ടിരിക്കുകയാണ്. എന്നാൽ, അന്താരാഷ്ട്ര വിമർശനങ്ങളെ തുടർന്ന് പദ്ധതി വർഷങ്ങളായി മുടങ്ങിക്കിടക്കുകയാണ്. ജറുസലേമിനും മാലെ അഡുമിം കുടിയേറ്റ കേന്ദ്രത്തിനും ഇടയിൽ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം, പലസ്തീൻ പ്രദേശത്തിന്റെ വടക്കും തെക്കും ബന്ധിപ്പിക്കുന്ന പാതകൾക്ക് സമീപമായാണ് സ്ഥിതി ചെയ്യുന്നത്.

 

കഴിഞ്ഞ മാസം, ഇസ്രായേലിന്റെ അതിവലതുപക്ഷ ധനമന്ത്രി ബെസലെൽ സ്മോട്രിച്ച്, E1-ൽ 3,400 വീടുകൾ നിർമിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനം അന്താരാഷ്ട്ര തലത്തിൽ വിമർശനങ്ങൾക്ക് ഇടയാക്കി. ഐക്യരാഷ്ട്രസഭാ മേധാവി അന്റോണിയോ ഗുട്ടെറസ് കുടിയേറ്റം വെസ്റ്റ് ബാങ്കിനെ രണ്ടായി വിഭജിക്കുമെന്നും, ഒരു തുടർച്ചയായ പലസ്തീൻ രാഷ്ട്രത്തിന്റെ നിലനിൽപ്പിന് “നിർണായക ഭീഷണി” ഉയർത്തുമെന്നും പ്രതികരിച്ചു.