ന്യൂഡൽഹി: കശ്‌മീരിലെ പഹൽഗാമിൽ ഇന്നലെ നടന്ന ക്രൂരമായ ഭീകരാക്രമണത്തിൽ ഇന്ത്യയ്ക്ക് എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വിഷയത്തിൽ മോദിയുമായി ട്രംപ് ഫോണിലൂടെ സംസാരിച്ചുവെന്നാണ് അടുത്തവൃത്തങ്ങൾ അറിയിച്ചത്. കൂടാതെ ഭീകരാക്രമണത്തെ അപലപിച്ചുകൊണ്ട് ലോകനേതാക്കൾ രംഗത്തെത്തി. നേരത്തെ സൗദി സന്ദർശനം റദ്ദാക്കി നരേന്ദ്ര മോദി ഇന്ത്യയിലേക്ക് തിരിച്ചിരുന്നു.
ഡൊണാൾഡ് ട്രംപ് നരേന്ദ്ര മോദിയെ വിളിച്ച് ജമ്മു കശ്‌മീരിലെ ഭീകരാക്രമണത്തിൽ നിരപരാധികളുടെ ജീവൻ നഷ്‍ടപ്പെട്ടതിൽ അഗാധമായ അനുശോചനം അറിയിച്ചു. ട്രംപ് ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുകയും ഈ ഹീനമായ ആക്രമണത്തിന്റെ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ഇന്ത്യയ്ക്ക് പൂർണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്‌തു. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയും അമേരിക്കയും ഒരുമിച്ച് നിൽക്കുന്നു’ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ എക്‌സ് പോസ്‌റ്റിൽ പറഞ്ഞു.
ഭീകരാക്രമണം രാജ്യത്ത് ഞെട്ടലുണ്ടാക്കുകയും വ്യാപകമായ അപലപത്തിനും പ്രതിഷേധത്തിനും ഇടയാക്കുകയും ചെയ്‌തതോടെ, സൗദി അറേബ്യയിൽ രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി മോദി സന്ദർശനം റദ്ദാക്കി ചൊവ്വാഴ്‌ച രാത്രി തന്നെ ന്യൂഡൽഹിയിലേക്ക് മടങ്ങിയിരുന്നു. മുൻ നിശ്ചയിച്ച പ്രകാരം ബുധനാഴ്‌ച രാത്രിയാണ് അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങാൻ തീരുമാനിച്ചിരുന്നത്.
ജമ്മു കശ്‌മീരിലെ ഭീകരാക്രമണത്തെക്കുറിച്ച് ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് ട്രംപിനെ അറിയിച്ചിട്ടുണ്ടെന്നും കൂടുതൽ വസ്‌തുതകൾ പുറത്തുവരുന്നതോടെ അദ്ദേഹം വിവരങ്ങൾ ശേഖരിച്ചു വരികയാണെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് ചൊവ്വാഴ്‌ച അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപ് മോദിയുമായി സംസാരിച്ചത്.
തുടർന്ന് ട്രൂത്ത് സോഷ്യൽ എന്ന ചാനലിലെ ഒരു പോസ്‌റ്റിൽ, കശ്‌മീരിലെ ഭീകരാക്രമണങ്ങളെ ട്രംപ് അപലപിച്ചിരുന്നു. തീവ്രവാദത്തിനെതിരെ ഇന്ത്യയ്‌ക്കൊപ്പം അമേരിക്ക ശക്തമായി നിലകൊള്ളുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. കശ്‌മീരിൽ നിന്ന് പുറത്തുവരുന്ന വാർത്തകൾ വളരെ അസ്വസ്ഥത ഉളവാക്കുന്നതാണ്. ഭീകരതയ്‌ക്കെതിരെ ഇന്ത്യയ്‌ക്കൊപ്പം അമേരിക്ക ശക്തമായി നിലകൊള്ളുന്നു. നഷ്‌ടപ്പെട്ടവരുടെ ആത്മാക്കൾക്കും പരിക്കേറ്റവരുടെ വീണ്ടെടുപ്പിനും ഞങ്ങൾ പ്രാർത്ഥിക്കുന്നു; ട്രംപ് കുറിച്ചു.
പഹൽഗാമിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസും അനുശോചനം രേഖപ്പെടുത്തി. ഭാര്യ ഉഷ വാൻസിനും കുട്ടികൾക്കുമൊപ്പം ഇന്ത്യയിലെത്തിയതാണ് വാൻസ്. ‘കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, ഈ രാജ്യത്തിന്റെയും ഇവിടുത്തെ ജനങ്ങളുടെയും സൗന്ദര്യത്താൽ നാം മയങ്ങിപ്പോയി. ഈ ഭീകരമായ ആക്രമണത്തിൽ അവർ ദുഃഖിക്കുമ്പോൾ ഞങ്ങളുടെ ചിന്തകളും പ്രാർത്ഥനകളും അവരോടൊപ്പമുണ്ട്’ എന്നായിരുന്നു വാൻസ് കുറിച്ചത്.
മറ്റ് ലോകനേതാക്കളും രാജ്യങ്ങളും ആക്രമണത്തെ അപലപിച്ചുകൊണ്ട് രംഗത്ത് വന്നിരുന്നു. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തി, സൗദി അറേബ്യ ഇന്ത്യയ്‌ക്കൊപ്പം നിലകൊള്ളുന്നുവെന്നും ആവശ്യമായ ഏത് പിന്തുണയും നൽകാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
ആക്രമണത്തെ ക്രൂരമായ കുറ്റകൃത്യം എന്ന് വിശേഷിപ്പിച്ച റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ നീതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു. ഇതിന്റെ സ്‌പോൺസർമാരും കുറ്റവാളികളും അർഹമായ ശിക്ഷ അനുഭവിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും അയച്ച സന്ദേശത്തിൽ പറഞ്ഞു.
ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും അനുശോചനം രേഖപ്പെടുത്തി. ‘ഇന്ന് ഇന്ത്യയിൽ നടന്ന ഭീകരാക്രമണത്തിൽ അഗാധമായ ദുഃഖമുണ്ട്, ഇത് നിരവധി ഇരകൾക്ക് കാരണമായി. ദുരിതബാധിതരുടെ കുടുംബങ്ങളോടും, പരിക്കേറ്റവരോടും, സർക്കാരിനോടും, എല്ലാ ഇന്ത്യൻ ജനതയോടും ഇറ്റലി അതിന്റെ അടുപ്പം പ്രകടിപ്പിക്കുന്നു’ അവർ എക്‌സിൽ കുറിച്ചു. ഇസ്രായേൽ, യുകെ തുടങ്ങിയ രാജ്യങ്ങളും അനുശോചനം അറിയിച്ചിട്ടുണ്ട്.സമീപകാലത്ത് നടന്ന മേഖലയിലെ ഏറ്റവും വലിയ ഭീകരാക്രമണങ്ങളിലൊന്നാണ് പഹൽഗാമിലേത്. ഇന്നലെ ഉച്ചയ്ക്ക് 2:30 ഓടെയാണ് അപ്രതീക്ഷിതമായ ഭീകരാക്രമണം നടന്നത്. ബൈസരൻ പുൽമേട്ടിൽ വിനോദസഞ്ചാരികൾക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ 26 പേരോളം കൊല്ലപ്പെട്ടുവെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്….