കോഴിക്കോട്: മലയാളത്തിന്റെ സുകൃതം എംടി വാസുദേവന്‍ നായർ (91) വിടവാങ്ങി. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിന് ഇടയിലാണ് സാഹിത്യത്തിന്റെ ജ്ഞാനപീഠം കയറിയ കഥാകാരന്റെ വിയോഗം. ഹൃദ്രോഗവും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ പതിനൊന്ന് ദിവസമായി തീവ്രപരിചരണ വിഭാഗത്തിൽ വിദഗ്ധ ചികിത്സയിലായിരുന്നു. ചികിത്സക്കിടേയുണ്ടായ ഹൃദയാഘാതമാണ് ആരോഗ്യനില കൂടുതല്‍ വഷളാക്കിയത്. കഴിഞ്ഞ ഒരു മാസത്തോളമായി വിവിധ ആരോഗ്യ പ്രശ്നങ്ങള്‍ എംടിയെ അലട്ടിയിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യ നില കൂടുതല്‍ മോശമായെന്ന റിപ്പോർട്ട് ഏതാനും സമയം മുമ്പ് പുറത്ത് വന്നിരുന്നു.
ശ്വാസ തടസത്തെ തുടര്‍ന്ന് ഇക്കഴിഞ്ഞ 15 നാണ് എംടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ശ്വസന, ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് പുറമെ ശരീരത്തിന്‍റെ മറ്റു അവയവങ്ങളുടെ പ്രവർത്തനവും മോശമാകുകയായിരുന്നു. ഇതിനിടയില്‍ മരുന്നുകളോട് പ്രതികരിക്കുന്നുവെന്ന വാർത്തകളും പുറത്ത് വന്നിരുന്നു. ഇതിനിടയിലാണ് മഹാസാഹിത്യകാരന്റെ ആരോഗ്യനില വീണ്ടും ഗുരുതരമായതും ദേഹവിയോഗമുണ്ടാകുന്നതും.
മുഖ്യമന്ത്രി പിണറായി വിജയന്‍, ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എന്നിവർ എംടിയുടെ മകള്‍ അശ്വതിയെ വിളിച്ച് രോഗവിവരം ആരാഞ്ഞിരുന്നു. മന്ത്രിമാരായ എകെ ശശീന്ദ്രന്‍, മുഹമ്മദ് റിയാസ് കടന്നപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയ നിരവധി പ്രമുഖർ ആശുപത്രിയിലെത്തി എംടിയെ സന്ദർശിച്ചു. മണ്ണും മലയാളവും ഉള്ളിടത്തോളം കാലം ഓർക്കപ്പെടുന്ന രണ്ടക്ഷരമാണ് മലയാളികള്‍ക്ക് എംടി. മലയാള സാഹിത്യത്തിന് മാത്രമല്ല, ഇന്ത്യന്‍ സാഹിത്യ ശാഖയ്ക്ക് വരെ അഭിമാനകരമായ ഒട്ടുവധി കൃതികള്‍ ആ തൂലികയില്‍ നിന്നും പിറന്നു. സിനിമ മേഖലയില്‍ കൈവെച്ചതെല്ലാം അദ്ദേഹം തിലകകുറികളാക്കി മാറ്റി. ജ്ഞാനപീഠ പുരസ്കാരം നേടിയ മലയാള സാഹിത്യകാരന്മാരില്‍ ജീവിച്ചിരിക്കുന്ന ഏക വ്യക്തിയുമായിരുന്നു എംടി. തൃശൂർ ജില്ലയിലെ പുന്നയൂർക്കുളത്തുക്കാരനായ ടി നാരായണൻ നായരുടെയും പാലക്കാട്ടെ കൂടല്ലൂരുകാരിയായ അമ്മാളുവമ്മയുടെയും ഇളയ മകനായി 1933 ജുലൈയലാണ് എംടി വാസുദേവന്‍ നായർ ജനിക്കുന്നത്. എംടിയുടെ ചെറുപ്പകാലം അധികവും അമ്മയുടെ നാടായാ കൂടല്ലൂരായിരുന്നു. പില്‍ക്കാലത്ത് എംടിയെന്ന എഴുത്തുകാരന്റെ ഹൃദയഭൂമിയായി നിളയോര ഗ്രാമമായ കൂടല്ലൂർ മാറുന്നതും നാം കണ്ടു.
കുടിപ്പള്ളിക്കൂടത്തില്‍ വിദ്യാഭ്യാസം ആരംഭിച്ച എംടി വാസുദേവന്‍ നായർ തുടർന്ന് മലമക്കാവ് എലിമെന്ററി സ്‌ക്കൂളിലും കുമരനെല്ലൂർ ഹൈസ്‌ക്കൂളിലും സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. പാലക്കാട് വിക്ടോറിയ കോളേജിൽ ഉപരിപഠനത്തിന് ചേർന്നപ്പോള്‍ ഐച്ഛിക വിഷയമായി എടുത്തതാകട്ടെ രസതന്ത്രവും. രസതന്ത്രം പഠിച്ച എംടി പട്ടാമ്പി ബോർഡ് ഹൈസ്‌കൂളിൽ പിന്നെ ചാവക്കാട് ബോർഡ് ഹൈസ്‌കൂളിലും അധ്യാപകനായപ്പോള്‍ പഠിപ്പിച്ചതാകട്ടെ കണക്കും. മാതൃഭൂമിയില്‍ ജോലി ലഭിച്ചതോടെയാണ് എംടി കോഴിക്കോടേക്ക് എത്തുന്നത്. പിന്നീട് മറ്റ് പലരേയും പോലെ എംടിയും കോഴിക്കോട് സ്ഥിരതാമസമാക്കി.
സ്കൂൾവിദ്യാഭ്യാസകാലത്ത് തന്നെ സാഹിത്യലോകത്തേക്ക് എംടി പിച്ചവെച്ചു കയറി. ‘രക്തം പുരണ്ട മൺതരികൾ’ എന്ന ആദ്യത്തെ കഥാസമാഹാരം പുറത്തിറക്കുന്നത് വിക്റ്റോറിയ കോളേജിൽ ബിരുദത്തിന് പഠിക്കുമ്പോഴാണ്. 1954-ൽ ന്യൂയോർക്ക് ഹെറാൾഡ് ട്രിബ്യൂൺ സംഘടിപ്പിച്ച ലോകചെറുകഥാമത്സരത്തിന്റെ ഭാഗമായി മാതൃഭൂമി നടത്തിയ കഥാമത്സരത്തിൽ വളർത്തുമൃഗങ്ങള്‍ എന്ന കഥ ഒന്നാം സ്ഥാനം നേടിയതോടെയാണ് എംടി മലയാള സാഹിത്യ ലോകത്ത് ശ്രദ്ധിക്കപ്പെട്ട് തുടങ്ങുന്നത്. ഖണ്ഡശഃയായി പുറത്തുവന്ന പാതിരാവും പകൽവെളിച്ചവുമാണ് ആദ്യ നോവലെങ്കിലും എംടിയുടേതായി പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ച ആദ്യ നോവൽ നാലുകെട്ടാണ്. ആദ്യനോവലിനു തന്നെ കേരളാ സാഹിത്യ അക്കാദമി പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചു. പിന്നീട് ‘സ്വർഗ്ഗം തുറക്കുന്ന സമയം’, ‘ഗോപുരനടയിൽ’ എന്നീ കൃതികൾക്കും കേരള സാഹിത്യ അക്കാദമി അവാർഡുകൾ ലഭിച്ചു. ജ്ഞാനപീഠം (1995), പത്മഭൂഷണ്‍ (2005), ജെസി ദാനിയേൽ പുരസ്കാരം (2013) എന്നിവയ്ക്ക് പുറമെ കേന്ദ്ര-കേരള സാഹിത്യ അക്കാദമി അവാർഡുകളും നിരവധി തവണ ദേശീയ-സംസ്ഥാന ചലച്ചിത്ര അവാർഡുകളും എംടി കരസ്ഥമാക്കിയിട്ടുണ്ട്.