29 in Thiruvananthapuram
TV Next News > News > International > സന്ധ്യയും മക്കളും ഇനി സ്വന്തം വീട്ടിൽ അന്തിയുറങ്ങും; ബാധ്യത ഏറ്റെടുത്ത് ലുലു ഗ്രൂപ്പ്

സന്ധ്യയും മക്കളും ഇനി സ്വന്തം വീട്ടിൽ അന്തിയുറങ്ങും; ബാധ്യത ഏറ്റെടുത്ത് ലുലു ഗ്രൂപ്പ്

Posted by: TV Next October 15, 2024 No Comments

കൊല്ലം: പറവൂരിൽ സ്വകാര്യ പണമിടപാട് സ്ഥാപനം വീട് ജപ്‌തി ചെയ്‌തതിനെ തുടർന്ന് പെരുവഴിയിലായ സന്ധ്യക്കും കുടുംബത്തിനും തണലായി ലുലു ഗ്രൂപ്പ്. എംഎ യൂസഫലിയുടെ ഇടപെടലിന് പിന്നാലെ ജപ്‌തി ചെയ്‌ത വീടിന്റെ താക്കോൽ സന്ധ്യക്കും മക്കൾക്കും തിരികെ ലഭിച്ചു. വീട് ജപ്‌തി ചെയ്‌ത മണപ്പുറം ഫൈനാൻസിന് ബാധ്യതകൾ മുഴുവൻ അടച്ചു തീർക്കാമെന്ന ഉറപ്പ് നൽകിയതിന് പുറമേ സന്ധ്യക്ക് 10 ലക്ഷം രൂപയുടെ സഹായവും ലുലു ഗ്രൂപ്പ് കൈമാറിയിട്ടുണ്ട്.

 

ലുലു ഗ്രൂപ്പിന്റെ മീഡിയ കോർഡിനേറ്റർ സ്വരാജാണ് താക്കോൽ സന്ധ്യയ്ക്കും കുടുംബത്തിനും കൈമാറിയത്. ഇതിന് പിന്നാലെ സന്ധ്യയും മക്കളും വീട് തുറന്ന് അകത്തേക്ക് കയറി. ഇനി കുടുംബത്തിന് ആരെയും ഭയക്കാതെ അന്തിയുറങ്ങാനുള്ള സൗകര്യമാണ് ലുലു ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ചെയ്‌തു കൊടുത്തിരിക്കുന്നത്.

ഭീമമായ ബാധ്യത അടച്ചുതീർക്കാനാവാതെ ജപ്‌തി ചെയ്യപ്പെട്ട വീടിന് മുന്നിൽ പകച്ചു നിന്ന സന്ധ്യയുടെയും രണ്ട് മക്കളുടെയും ദുരനുഭവം ഏറെ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. പല കോണുകളിൽ നിന്ന് ഇടപെടൽ ഉണ്ടായതിന് പിന്നാലെയാണ് പ്രമുഖ വ്യവസായി എംഎ യൂസഫലിയുടെ ലുലു ഗ്രൂപ്പ് സഹായ ഹസ്‌തവുമായി രംഗത്ത് വന്നത്. യൂസഫലിയുടെ സഹായം കിട്ടിയില്ലായിരുന്നെങ്കിൽ താനും മക്കളും ഇന്ന് മരിക്കേണ്ടതായിരുന്നു എന്നാണ് സന്ധ്യ പ്രതികരിച്ചത്. ഇപ്പോൾ സമാധാനമായെന്നും സന്ധ്യ പറഞ്ഞു.

 

നേരത്തെ സന്ധ്യ ജോലിക്ക് പോയി തിരിച്ചു വന്ന സമയത്താണ് വീട് ജപ്‌തി ചെയ്തെന്ന വിവരം അറിഞ്ഞത്. വീടിനുള്ളിലെ സാധനങ്ങൾ പോലും എടുക്കാൻ കഴിയാതെ ദുരതത്തിലായിരുന്നു സന്ധ്യയും മക്കളും. ലൈഫ് മിഷനിലൂടെ പണി കഴിപ്പിച്ച വീടിന്റെ ബാക്കി പണികൾ പൂർത്തിയാക്കാൻ വേണ്ടി എടുത്ത ലോണാണ് തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് വലിയ തുകയായി മാറിയത്. കഴിഞ്ഞ മൂന്ന് വർഷമായി ഇതിന്റെ തിരിച്ചടവ് മുടങ്ങിയിരുന്നുവെന്നും നാല് തവണയോളം മുന്നറിയിപ്പ് നൽകിയ ശേഷമാണ് ജപ്‌തി നടപടികൾ ആരംഭിച്ചതെന്നും മണപ്പുറം ഫിനാൻസ് വ്യക്തമാക്കിയിരുന്നു.

പലിശയടക്കം ഏഴ് ലക്ഷത്തോളം രൂപയുടെ ബാധ്യതയാണ് ഉണ്ടായിരുന്നത്. സന്ധ്യയെയും മക്കളെയും ഉപേക്ഷിച്ചുപോയ ഭർത്താവ് വരുത്തിവച്ച കടമാണ് ഇതെന്ന് അവർ പറയുന്നു. നിലവിൽ ഒരു സ്വകാര്യ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ ജോലി ചെയ്‌തു വരികയായിരുന്നു സന്ധ്യ. എന്നാൽ ഈ തുച്ഛമായ വരുമാനത്തിൽ നിന്ന് ലോൺ തിരിച്ചടയ്ക്കാൻ കഴിയാതെ വന്നതോടെയാണ് കടം പെരുകിയത്.

 

വീട്ടിൽ തിരികെ കയറാൻ കഴിയാതെ പച്ചവെള്ളം പോലും കുടിക്കില്ലെന്ന് ദൃ‌ഢനിശ്ചയത്തിലായിരുന്നു സന്ധ്യ. ഇതോടെ മാധ്യമങ്ങളും സംഭവം ഏറ്റെടുക്കുകയായിരുന്നു. നേരത്തെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉൾപ്പെടെയുള്ളവരും വിഷയത്തിൽ ഇടപെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മുഴുവൻ ബാധ്യതകളും ഏറ്റെടുക്കുന്നതായി ലുലു ഗ്രൂപ്പ് അറിയിച്ചത്.