പാട്‌ന: ബിഹാറില്‍ കുട്ടികളടക്കം 46 പേര്‍ മുങ്ങിമരിച്ച് വന്‍ ദുരന്തം. ‘ജിതിയ’ അഥവാ ‘ജിവിത്പുത്രിക’ എന്ന ചടങ്ങിനിടെയാണ് സംഭവം. മരിച്ചവരില്‍ 37 പേര്‍ കുട്ടികളും ഏഴ് പേര് സ്ത്രീകളുമാണ് എന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കിഴക്ക്, പടിഞ്ഞാറ് ചമ്പാരന്‍, ഔറംഗബാദ്, കൈമൂര്‍, ബക്സര്‍, സിവാന്‍, റോഹ്താസ്, സരണ്‍, പട്ന, വൈശാലി, മുസാഫര്‍പൂര്‍, സമസ്തിപൂര്‍, ഗോപാല്‍ഗഞ്ച്, അര്‍വാള്‍ ജില്ലകളിലാണ് മുങ്ങിമരണം റിപ്പോര്‍ട്ട് ചെയ്തത്.
സംഭവത്തില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്ക് 4 ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്നും പ്രഖ്യാപിട്ടു. അപകടത്തില്‍ മൂന്ന് പേരെ കാണാതായിട്ടുണ്ട് എന്നാണ് വിവരം. ദേശീയ ദുരന്ത നിവാരണ സേനയുടെയും (എന്‍ഡിആര്‍എഫ്) സംസ്ഥാന ദുരന്ത നിവാരണ സേനയുടെയും (എസ്ഡിആര്‍എഫ്) അംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിട്ടുണ്ട്.
കുട്ടികളുടെ ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടിയാണ് അമ്മമാര്‍ ‘ജിതിയ’ ഉത്സവം ആചരിക്കുന്നത്. അമ്മമാര്‍ക്കൊപ്പം കുട്ടികള്‍ വിവിധയിടങ്ങളിലെ ജലാശയങ്ങളില്‍ കുളിക്കാന്‍ പോയപ്പോഴായിരുന്നു അപകടം. ഔറംഗബാദ് ജില്ലയില്‍ എട്ട് കുട്ടികളാണ് മുങ്ങിമരിച്ചത്. ഇതില്‍ നാല് കുട്ടികള്‍ ബറൂണ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഇറ്റാഹട്ട് ഗ്രാമത്തിലും മറ്റ് നാല് കുട്ടികള്‍ മദന്‍പൂര്‍ പൊലീസ് സ്റ്റേഷനിലെ കുഷാഹ ഗ്രാമത്തിലും ഉള്ളവരാണ്.
കഴിഞ്ഞ ഒക്ടോബറില്‍, ഇതേ ഉത്സവത്തിനിടെ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 24 മണിക്കൂറിനുള്ളില്‍ 15 കുട്ടികളടക്കം 22 പേര്‍ മുങ്ങി മരിച്ചിരുന്നു.