ന്യൂഡൽഹി: രാഷ്ട്രീയത്തിലെ കുടുംബാധിപത്യം ചൂണ്ടിക്കാട്ടി വീണ്ടും പാർട്ടി നേതൃത്വത്തിന് തലവേദന സൃഷ്‌ടിച്ചിരിക്കുകയാണ് കോൺഗ്രസ് എംപി ശശി തരൂർ. കുടുംബാധിപത്യ രാഷ്ട്രീയത്തെക്കുറിച്ച് അദ്ദേഹം എഴുതിയ ലേഖനമാണ് ഇത്തവണ ചർച്ചയായ വിഷയം. നെഹ്‌റു-ഗാന്ധി കുടുംബം രാഷ്ട്രീയ നേതൃത്വം ഒരു ജന്മാവകാശമാണെന്ന ആശയം ഉറപ്പിച്ചു എന്നാണ് തരൂർ ലേഖനത്തിൽ ആരോപിക്കുന്നത്.മാത്രമല്ല കുടുംബാധിപത്യ രാഷ്ട്രീയം ഇന്ത്യൻ ജനാധിപത്യത്തിന് ഗുരുതരമായ ഭീഷണിയാണെന്നും കുടുംബാധിപത്യത്തിന് പകരം മെറിറ്റിന് അനുസരിച്ച് ഭരണം ലഭിക്കണമെന്നും അദ്ദേഹം വാദിക്കുന്നു. ഒക്ടോബർ 31-ന് പ്രോജക്റ്റ് സിൻഡിക്കേറ്റ് പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ശശി തരുർ ഇക്കാര്യം വ്യക്തമാക്കിയത്. ബിഹാർ തിരഞ്ഞെടുപ്പ് ഉൾപ്പെടെ വരാനിരിക്കെ ഇത് ആയുധമാക്കുകയാണ് ബിജെപി അടക്കമുള്ള കക്ഷികൾ.
പതിറ്റാണ്ടുകളായി ഒരു കുടുംബം ഇന്ത്യൻ രാഷ്ട്രീയത്തിൽ ആധിപത്യം പുലർത്തി. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു, പ്രധാനമന്ത്രിമാരായിരുന്ന ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, നിലവിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, എംപി പ്രിയങ്കാ ഗാന്ധി വധേര എന്നിവരടങ്ങുന്ന നെഹ്‌റു-ഗാന്ധി കുടുംബത്തിന്റെ സ്വാധീനം ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രവുമായി ഇഴചേർന്നിരിക്കുന്നു; തരൂർ ചൂണ്ടിക്കാട്ടി
എന്നാൽ രാഷ്ട്രീയ നേതൃത്വം ഒരു ജന്മാവകാശമാണെന്ന ആശയം ഇത് ഊട്ടി ഉറപ്പിക്കുകയും ചെയ്‌തു. ഈ ആശയം എല്ലാ പാർട്ടികളിലും എല്ലാ പ്രദേശങ്ങളിലും എല്ലാ തലങ്ങളിലും ഇന്ത്യൻ രാഷ്ട്രീയത്തിൽ ആഴത്തിൽ വേരുറപ്പിച്ചു കഴിഞ്ഞുവെന്നും ശശി തരൂർ കൂട്ടിച്ചേർത്തു. എന്നാൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും വയനാട് എംപി പ്രിയങ്കാ ഗാന്ധി വധേരയെയും ലേഖനത്തിൽ പരാമർശിച്ചത് പാർട്ടി നേതൃത്വത്തിന് അനിഷ്‌ടമുണ്ടാക്കിയെന്നാണ് ലഭ്യമായ വിവരം
.
എന്നാൽ മറുവശത്ത് തരൂരിന്റെ വാക്കുകൾ ഏറ്റെടുത്തിരിക്കുകയാണ് ബിജെപി. പാർട്ടി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനാവാല തരൂരിന്റെ ലേഖനത്തെ വളരെ ഉൾക്കാഴ്‌ചയുള്ള ഒന്നെന്നാണ് പുകഴ്ത്തിയത്. ഇത്രയും സത്യസന്ധമായി സംസാരിച്ചതിന് ഉറപ്പായും കോൺഗ്രസ് നേതാവിന് എന്തെങ്കിലും പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു
ശിവസേന, സമാജ്‌വാദി പാർട്ടി, പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി), നാഷണൽ കോൺഫറൻസ് (എൻസി) തുടങ്ങിയ പ്രാദേശിക പാർട്ടികളിലും കുടുംബാധിപത്യ രാഷ്ട്രീയം ഒരു പ്രധാന സവിശേഷതയാണെന്ന് ശശി തരൂർ ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു. കുടുംബാധിപത്യ രാഷ്ട്രീയം ഇന്ത്യൻ ജനാധിപത്യത്തിന് ഗുരുതരമായ ഭീഷണിയാണ്. രാഷ്ട്രീയ അധികാരം കഴിവോ പ്രതിബദ്ധതയോ ജനങ്ങളുമായുള്ള ബന്ധമോ അടിസ്ഥാനമാക്കാതെ കുടുംബബന്ധം കൊണ്ട് നിർണ്ണയിക്കപ്പെടുമ്പോൾ ഗുണനിലവാരം കുറയും; തരൂർ വ്യക്തമാക്കി.
‘ഇന്ത്യയിൽ കുടുംബാധിപത്യത്തെ മെറിറ്റോക്രസിക്ക് പകരം മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നിയമപരമായി നിർബന്ധിതമായ കാലാവധി പരിധികൾ ഏർപ്പെടുത്തുന്നത് മുതൽ അർത്ഥവത്തായ ആന്തരിക പാർട്ടി തിരഞ്ഞെടുപ്പുകൾ നിർബന്ധമാക്കുന്നത് വരെ അടിസ്ഥാന പരിഷ്‌കാരങ്ങൾ ഇതിന് ആവശ്യമാണ്, കൂടാതെ മെറിറ്റിന്റെ അടിസ്ഥാനത്തിൽ നേതാക്കളെ തിരഞ്ഞെടുക്കാൻ വോട്ടർമാരെബോധവൽക്കരിക്കാനും ശാക്തീകരിക്കാനുമുള്ള യോജിച്ച ശ്രമവും ആവശ്യമാണ്’ അദ്ദേഹം ചൂണ്ടിക്കാട്ടി.
ചെറിയൊരു കൂട്ടത്തിൽ നിന്ന് കഴിവുള്ളവരെ തിരഞ്ഞെടുക്കുന്നത് ഒരിക്കലും ഗുണകരമല്ല, എന്നാൽ സ്ഥാനാർത്ഥികളുടെ പ്രധാന യോഗ്യത അവരുടെ കുടുംബപ്പേരാകുമ്പോൾ ഇത് കൂടുതൽ പ്രശ്‌നമായി മാറുകയാണ് ചെയ്യുന്നത്’ ശശി തരൂർ കൂട്ടിച്ചേർത്തു. തരൂരിന്റെ വെളിപ്പെടുത്തൽ കോൺഗ്രസിന് വലിയ രീതിയിൽ തിരിച്ചടിയുണ്ടാക്കുമെന്നാണ് വിലയിരുത്തൽ.ദേശീയ തലത്തിൽ ഉൾപ്പെടെ കോൺഗ്രസിന് എതിരെ ബിജെപി ഏറ്റവും അധികം ഉന്നയിക്കുന്ന ആരോപണങ്ങളിൽ ഒന്നാണ് കുടുംബവാഴ്‌ച. അതിനെ ശരിവയ്ക്കുന്നതാണ് ശശി തരൂരിന്റെ ലേഖനം. മാത്രമല്ല ബിഹാർ തിരഞ്ഞെടുപ്പ് ഉൾപ്പെടെ മുന്നിൽ നിൽക്കെ തരൂരിന്റെ വാക്കുകൾ കോൺഗ്രസ് നേതൃത്വത്തിന് കീറാമുട്ടിയാവും എന്നുറപ്പാണ്
.