29 in Thiruvananthapuram

റേറ്റിംഗിൽ വൻ വീഴ്ച വീണ് റിപ്പോർട്ടർ ടിവി, അമ്പരപ്പിക്കുന്ന കുതിപ്പിൽ ഏഷ്യാനെറ്റ് ന്യൂസ്

Posted by: TV Next October 31, 2025 No Comments

100 കോടിയുടേയും 150 കോടിയുടേയും മാനനഷ്ടക്കേസുകളുമായി ഒരു വശത്ത് ഏഷ്യാനെറ്റ് ന്യൂസും റിപ്പോര്‍ട്ടര്‍ ടിവിയും തമ്മില്‍ നിയമപോരാട്ടത്തിലാണ്. മറുവശത്ത് അതിലും രൂക്ഷമായ ബാര്‍ക്ക് റേറ്റിംഗ് പോരാട്ടത്തില്‍ റിപ്പോര്‍ട്ടര്‍ ടിവിക്ക് വന്‍ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. 42ാം ആഴ്ചയിലെ വാര്‍ത്താ ചാനലുകളുടെ ബാര്‍ക് റേറ്റിംഗ് പുറത്ത് വന്നപ്പോള്‍ 100 പോയിന്റ് മറികടന്നിരിക്കുകയാണ് ഏഷ്യാനെറ്റ് ന്യൂസ്. 104 ജിആര്‍പിയാണ് ഏഷ്യാനെറ്റ് ന്യൂസ് നേടിയിരിക്കുന്നത്.

രണ്ടാം സ്ഥാനത്ത് ഉളളത് റിപ്പോര്‍ട്ടര്‍ ടിവിയാണ്. എന്നാല്‍ ഏഷ്യാനെറ്റ് ന്യൂസുമായി വലിയ അന്തരം പോയിന്റിലുണ്ട് എന്നതാണ് റിപ്പോര്‍ട്ടര്‍ ടിവിക്ക് ക്ഷീണമാകുന്നത്. 80 പോയിന്റാണ് റേറ്റിംഗില്‍ റിപ്പോര്‍ട്ടര്‍ നേടിയത്. ഏറെ നാളുകളായി റിപ്പോര്‍ട്ടര്‍ ടിവിയും ഏഷ്യാനെറ്റും തമ്മില്‍ തന്നെയാണ് റേറ്റിംഗ് പട്ടികയിലെ ഒന്നും രണ്ടും സ്ഥാനങ്ങള്‍ക്ക് വേണ്ടി പൊരുതുന്നത്.

ഏഷ്യാനെറ്റിനെ ഞെട്ടിച്ച് കൊണ്ട് പലതവണ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചെത്താന്‍ റിപ്പോര്‍ട്ടറിന് സാധിച്ചിരുന്നു. ഇടയ്ക്ക് ഏഷ്യാനെറ്റ് ഒന്നാം സ്ഥാനം തിരിച്ച് പിടിച്ചപ്പോഴൊക്കെയും പോയിന്റുകള്‍ തമ്മില്‍ റിപ്പോര്‍ട്ടറിന് വലിയ അന്തരം ഇല്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ റേറ്റിംഗില്‍ ഏഷ്യാനെറ്റ് ന്യൂസ് തങ്ങളുടെ ആധിപത്യം തിരിച്ച് പിടിക്കുന്ന കാഴ്ചയാണ് കാണുന്നത്. റിപ്പോര്‍ട്ടറിനേക്കാള്‍ 24 പോയിന്റാണ് ഏഷ്യാനെറ്റ് ന്യൂസിന് അധികമുളളത്.

24 ന്യൂസ് തന്നെയാണ് പുതിയ റേറ്റിംഗ് ചാര്‍ട്ടിലും മൂന്നാമത് നില്‍ക്കുന്നത്. 24 ന്യൂസ് നേരത്തെ റിപ്പോര്‍ട്ടറിനും ഏഷ്യാനെറ്റിനും വരെ വെല്ലുവിളി ഉയര്‍ത്തുന്ന തരത്തില്‍ റേറ്റിംഗില്‍ മുന്നിലെത്തിയിരുന്നു. എന്നാല്‍ അവിടെ നിന്നും വലിയ വീഴ്ചയാണ് 24 ന്യൂസ് നേരിടുന്നത്. 56 പോയിന്റുകള്‍ മാത്രമാണ് 24 ന്യൂസിനുളളത്.നാലാം സ്ഥാനത്ത് ഉളളത് മാതൃഭൂമി ന്യൂസ് ആണ്. 24 ന്യൂസിനേക്കാള്‍ 16 പോയിന്റ് പിന്നിലാണ് മാതൃഭൂമി. 40 പോയിന്റ് മാത്രമാണ് റേറ്റിംഗില്‍ മാതൃഭൂമിക്ക് ഉളളത്.

മാതൃഭൂമി ന്യൂസിന് പിന്നിലായി അഞ്ചാം സ്ഥാനത്ത് മനോരമ ന്യൂസ് ഉണ്ട്. 36 പോയിന്റ് ആണ് മനോരമയ്ക്ക് ഉളളത്. മനോരമയ്ക്കും മാതൃഭൂമിക്കും ഇടക്കാലത്ത് വലിയ വെല്ലുവിളി ഉയര്‍ത്തിയ ന്യൂസ് മലയാളം ആറാം സ്ഥാനത്ത് മാത്രമാണ് എത്തിയിരിക്കുന്നത്. 30 പോയിന്റ് മാത്രമേ ന്യൂസ് മലയാളത്തിന് നേടാന്‍ സാധിച്ചിട്ടുളളൂ. റേറ്റിംഗില്‍ ജനം ടിവിക്ക് പിന്നിലാണ് കൈരളി ന്യൂസിന്റെ സ്ഥാനം. ജനം ടിവി 23 പോയിന്റുകള്‍ ലഭിച്ച് ഏഴാം സ്ഥാനത്തും കൈരളി 20 പോയിന്റുകളുമായി എട്ടാം സ്ഥാനത്തുമാണ്.

റേറ്റിംഗില്‍ വലിയ വീഴ്ച നേരിടുന്ന മലയാളത്തിലെ മറ്റൊരു വാര്‍ത്താ ചാനല്‍ ന്യൂസ് 18 കേരളം ആണ്. 12 പോയിന്റുകള്‍ മാത്രമാണ് ന്യൂസ് 18 കേരളത്തിന് ഉളളത്. പട്ടികയില്‍ ചാനല്‍ ഒന്‍പതാമതാണ്. ബാര്‍ക്ക് റേറ്റിംഗിന് വിശ്വാസ്യത ഇല്ലെന്ന് ആരോപിച്ച് ബാര്‍ക്ക് ഉപേക്ഷിച്ചിരിക്കുകയാണ് മീഡിയാ വണ്‍. ഏറെ നാളുകളായി റേറ്റിംഗില്‍ പത്താം സ്ഥാനത്ത് ആണ് മീഡിയാ വണ്‍. ഈ തവണയും 9 പോയിന്റുമായി മീഡിയാ വണ്‍ അവസാനമാണ്. അടുത്ത റേറ്റിംഗ് ചാര്‍ട്ടില്‍ മീഡിയാ വണ്‍ ഉള്‍പ്പെട്ടേക്കില്ല.