തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് മുന്നിലെത്തി നില്‍ക്കേ ജനക്ഷേമപരമായ തീരുമാനങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍. ക്ഷേമപെന്‍ഷന്‍ തുകയില്‍ വര്‍ധനവ് അടക്കമുളള വമ്പൻ പ്രഖ്യാപനങ്ങളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്. ക്ഷേമ പെന്‍ഷന്‍ 400 രൂപ വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇതോടെ നിലവിലെ പെന്‍ഷന്‍ തുകയായ 1600 എന്നത് 2000 ആയി ഉയരും.
നംവബര്‍ 1 മുതല്‍ ക്ഷേമപെന്‍ഷന്‍ വര്‍ധനവ് നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനായി പ്രതിവര്‍ഷം 13000 കോടി രൂപയാണ് സര്‍ക്കാര്‍ നീക്കി വെയ്ക്കുന്നത്. ഇത് കൂടാതെ ഏറെക്കാലമായി സമരത്തിലുളള ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയത്തിലും വര്‍ധനവ് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിമാസം ആയിരം രൂപയുടെ വര്‍ധനവ് ആണ് ഉണ്ടാവുക. 26125 പേര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. പ്രതിവര്‍ഷം 250 കോടി ഇതിനായി സര്‍ക്കാരിന് ചെലവ് വരും. ആശമാരുടെ മുഴുവന്‍ കുടിശ്ശികയും നല്‍കും.
ഇത് കൂടാതെ സ്ത്രീ സുരക്ഷയ്ക്കായി സര്‍ക്കാര്‍ പുതിയ പദ്ധതി ആരംഭിക്കുന്നതായും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സാമൂഹ്യ സുരക്ഷാ പദ്ധതികളില്‍ അംഗങ്ങളല്ലാത്ത, ട്രാന്‍സ് വുമണ്‍ അടക്കമുളള പാവപ്പെ്ട്ട കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് എല്ലാ മാസവും സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കും. 35 മുതല്‍ 60 വയസ്സ് വരെ പ്രായമുളള എഐവൈ മഞ്ഞക്കാര്‍ഡ്, പിഎച്ച്എച്ച് വിഭാഗത്തില്‍പ്പെട്ട സ്ത്രീകള്‍ക്കാണ് പ്രതിമാസം ആയിരം രൂപ സ്ത്രീ സുരക്ഷാ പെന്‍ഷന്‍ അനുവദിക്കുക.
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍, പെന്‍ഷന്‍കാര്‍ എന്നിവര്‍ക്ക് നല്‍കാനുളള ഡിഎ, ഡിആര്‍ കുടിശ്ശിക 2 ഗഡു ഈ സാമ്പത്തിക വര്‍ഷം നല്‍കിയിട്ടുണ്ട്. ഈ സാമ്പത്തിക വര്‍ഷം തന്നെ ഒരു ഗഡു ഡിഎ, ഡിആര്‍ കൂടി അനുവദിക്കുന്നതായും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇത്തവണ 4 ശതമാനം ആയാണ് നവംബറില്‍ വിതരണം ചെയ്യുന്ന ശമ്പളം, പെന്‍ഷന്‍ എന്നിവയ്‌ക്കൊപ്പം വിതരണം ചെയ്യുക.
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ പതിനൊന്നാം ശമ്പള പരിഷ്‌ക്കരണ കുടിശ്ശികയുടെ ബാക്കിയുളള മൂന്നും നാലും ഗഡുക്കള്‍ ഈ സാമ്പത്തിക വര്‍ഷം തന്നെ നല്‍കും. അങ്കന്‍വാടി വര്‍ക്കര്‍മാരുടേയും ഹെല്‍പര്‍മാരുടേയും ഓണറേറിയം പ്രതിമാസം ആയിരം രൂപ വീതം വര്‍ധിപ്പിക്കും. 66240 പേര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുകയെന്നും പ്രതിവര്‍ഷം 934 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഇത് കൂടാതെ ഗസ്റ്റ് ലക്ചര്‍മാരുടെ പ്രതിമാസ വേതനം പരമാവധി 2000 രൂപ വരെ വര്‍ധിപ്പിക്കും. വിദ്യാര്‍ത്ഥികള്‍ക്കായുളള സ്‌കോളര്‍ഷിപ്പ് പദ്ധതിയും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വാര്‍ഷിക വരുമാനം 1 ലക്ഷം രൂപയ്ക്ക് താഴെയുളള കുടുംബങ്ങളിലെ പ്ലസ്ടു, ഐടിഐ, ഡിപ്ലോമ, ഡിഗ്രി പഠനത്തിന് ശേഷം വിവിധ സ്കിൽ കോഴ്സുകളിൽ പഠിക്കുന്നവരോ വിവിധ ജോലി/മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവരോ ആയ 18 മുതൽ 30 വയസ്സ് വരെയുള്ള യുവതി/യുവാക്കൾക്ക് പ്രതിമാസം ആയിരം രൂപ ധനസഹായം അനുവദിക്കും. റബ്ബര്‍ താങ്ങുവില കിലോയ്ക്ക് 180തില്‍ നിന്ന് 200 ആക്കി ഉയര്‍ത്തി. നെല്ലിന്റെ സംഭരണ വില 28. രൂപ 20 പൈസയില്‍ നിന്ന് 30 രൂപയായി വര്‍ധിപ്പിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. കേന്ദ്രം സൃഷ്ടിക്കുന്ന സാമ്പത്തിക ഞെരുക്കത്തിന്റെ പശ്ചാത്തലത്തിലും ജനങ്ങളോടുളള പ്രതിബദ്ധത കാരണമാണ് ഈ തീരുമാനങ്ങളെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതിനിടെ വിവാദമായ പിഎം ശ്രീ പദ്ധതി മരവിപ്പിക്കുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി. പദ്ധതിയെ കുറിച്ച് പഠിക്കാനായി ഏഴംഗ ഉപസമിതിയെ നിയോഗിച്ചിട്ടുണ്ട്. ഈ സമിതിയുടെ റിപ്പോര്‍ട്ട് ലഭിക്കുന്നത് വരെയാണ് പദ്ധതി നടപ്പാക്കുന്നത് മരവിപ്പിച്ചിരിക്കുന്നത്.
