28 in Thiruvananthapuram

ഒരു ദിവസം ഒരാള്‍ക്ക് എത്ര മുട്ട വരെ കഴിക്കാം; പ്രമേഹമുള്ളവര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

Posted by: TV Next October 27, 2025 No Comments

ഫിറ്റ്‌നസ് പ്രേമികളും ഭക്ഷണ പ്രിയരും ഒരു പോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് മുട്ട. ഒരു ദിവസം ഒന്നിലേറെ മുട്ടകള്‍ കഴിക്കുന്നവരാണ് കൂടുതല്‍ പേരും. ഉയര്‍ന്ന അളവില്‍ പ്രോട്ടീന്‍, വൈറ്റമിനുകള്‍, ധാതുക്കള്‍, ആരോഗ്യകരമായ ഫാറ്റ് എന്നിവയെല്ലാം അടങ്ങിയിട്ടുള്ള മുട്ട ഒരു സൂപ്പര്‍ ഫുഡ് ആണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. പേശികളുടെ വളര്‍ച്ചയെ സഹായിക്കുന്ന മുട്ട തലച്ചോറിന്റെയും കണ്ണിന്റെയും ആരോഗ്യം മെച്ചപ്പെടുത്തുന്നു.

ശരീരഭാരം നിയന്ത്രിക്കാനും ആരോഗ്യ നിലനിര്‍ത്താനും ഫിറ്റ്‌നസ് പ്രേമികള്‍ തിരഞ്ഞെടുക്കുന്ന പ്രധാനപ്പെട്ട ഭക്ഷണമാണ് മുട്ട. ഇത് നല്ല കൊളസ്‌ട്രോളിന്റെ (എച്ച്ഡിഎല്‍) അളവും വര്‍ദ്ധിപ്പിക്കുന്നു. പാചകം ചെയ്യാന്‍ ഏറ്റവും എളുപ്പമുള്ളതായതിനാല്‍ മിക്ക വീടുകളിലും എന്നും പ്രഭാതഭക്ഷണം മുട്ട ആയിരിക്കും. ഏതു വിഭവങ്ങള്‍ക്കൊപ്പവും ചേരും എന്നതും മുട്ടയുടെ പ്രത്യേകതയാണ്ഓരോ മുട്ടയിലും വൈറ്റമിന്‍ ബി 12, ഡി, എ തുടങ്ങിയ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിന്റെ ആരോഗ്യത്തെയും ഓര്‍മ്മശക്തിയെയും മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു.

മുട്ടയിലെ പ്രോട്ടീന്‍ ശരീരം എളുപ്പത്തില്‍ ആഗിരണം ചെയ്യും. കൂടുതല്‍ നേരം വയറു നിറഞ്ഞതായി തോന്നിക്കാന്‍ മുട്ട കഴിച്ചാല്‍ മതി. അനാവശ്യമായി ലഘുഭക്ഷണം കഴിക്കുന്നത് ഇങ്ങനെ ഒഴിവാക്കാന്‍ കഴിയും. കാഴ്ച തകരാറുകളില്‍ നിന്ന് സംരക്ഷിക്കുന്ന ല്യൂട്ടിന്‍, സിയാക്‌സാന്തിന്‍ തുടങ്ങിയ ആന്റിഓക്‌സിഡന്റുകള്‍ മുട്ടയില്‍ അടങ്ങിയിട്ടുണ്ട്. ഇത് കണ്ണിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.

വിപണിയില്‍ അടങ്ങിയിട്ടുള്ള ഏറ്റവും പോഷകസമ്പന്നമായ ഭക്ഷണങ്ങളില്‍ ഒന്നാണ് മുട്ട. എന്നാല്‍ മുട്ട കഴിക്കുമ്പോള്‍ മിതത്വം പാലിക്കണം.

സാധാരണ കൊളസ്‌ട്രോള്‍ നിലയുള്ള ആരോഗ്യമുള്ള ഒരാള്‍ക്ക് ഒരു ദിവസം ഒന്നോ രണ്ടോ മുട്ട കഴിക്കുന്നത് കൊണ്ട് പ്രശ്‌നങ്ങളില്ല. ഇത് ആരോഗ്യത്തിന് ഗുണകരവുമാണ്. പേശികളുടെ ബലത്തിനും തലച്ചോറിന്റെ പ്രവര്‍ത്തനത്തിനും മുട്ട ഗുണം ചെയ്യും. എന്നാല്‍ പ്രമേഹം ഹൃദ്രോഗം, അല്ലെങ്കില്‍ ഉയര്‍ന്ന എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ എന്നിവയുണ്ടെങ്കില്‍ ആഴ്ചയില്‍ നാലോ അഞ്ചോ മുട്ടയായി പരിമിതപ്പെടുത്താവുന്നതാണ്. ഹൃദ്രോഗം ഉള്ളവര്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം മുട്ട കഴിക്കുക.

 

ആരോഗ്യമുള്ള ഒരു വ്യക്തിക്ക് ധാരാളം പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവയ്‌ക്കൊപ്പം മുട്ടയും കഴിക്കാം. എന്നാല്‍ മുട്ട എണ്ണയില്‍ വറുക്കുന്നത് പോലുള്ള പ്രവണതകള്‍ ഒഴിവാക്കുക. മുട്ട സോസേജ്, റെഡ്മീറ്റ് പോലുള്ള കൊഴുപ്പുള്ള മറ്റു ഭക്ഷണങ്ങള്‍ക്കൊപ്പം കഴിക്കുന്നതും ഒഴിവാക്കണം.