29 in Thiruvananthapuram

ലാലിന് വിഷമം തോന്നരുത്, ക്ഷമിക്കൂ, മോഹൻലാലിനോട് മാപ്പ് പറഞ്ഞ് ശ്രീനിവാസൻ, മറുപടി ഇങ്ങനെ, വെളിപ്പെടുത്തി ധ്യാൻ

Posted by: TV Next October 14, 2025 No Comments

മലയാള സിനിമയില്‍ തൊട്ടതെല്ലാം പൊന്നാക്കിയ കോമ്പോ ആണ് മോഹന്‍ലാല്‍-ശ്രീനിവാസന്റേത്. സിനിമ ഉളളിടത്തോളം കാലം മലയാളികള്‍ ഒരിക്കലും മറക്കാന്‍ പോകുന്നില്ല ദാസനേയും വിജയനേയും. എന്നാല്‍ സിനിമയ്ക്ക് പുറത്ത് മോഹന്‍ലാലും ശ്രീനിവാസനും തമ്മില്‍ അത്ര സുഖകരമായ ബന്ധം ആയിരുന്നില്ല ഉണ്ടായിരുന്നത്.

ശ്രീനിവാസന്‍ തന്നെ പലതവണ മോഹന്‍ലാലിനെതിരെ പ്രതികരണങ്ങളുമായി രംഗത്ത് വന്നിട്ടുണ്ട്. ശ്രീനിവാസന്റെ ഡോ. സരോജ് കുമാര്‍ എന്ന സിനിമയില്‍ മോഹന്‍ലാലിനെ വളരെ രൂക്ഷമായി കളിയാക്കിയിട്ടുമുണ്ട്. അടുത്തിടെ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ ശ്രീനിവാസന്‍ പറഞ്ഞത് മോഹന്‍ലാലുമായുളള ബന്ധം അത്ര നല്ലതല്ലെന്നും അദ്ദേഹത്തിന്റെ കാപട്യത്തെ കുറിച്ച് എല്ലാം തുറന്ന് എഴുതും എന്നുമാണ്.

ഇതേ അഭിമുഖത്തില്‍ വിവാദമായ മറ്റൊരു വെളിപ്പെടുത്തല്‍ കൂടി ശ്രീനിവാസന്‍ നടത്തുകയുണ്ടായി. പ്രേംനസീര്‍ മോഹന്‍ലാലിനെ നായകനാക്കി സിനിമ ചെയ്യാന്‍ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞപ്പോള്‍ വയസ്സാംകാലത്ത് ഇയാള്‍ക്ക് വേറെ പണിയില്ലേ എന്നായിരുന്നു മോഹന്‍ലാലിന്റെ പ്രതികരണം എന്നാണ് ശ്രീനിവാസന്‍ ആരോപിച്ചത്. പിന്നീട് ഈ സിനിമയുടെ നിര്‍മ്മാതാവ് സമീപിച്ചപ്പോള്‍ കഥയൊന്നും ആയില്ലേ എന്ന് ചോദിച്ച് മോഹന്‍ലാല്‍ തട്ടിക്കയറി.

അതിന് ശേഷം മോഹന്‍ലാലിന്റെ വിവാഹ സമയത്ത് പ്രേം നസീര്‍ അഡ്വാന്‍സ് ആയി ചെക്ക് നല്‍കിയപ്പോള്‍ ലാലിന് അത് വാങ്ങേണ്ടി വന്നു. അതിനിടെ വരവേല്‍പ്പ് എന്ന ചിത്രം നടക്കുമ്പോഴാണ് പ്രേംനസീറിന്റെ മരണം. തൊട്ടടുത്ത ദിവസം പത്രത്തില്‍ മോഹന്‍ലാലിന്റേതായി വന്ന അനുസ്മരണക്കുറിപ്പില്‍ പറഞ്ഞത്, നസീര്‍ സാറിന്റെ സിനിമയില്‍ അഭിനയിക്കണമെന്ന് തനിക്ക് ആഗ്രഹം ഉണ്ടായിരുന്നുവെന്നും അത് നടക്കാത്തതില്‍ വിഷമം ഉണ്ട് എന്നും ആയിരുന്നു.

ഇതേക്കുറിച്ച് താന്‍ മോഹന്‍ലാലിനോട് ചോദിച്ചുവെന്നും ശ്രീനിവാസന്‍ പറയുന്നു. ഇരട്ടത്താപ്പിന് ഒരു പരിധി ഉണ്ടെന്ന് മോഹന്‍ലാലിനോട് പറഞ്ഞപ്പോള്‍ അദ്ദേഹം തന്നോട് ദേഷ്യപ്പെട്ടുവെന്നും ശ്രീനിവാസന്‍ പറയുകയുണ്ടായി. എന്നാല്‍ ഹൃദയപൂര്‍വ്വം എന്ന സിനിമയുടെ സെറ്റില്‍ വെച്ച് മോഹന്‍ലാലിനോട് ശ്രീനിവാസന്‍ ക്ഷമ ചോദിച്ചു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മകനും നടനുമായ ധ്യാന്‍ ശ്രീനിവാസന്‍.മഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ ഖത്തറില്‍ വെച്ച് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവേയാണ് ഇക്കാര്യം ധ്യാന്‍ തുറന്ന് പറഞ്ഞത്. ”മോഹന്‍ലാലിനെ പോലൊരു നടനാകാന്‍ ആര്‍ക്കും പറ്റില്ല. പക്ഷേ ഒന്ന് ശ്രമിച്ചാല്‍ മോഹന്‍ലാലിനെ പോലൊരു മനുഷ്യനാകാം. കാരണം അച്ഛന്‍ ഒരു കഥയിലൂടെ അദ്ദേഹത്തെ കുറ്റപ്പെടുത്തുകയും കുത്തുവാക്കുകള്‍ പറയുകയും ചെയ്തിരുന്നു. വര്‍ഷങ്ങളായി എത്രയെത്ര കുത്തുവാക്കുകള്‍ കേട്ടിട്ടും അദ്ദേഹം അതിനോട് ഒന്നും പ്രതികരിച്ചിട്ടില്ല. ഇത്തരം നെഗറ്റീവ് കാര്യങ്ങളെ ഒക്കെ വളരെ പോസിറ്റീവായിട്ട് എടുക്കുന്നു.

കുറേ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഹൃദയപൂര്‍വ്വത്തിന്റെ സെറ്റില്‍ വെച്ച് അച്ഛന്‍ ലാല്‍ സാറിനെ കണ്ടത്. ഞാന്‍ പറഞ്ഞതില്‍ ലാലിന് വിഷമം തോന്നരുത്, എന്നോട് ക്ഷമിക്കൂ എന്ന് പോയി പറഞ്ഞു. ഒരു ചെറിയ ചിരിയോട് കൂടി അദ്ദേഹം പറഞ്ഞത്, ശ്രീനീ അതൊക്കെ വിടെഡോ എന്ന് പറയാന്‍ മാത്രമുളള മനസ്സ് ലോകത്ത് അദ്ദേഹത്തിന് അല്ലാതെ വേറെ ആര്‍ക്കും ഉണ്ടാകില്ല. അതൊക്കെ ഒരു അത്ഭുതമാണ്”.