24 in Thiruvananthapuram

മമ്മൂട്ടിയുടേയും ദുല്‍ഖറിന്റേയും പൃഥ്വിയുടേയും വീട്ടില്‍ ഇഡി റെയ്ഡ്; കാരണം ‘ഭൂട്ടാന്‍ വാഹനം’ തന്നെ!

Posted by: TV Next October 8, 2025 No Comments

കൊച്ചി: നടന്‍മാരായ മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ് സുകുമാരന്‍, അമിത് ചക്കാലക്കല്‍ എന്നിവരുടെ വീട്ടില്‍ എന്‍ഫോഴ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) പരിശോധന. ഭൂട്ടാന്‍ വാഹനക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ ആണ് നടപടി. നടന്‍മാരുടെ വീടുകള്‍ അടക്കം മറ്റ് 17 ഇടങ്ങളിലും ഇഡി റെയ്ഡ് നടത്തുന്നുണ്ട്. അഞ്ച് ജില്ലകളിലായി വാഹന ഡീലര്‍മാരുടെ വീടുകളിലും പരിശോധന നടക്കുന്നുണ്ട്.

എറണാകുളം, തൃശൂര്‍, കോഴിക്കോട്, മലപ്പുറം, കോട്ടയം, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലാണ് പരിശോധന. മമ്മൂട്ടി ഹൗസ് എന്ന് അറിയപ്പെടുന്ന മമ്മൂട്ടിയുടെ പഴയ വീട്ടിലും മമ്മൂട്ടി ഇപ്പോള്‍ താമസിക്കുന്ന കടവന്ത്രയിലെ വീട്ടിലും റെയ്ഡ് നടക്കുകയാണ് എന്നണ് വിവരം. നിലവില്‍ കടവന്ത്രയിലെ വീട്ടിലാണ് ദുല്‍ഖറും താമസിക്കുന്നത്. അതിനിടെ മമ്മൂട്ടിയുമായി ബന്ധപ്പെട്ട ചെന്നൈയിലെ ഗ്രീന്‍വേയ്സ് റോഡിലുള്ള കെട്ടിടത്തിലും ഇഡി റെയ്ഡ് നടത്തി.

എട്ട് ഇഡി ഉദ്യോഗസ്ഥരും സിആര്‍പിഎഫ് ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട ഈ ഓപ്പറേഷന്‍ ദുല്‍ഖറുടെ നിര്‍മ്മാണ കമ്പനിയായ വേഫെയര്‍ ഫിലിംസിന്റെ സ്ഥാപനങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു. ഫെമ നിയമ ലംഘനവുമായി ബന്ധപ്പെട്ടാണ് പരിശോധന എന്നാണ് ഇഡി വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. നേരത്തെ ഭൂട്ടാനില്‍ നിന്ന് ഇന്ത്യയിലെത്തിയ വാഹനങ്ങള്‍ കണ്ടെത്തുന്നതിനായി കസ്റ്റംസ് നടത്തിയ ഓപ്പറേഷന്‍ നുംഖോറിന് പിന്നാലെയാണ് ഇപ്പോള്‍ ഇഡി പരിശോധനയ്ക്ക് എത്തിയിരിക്കുന്നത്.

അന്ന് ദുല്‍ഖര്‍, പൃഥ്വിരാജ്, അമിത് ചാക്കലക്കല്‍ എന്നിവരുടെ വീടുകളിലും ഓഫീസുകളിലും ആയിരുന്നു പരിശോധന. ഇന്ത്യയിലേക്ക് ഭൂട്ടാന്‍ / നേപ്പാള്‍ റൂട്ടുകളിലൂടെ ലാന്‍ഡ് ക്രൂയിസര്‍, ഡിഫന്‍ഡര്‍ തുടങ്ങിയ ആഡംബര കാറുകളുടെ നിയമവിരുദ്ധ ഇറക്കുമതിയിലും രജിസ്‌ട്രേഷനിലും ഏര്‍പ്പെട്ടിരിക്കുന്ന ഒരു സിന്‍ഡിക്കേറ്റിനെ കുറിച്ച് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് എന്നാണ് ഇഡി പറയുന്നത്.

കോയമ്പത്തൂര്‍ ആസ്ഥാനമായുള്ള ശൃംഖല വ്യാജ രേഖകളും അരുണാചല്‍ പ്രദേശ്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലെ വ്യാജ ആര്‍ടിഒ രജിസ്‌ട്രേഷനുകളും ഉപയോഗിച്ചതായി കണ്ടെത്തി. പിന്നീട് ഈ വാഹനങ്ങള്‍ സിനിമാ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കുറഞ്ഞ വിലയ്ക്ക് വിറ്റു എന്നും ഫെമയുടെ 3, 4, 8 വകുപ്പുകളുടെ ലംഘനം പ്രഥമദൃഷ്ട്യാ കണ്ടെത്തിയിട്ടുണ്ട് എന്നുമാണ് ഇഡി വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്.

ചില വാഹന ഉടമകള്‍, ഓട്ടോ വര്‍ക്ക് ഷോപ്പുകള്‍, വ്യാപാരികള്‍ എന്നിവിടങ്ങളിലും പരിശോധന നടക്കുന്നുണ്ട്. അതേസമയം കസ്റ്റംസ് നടപടിക്കെതിരെ ദുല്‍ഖര്‍ ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയിരുന്നു. ഇതിന് പിന്നാലെയാണ് ഇഡി നടപടി എന്നതും ശ്രദ്ധേയമാണ്. ഓപ്പറേഷന്‍ നുംഖോറിന്റെ ഭാഗമായി കസ്റ്റംസ് പിടിച്ചെടുത്ത ദുല്‍ഖര്‍ സല്‍മാന്റെ വാഹനങ്ങള്‍ വിട്ടുനല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. വാഹനം വിട്ടുനല്‍കണമെന്ന ദുല്‍ഖറിന്റെ ആവശ്യത്തില്‍ ഒരാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. വ്യക്തികള്‍ക്കെതിരേ തെളിവുകള്‍ ഇല്ലാതെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ശരിയല്ലെന്നും കസ്റ്റംസിനോട് ഹൈക്കോടതി പറഞ്ഞിരുന്നു. ദുല്‍ഖറിന്റെ ഡിഫന്‍ഡര്‍, ലാന്‍ഡ് ക്രൂയിസര്‍, നിസ്സാന്‍ പട്രോള്‍ എന്നീ വാഹനങ്ങള്‍ ആണ് കസ്റ്റംസ് പിടിച്ചെടുത്തത്. ഭൂട്ടാനീസ് ഭാഷയില്‍ വാഹനം എന്ന് അര്‍ത്ഥം വരുന്ന നുംഖോര്‍ എന്നായിരുന്നു കസ്റ്റംസ് സംഘം ഓപ്പറേഷന് നല്‍കിയ പേര്. രാജ്യത്തെ അന്താരാഷ്ട്ര വാഹനക്കള്ളക്കടത്ത് സംഘത്തിലെ കോയമ്പത്തൂര്‍ കണ്ണികളെ ഒരു വര്‍ഷം മുന്‍പാണ് കസ്റ്റംസ് തിരിച്ചറിഞ്ഞത്. ഓപ്പറേഷന്‍ നുംഖോറിന്റെ ഭാഗമായി പിടിച്ചെടുത്തത് 33 വാഹനങ്ങളാണ്.