അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവെച്ച ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള 20-ഇന പദ്ധതി ഭാഗികമായി അംഗീകരിച്ച് ഹമാസ്. ബന്ദികളെ മോചിപ്പിക്കല്‍, ഗാസയിലെ അധികാരം കൈമാറല്‍ അടക്കമുള്ള ഉപാധികളാണ് ഹമാസ് അംഗീകരിച്ചത്. അതേസമയം ചില ഉപാധികളില്‍ കൂടുതല്‍ ചർച്ച വേണമെന്നും ഹമാസ് ആവശ്യപ്പെടുന്നു. ഹമാസ് നിലപാട് വ്യക്തമാക്കിയതിന് പിന്നാലെ ഇസ്രായേലി ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള ആദ്യഘട്ടം ഉടൻ നടപ്പാക്കാൻ ഇസ്രായേൽ തയ്യാറെടുക്കുന്നതായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു.
ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പദ്ധതിയുടെ “ആദ്യ ഘട്ടം” നടപ്പിലാക്കാൻ ഇസ്രായേൽ തയ്യാറെടുക്കുകയാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ട്രംപിന്റെ തത്വങ്ങൾക്കനുസൃതമായി യുദ്ധം അവസാനിപ്പിക്കുന്നതിന് ഇസ്രായേൽ “പൂർണ്ണ സഹകരണത്തോടെ” പ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
ഹമാസിന്റെ പ്രതികരണത്തിന് പിന്നാലെ, ഗാസയിലെ ബോംബാക്രമണം ഉടൻ നിർത്തണമെന്ന് ട്രംപ് ഇസ്രായേലിനോട് ആവശ്യപ്പെടുകയും ചെയ്തു. പദ്ധതി അംഗീകരിക്കാൻ ഹമാസിന് ഞായർ വൈകുന്നേരം 6 മണി വരെ ട്രംപ് സമയം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് എല്ലാ ഇസ്രായേലി ബന്ദികളെയും, ജീവനോടെയുള്ളവരെയും മൃതദേഹങ്ങളും അടക്കം മോചിപ്പിക്കാൻ തയ്യാറാണെന്ന് ഹമാസ് അറിയിക്കുന്നത്. എന്നാൽ, ആയുധനിരായുധീകരണം, ഇസ്രായേലിന്റെ ഘട്ടംഘട്ടമായുള്ള പിന്മാറ്റം തുടങ്ങിയ വിഷയങ്ങളിൽ ഇനിയും ധാരണയായിട്ടില്ല.
ഉടനടി വെടിനിർത്തൽ, ഹമാസ് പിടിച്ചെടുത്ത ബന്ദികളും ഇസ്രായേൽ തടവിലാക്കിയ പലസ്തീൻ തടവുകാരും തമ്മിലുള്ള കൈമാറ്റം, ഗാസയിൽ നിന്നുള്ള ഇസ്രായേലിന്റെ ഘട്ടംഘട്ടമായുള്ള പിന്മാറ്റം, ഹമാസിന്റെ ആയുധനിരായുധീകരണം, അന്താരാഷ്ട്ര സമൂഹത്തിന്റെ നേതൃത്വത്തിൽ ഒരു താൽക്കാലിക ഭരണകൂടം തുടങ്ങിയവയാണ് ട്രംപിന്റെ 20 ഇന പദ്ധതികളിലെ പ്രധാന നിർദേശങ്ങള്‍. എന്നാൽ, ഹമാസ് ആയുധനിരായുധീകരണത്തിനോ പൂർണമായ പിന്മാറ്റത്തിനോ വ്യക്തമായ ഉറപ്പ് നൽകിയിട്ടില്ല.
ട്രംപിന്റെ ആഹ്വാനത്തിന് പിന്നാലെയും ഗാസയിൽ ഇസ്രായേൽ ബോംബാക്രമണം തുടർന്നതായും നാട്ടുകാരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു. ഗാസ സിറ്റിയിലെ തലതീനി സ്ട്രീറ്റിലും റെമാൽ പ്രദേശത്തെ വീടുകളിലും ബോംബാക്രമണം ഉണ്ടായതായും നാട്ടുകാർ പറഞ്ഞു. എന്നാല്‍ ഇതിനോട് ഇസ്രായേൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അതേസമയം ഹമാസിന്റെ നിലപാട് വന്ന സ്ഥിതിക്ക് ഉടനടി സമാധാന കരാർ നടപ്പിലാക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ അറിയിച്ചു. ഖത്തർ, ഈജിപ്ത്, യുഎസ് എന്നിവയുമായി ചേർന്ന് ട്രംപിന്റെ പദ്ധതിയിൽ ചർച്ചകൾ തുടരാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി ഖത്തർ വിദേശകാര്യ മന്ത്രാലയവും അറിയിച്ചു.
യുദ്ധാനന്തര ഗസ്സയുടെ ഭാവി, ബദല്‍ ഭരണ സംവിധാനം, നിരായുധീകരണം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മധ്യസ്ഥ രാജ്യങ്ങളുടെ മേല്‍നോട്ടത്തില്‍ തുറന്ന ചര്‍ച്ചക്ക് വഴിയൊരുക്കണമെന്നും ഹമാസ് തങ്ങളുടെ പ്രതികരണത്തില്‍ വിശദീകരിച്ചു. സ്വതന്ത്ര ഫലസ്തീന്‍ ദേശീയ സമിതിയാണ് ഗസ്സയുടെ ഭാവി നിര്‍ണയിക്കേണ്ടത്. ഗസ്സ ഭരണം ആ സമിതിക്ക് കൈമാറാന്‍ തയാറാണെന്നും എന്നാല്‍ നിരായുധീകരണം, ഗസ്സ സമാധാനസേന എന്നിവയുടെ കാര്യത്തില്‍ തുറന്ന ചര്‍ച്ച നിര്‍ബന്ധമാണെന്നും ഹമാസ് കൂട്ടിച്ചേര്‍ത്തു.