ന്യൂഡല്‍ഹി: അമേരിക്കയില്‍ വിദേശ പ്രൊഫഷണലുകള്‍ക്ക് അനുവദിക്കുന്ന എച്ച്-1ബി വിസ ഫീസില്‍ വന്‍ വര്‍ധന വരുത്തിയ നടപടി ഇന്ത്യന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇടയില്‍ വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. ട്രംപ് ഭരണകൂടത്തിന്റെ അപ്രതീക്ഷിത നടപടി ഇന്ത്യയില്‍ നിന്നുള്ള പ്രൊഫഷണലുകള്‍ക്ക് വലിയ തിരിച്ചടിയാകുമെന്ന റിപ്പോര്‍ട്ടുകളും പുറത്തു വന്നിരുന്നു. പുതിയ നിയമം ഐടി രംഗത്താണ് ഏറ്റവും വലിയ ചലനം സൃഷ്ടിച്ചത്. ഐടി മേഖലയിലാണ് ഇന്ത്യയില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികള്‍ കൂടുതലും അമേരിക്കയില്‍ എത്തുന്നത്.
അതേസമയം, ഇന്ത്യയില്‍ നിന്നുള്ള മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്ക് ആശ്വാസമേകുന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. ആരോഗ്യ മേഖലയെ എച്ച്-1ബി ഫീസ് വര്‍ധനയില്‍ നിന്ന് ഒഴിവാക്കിയേക്കുമെന്നാണ് വൈറ്റ് ഹൗസില്‍ നിന്ന് ലഭിക്കുന്ന വിവരം. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, കെയര്‍ വര്‍ക്കര്‍മാര്‍ എന്നിവര്‍ക്ക് 100,000 ഡോളര്‍ ഫീസില്‍ നിന്ന് ഇളവു ലഭിച്ചേക്കുമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.
വിദേശത്തു നിന്നുള്ള തൊഴിലാളികളുടെ പ്രവേശനത്തിന് നിയന്ത്രണം വരുത്താനെന്ന പേരിലാണ് ട്രംപ് ഭരണകൂടം എച്ച്-1ബി വിസയുടെ ഫീസ് കുത്തനെ വര്‍ധിപ്പിച്ചത്. ഇത് അമേരിക്കയിലെ തൊഴിലുടമകള്‍ക്ക് വലിയ സാമ്പത്തിക ഭാരം ഉണ്ടാക്കുമെന്ന വിലയിരുത്തലും വന്നുകഴിഞ്ഞു.
മെഡിക്കല്‍ മേഖലയില്‍ ഈ നിയമം കൊണ്ടു വന്നാല്‍ അത് വലിയ തിരിച്ചടിയായിരിക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു. കാരണം അമേരിക്കയില്‍ ജോലി ചെയ്യുന്ന വലിയ ശതമാനം മെഡിക്കല്‍ പ്രൊഫഷണലുകള്‍ എച്ച്-1ബി വിസയുള്ള അന്താരാഷ്ട്ര മെഡിക്കല്‍ ബിരുദധാരികളാണ്. ഇത്രയും വലിയ ഫീസ് കൊടുത്ത് ഒരു ആശുപത്രിയും വിദേശത്തു നിന്നുള്ള മെഡിക്കല്‍ പ്രൊഫഷണലുകളെ നിയമിക്കില്ല. അതിനാല്‍ ദേശീയ താല്‍പ്പര്യം മുന്‍നിര്‍ത്തിയാണ് ആരോഗ്യ മേഖലയെ ഫീസ് വര്‍ധനയില്‍ നിന്ന് ഒഴിവാക്കാന്‍ സാധ്യതയുള്ളത്.പുതിയ ഫീസ് ഞായറാഴ്ച്ച പുലര്‍ച്ചെ 12.01 മുതല്‍ പ്രാബല്യത്തില്‍ വന്നിരുന്നു. ഐടി മേഖലയിലാണ് പുതിയ നിയമം ഏറ്റവും വലിയ ആശങ്ക സൃഷ്ടിച്ചത്. യുഎസിന് പുറത്തുള്ള എച്ച്-1ബി വിസ ഉടമകള്‍ അടിയന്തരമായി തിരിച്ചുവരണമെന്ന് തൊഴിലുടമകളായ കമ്പനികള്‍ ആവശ്യപ്പെട്ടിരുന്നു. അവധിക്ക് നാട്ടിലേക്കു മടങ്ങാനിരുന്ന നിരവധി ഇന്ത്യാക്കാരാണ് ഇതോടെ യാത്ര റദ്ദാക്കി അമേരിക്കയില്‍ തുടരുന്നത്.
അതേസമയം, 100,000 ഡോളര്‍ ഫീസ് പുതിയ വിസകള്‍ക്ക് മാത്രമേ ബാധകമാകൂ എന്നും നിലവിലുള്ള വിസകള്‍ക്ക് ബാധകമല്ലെന്നും വൈറ്റ് ഹൗസ് പിന്നീട് വ്യക്തമാക്കിയത് വിദേശ പ്രൊഫഷണലുകള്‍ക്ക് ആശ്വാസമേകിയിട്ടുണ്ട്. ആരോഗ്യ സംരക്ഷണം ദേശീയ താല്‍പ്പര്യമായി അംഗീകരിക്കപ്പെട്ടിട്ടുള്ളതിനാലാണ് മെഡിക്കല്‍ പ്രൊഫഷണലുകളെ ഫീസ് വര്‍ധനയില്‍ നിന്ന് ഒഴിവാക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വൈറ്റ് ഹൗസില്‍ നിന്ന് വരുന്നത്