ഡല്‍ഹി: പത്ത് മാസത്തെ ഇടവേളക്ക് ശേഷം ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയിൽ കയറ്റുമതി പുനരാരംഭിച്ച് അസർബൈജന്‍. വില നിർണ്ണയം സംബന്ധിച്ച തർക്കങ്ങളെ തുടർന്ന് അസർബൈജാനില്‍ നിന്നും ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി താല്‍ക്കാലികമായി നിർത്തിവെക്കുകയായിരുന്നു. പിന്നീട് ഇരു രാജ്യങ്ങളും തമ്മില്‍ ദീർഘനാള്‍ വിഷയത്തില്‍ ചർച്ച നടത്തുകയും പ്രശ്നം പരിഹരിക്കുകയും ചെയ്തു.
ഓഗസ്റ്റിൽ അസർബൈജാൻ 1,747.07 ടൺ ക്രൂഡ് ഓയിലാണ് ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്തു. ഇതിന്റെ മൂല്യം ഏകദേശം 781520 ഡോളർ വരുമെന്ന് അസർബൈജാന്റെ സ്റ്റേറ്റ് കസ്റ്റംസ് കമ്മിറ്റി ഡാറ്റ വ്യക്തമാക്കുന്നു. പക്ഷേ, കഴിഞ്ഞ വർഷത്തെ അതേ മാസവുമായി താരതമ്യം ചെയ്താൽ, വോളിയത്തിൽ 589 മടങ്ങും മൂല്യത്തിൽ 827 മടങ്ങും കുറവാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
2024 ഒക്ടോബറിലായിരുന്നു ഇന്ത്യ അസർബൈജാൻ ഓയിലിന്റെ വാങ്ങലുകൾ നിർത്തിയത്. ഈ പുനരാരംഭം ഊർജ മേഖലയിലെ സഹകരണത്തെ ശക്തിപ്പെടുത്താനുള്ള ഒരു നിർണായക ചുവടുവയ്പ്പാണെന്ന് വിദഗ്ധർ വിലയിരുത്തുന്നു. ഊർജ മേഖലയിലെ സഹകരണമാണ് ഇന്ത്യ-അസർബൈജാൻ ബന്ധത്തിന്റെ പ്രധാന ലക്ഷ്യം. ലോകത്തിലെ ഏറ്റവും വലിയ ഊർജ ഉപഭോക്താക്കളിലൊന്നായ ഇന്ത്യ, അസർബൈജാന്റെ പെട്രോളിയം ഉൽപ്പന്നങ്ങളുടെ പ്രധാന വിപണിയാണ്.
2024-ൽ ഇന്ത്യ അവരുടെ നാലാമത്തെ വലിയ കയറ്റുമതി രാജ്യമായിരുന്നു. 11.7 ലക്ഷം ടൺ പെട്രോളിയം ഉൽപ്പന്നങ്ങൾ 729 മില്യൺ ഡോളറിന് ഇന്ത്യ അസർബൈജാനില്‍ നിന്നും ഇറക്കുമതി ചെയ്തു. 2022-ലും 2023-ലും ഇന്ത്യ മൂന്നാമത്തെ വലിയ വാങ്ങുന്ന രാജ്യമായിരുന്നു. ഓരോ വർഷവും 20 ലക്ഷം ടണ്ണിലധികം 1.6 ബില്യൺ ഡോളറിനും 1.2 ബില്യൺ ഡോളറിനും ഇറക്കുമതി ചെയ്തു. അസർബൈജാന്റെ ഇന്ത്യയിലേക്കുള്ള കയറ്റുമതിയുടെ 98% ക്രൂഡ് ഓയിലാണ്, ഇത് ഇന്ത്യയുടെ ഊർജ വൈവിധ്യവൽക്കരണ തന്ത്രത്തിന് നിർണായകവുമാണ്.
പെട്രോളിയം വാങ്ങുന്നതിനപ്പുറം, ഇന്ത്യ അസർബൈജാന്റെ ഊർജ അടിസ്ഥാന സൗകര്യങ്ങളിൽ വലിയ തോതില്‍ നിക്ഷേപവും നടത്തിയിട്ടുണ്ട്. ഒ എന്‍ ജി സി വിദേശ് ലിമിറ്റഡ് (OVL) അസേരി-ചിരാഗ്-ഗുണഷ്‌ലി (ACG) ഓയിൽ ഫീൽഡുകളിലും ബാകു-ത്ബിലിസി-സെയ്ഹാൻ (BTC) പൈപ്പ്‌ലൈനിലും 1.2 ബില്യൺ ഡോളറിലധികം നിക്ഷേപിച്ചു. എ സി ജി ഫീൽഡ്, കാസ്പിയൻ കടലിലെ ഏറ്റവും വലിയ ഓഫ്‌ഷോർ ഓയിൽ ഫീൽഡുകളിലൊന്നാണ്.
വിലനിർണയ തർക്കമായിരുന്നു കയറ്റുമതി നിർത്തിവെച്ചതിന് കാരണം. എന്നാൽ പ്രശ്നം ഇപ്പോൾ പരിഹരിച്ചത് സുസ്ഥിര പങ്കാളിത്തത്തിന് വഴിവെക്കുന്നു. 2024-ൽ ബാക്കുവിൽ നടന്നത് പോലെ, ഊർജ സുരക്ഷ, പുനരുപയോഗ ഊർജം എന്നിവയിൽ വലിയ ചർച്ചകൾ തന്നെ നടന്നു. അസർബൈജാനിലെ ഏറ്റവും വലിയ അയൽരാജ്യേതര ടൂറിസ്റ്റ് സോഴ്സ് കൂടിയാണ് ഇന്ത്യ. ഇന്ത്യൻ ടൂറിസ്റ്റുകളുടെ എണ്ണം 2024-ൽ 2.43 ലക്ഷമായി. 2023-ലെ 1.17 ലക്ഷത്തിൽ നിന്ന് 108% വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്
ഭൗമരാഷ്ട്രീയ സമ്മർദ്ദങ്ങൾക്കിടയിലും, ഊർജ ബന്ധം ശക്തമായി തുടരുന്നു. ഭാവിയിൽ റിന്യൂവബിൾ ഊർജം, കണക്റ്റിവിറ്റി, സാങ്കേതിക സഹകരണം എന്നിവയിൽ വിപുലമായ സഹകരണം പ്രതീക്ഷിക്കാം. ഈ പുനരാരംഭം ഇന്ത്യ-അസർബൈജാൻ ബന്ധത്തിന് പുതിയ ആവേശം പകരുന്നു, ആഗോള ഊർജ വിപണികളിലെ അസ്ഥിരതയ്ക്കിടയിൽ സുസ്ഥിരത ഉറപ്പാക്കുന്നു എന്നതാണ് ശ്രദ്ധേയം.
അതേസമയം, ഓഗസ്റ്റിൽ റഷ്യയിൽ നിന്നുള്ള ഇറക്കുമതി സ്ഥിരമായി നിലനിർത്തിയിരുന്നു. ഓഗസ്റ്റിന്റെ ആദ്യ 20 ദിവസത്തിൽ റഷ്യൻ ക്രൂഡ് ഓയിലിന്റെ ഇറക്കുമതി 1.5 മില്യൺ ബി പി ഡി ആയിരുന്നു. അതായത് ജൂലൈയിലെ അതേ അളവ്. ഇന്ത്യയുടെ മൊത്തം ക്രൂഡ് ഓയിൽ ഇറക്കുമതി ജൂലൈയിൽ 4.55 mbd ആയിരുന്നു, റഷ്യ (1.40 mbd), ഈറാഖ് (0.91 mbd), സൗദി അറേബ്യ (0.70 mbd) എന്നിവരാണ് പ്രധാന വിതരണക്കാർ. അതേസമയം അമേരിക്കയുടെ ഇറക്കുമതി വിഹിതത്തിലും വലിയ വർധനവ് ഉണ്ടായി. അസർബൈജാനും കൂടെ ഈ നിരയിലേക്ക് വരുന്നത് റഷ്യയുടേയും സൌദിയുടേയുമൊക്കെ വില സമ്മർദങ്ങള്‍ നേരിടാന്‍ ഇന്ത്യക്ക് സഹായകരമാകും.