ഏഴാം ശമ്പള കമ്മീഷന്റെ കാലാവധി ഈ വര്‍ഷം ഡിസംബറോടെ തീരും. 2026 ജനുവരി മുതല്‍ എട്ടാം ശമ്പള കമ്മീഷന്റെ നിര്‍ദേശങ്ങളാണ് പരിഗണിക്കുക. ഈ കമ്മീഷനെ വൈകാതെ നിയോഗിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമയമെടുത്താലും മുന്‍കാല പ്രാബല്യത്തോടെ നടപ്പാക്കുമെന്നാണ് പ്രതീക്ഷ. ജീവനക്കാരുടെ സംഘടനകള്‍ ഇക്കാര്യം സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഈ വര്‍ഷം ദീപാവലിക്ക് മുമ്പായി സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ മൂന്ന് ശതമാനം വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കും. ഈ ശമ്പള വര്‍ധന നാമമാത്രമാകുമെങ്കിലും അതിന് ശേഷം വരുന്ന എട്ടാം ശമ്പള കമ്മീഷനിലാണ് പ്രതീക്ഷ. ഓരോ പത്ത് വര്‍ഷം കൂടുമ്പോഴാണ് പുതിയ ശമ്പള കമ്മീഷനെ നിയോഗിക്കുക. കേന്ദ്രമന്ത്രി ജിതേന്ദ്ര സിങിനെ കണ്ട് പുതിയ കമ്മീഷനെ നിയോഗിക്കുന്ന കാര്യം ജീവനക്കാരുടെ സംഘടനകള്‍ ചര്‍ച്ച ചെയ്തിരുന്നു.
എട്ടാം ശമ്പള കമ്മീഷന് കഴിഞ്ഞ ജനുവരിയില്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിയിട്ടുണ്ട്. ഔദ്യോഗിക വിജ്ഞാപനം ഇറങ്ങിയിട്ടില്ല. ചെയര്‍മാനെയും അംഗങ്ങളെയും കേന്ദ്ര സര്‍ക്കാര്‍ നിയോഗിക്കേണ്ടതുണ്ട്. ഇവര്‍ നിലവിലെ സാഹചര്യങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇത് മന്ത്രിസഭ അംഗീകരിക്കുന്നതോടെ ശമ്പള വര്‍ധനവ് നടപ്പാകും.
ഏഴാം ശമ്പള കമ്മീഷന്‍ നടപ്പാക്കിയ വേളയില്‍ 11000 രൂപയാണ് അടിസ്ഥാന ശമ്പളത്തില്‍ വര്‍ധനവ് വന്നിരുന്നത്. നിലവില്‍ 18000 രൂപയാണ് കുറഞ്ഞ അടിസ്ഥാന ശമ്പളം,. പെന്‍ഷന്‍ 9000 രൂപയും. അന്ന് ഫിറ്റ്‌മെന്റ് ഫാക്ടര്‍ ആയി കണക്കാക്കിയത് 2.57 ആയിരുന്നു. വില സൂചിക ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിച്ചാണ് കമ്മീഷന്‍ ഫിറ്റ്‌മെന്റ് ഫാക്ടര്‍ നിശ്ചയിക്കുക. ശമ്പളം എത്രത്തോളം വര്‍ധിക്കും എന്നത് ഈ ഫാക്ടര്‍ പരിശോധിച്ചാണ് കണക്കാക്കുക.
ഏഴാം ശമ്പള കമ്മീഷന്‍ നിശ്ചയിച്ച പരമാവധി അടിസ്ഥാന ശമ്പളം 225000 രൂപയായിരുന്നു. കാബിനറ്റ് സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്കാണ് ഈ ശമ്പളം ലഭിക്കുക. 55 ശതമാനമാണ് നിലവിലെ ഡിഎ. ഇത് അടുത്ത മാസം 58 ആയി ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അടിസ്ഥാന ശമ്പളവും ഫിറ്റ്‌മെന്റ് ഫാക്ടറും ഗുണനം ചെയ്താണ് പുതുക്കിയ ശമ്പളം കണക്കാക്കുക.
1.92, 2.08 എന്നിവയില്‍ ഏതെങ്കിലും ഫിറ്റ്‌മെന്റ് ഫാക്ടറായിരിക്കും കണക്കാക്കുക എന്നാണ് മുന്‍ ധനകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗ് അഭിപ്രായപ്പെടുന്നത്. അതേസമയം, 2.86 ആയിരിക്കും ഫിറ്റ്‌മെന്റ് ഫാക്ടര്‍ എന്ന് എന്‍സി-ജെസിഎം സ്റ്റാഫ് സെക്രട്ടറി ശിവ ഗോപാല്‍ പറയുന്നു. കൊട്ടക് ഇന്‍സ്റ്റിറ്റൂഷണല്‍ ഇക്വിറ്റീസ് പ്രവചിക്കുന്നത് 1.8 ആയിരിക്കും ഫിറ്റ്‌മെന്റ് ഫാക്ടര്‍ എന്നാണ്. സര്‍ക്കാരിന്റെ സാമ്പത്തിക നില പരുങ്ങലിലാണ് എന്ന് സൂചിപ്പിച്ചാണ് കുറഞ്ഞ നിരക്ക് പറയുന്നത്.
ഫിറ്റ്‌മെന്റ് ഫാക്ടര്‍ 1.8 ആണെങ്കില്‍ കുറഞ്ഞ അടിസ്ഥാന ശമ്പളം 32400 രൂപയായി ഉയരും. പെന്‍ഷന്‍ 16200 രൂപയുമാകും. ഫിറ്റ്‌മെന്റ് ഫാക്ടര്‍ 1.92 ആണെങ്കില്‍ കുറഞ്ഞ ശമ്പളം 34560 രൂപയും പെന്‍ഷന്‍ 17280 രൂപയുമാകും. ഫിറ്റ്‌മെന്റ് ഫാക്ടര്‍ 2.08 ആണെങ്കില്‍ കുറഞ്ഞ ശമ്പളം 37440 രൂപയും പെന്‍ഷന്‍ 18720 രൂപയുമാകും. കഴിഞ്ഞ തവണത്തെ പോലെ ഫിറ്റ്‌മെന്റ് ഫാക്ടര്‍ 2.57 ആണെങ്കില്‍ കുറഞ്ഞ ശമ്പളം 46260 രൂപയും പെന്‍ഷന്‍ 23430 രൂപയുമാകും. ഫിറ്റ്‌മെന്റ് ഫാക്ടര്‍ 2.86 ആണെങ്കില്‍ കുറഞ്ഞ ശമ്പളം 51480 രൂപയും പെന്‍ഷന്‍ 25740 രൂപയുമാകും.