25 in Thiruvananthapuram

ലുലു മാളിനെ വെല്ലും; കോട്ടയത്ത് മറ്റൊരു വമ്പൻ മാൾ വരുന്നു..5 ലക്ഷം ചതുശ്ര അടിയിൽ, 216 കോടി ചെലവ്…

Posted by: TV Next September 3, 2025 No Comments

ഏറെ നാളത്തെ പ്രതീക്ഷയ്ക്കൊടുവിലാണ് ഇക്കഴിഞ്ഞ സപ്റ്റംബറിൽ ലുലു മാൾ കോട്ടയത്ത് ആരംഭിച്ചത്. എംസി റോഡിന് സമീപത്ത് മണിപ്പുഴയിലാണ് മാൾ പ്രവർത്തിക്കുന്നത്. 3.22 ലക്ഷം ചതുരശ്ര അടിയിൽ രണ്ട് നിലകളിലായാണ് മാൾ പ്രവർത്തിക്കുന്നത്. താഴത്തെ നിലയിൽ ലുലുവിന്റെ ഹൈപ്പർമാർക്കറ്റും രണ്ടാമത്തെ നിലയിൽ ലുലു ഫാഷൻ സ്റ്റോറും ലുലു കണക്ടുമാണ് ഉള്ളത്.

വമ്പൻ സൗകര്യങ്ങളുമായിട്ടായിരുന്നു ലുലു കോട്ടയത്ത് എത്തിയത്. 500 പേർക്ക് ഒരേ സമയം ഇരിക്കാവുന്ന ഫുഡ് കോർട്ട്, ഒരേസമയം ആയിരം വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യം ഇങ്ങനെയുള്ളതെല്ലാം ലുലു കോട്ടയത്തിനായി ഒരുക്കിയിരുന്നു. കൊച്ചിയിലും തിരുവനന്തപുരത്തും വിസ്മയം തീർത്ത ലുലു തങ്ങളുടെ നാട്ടിലും എത്തിയതോടെ ആവേശത്തിലായിരുന്നു കോട്ടയത്തുകാർ. മാൾ തുറന്ന് രണ്ട് ദിവസം കൊണ്ട് മാത്രം എത്തിയത് ഒരു ലക്ഷത്തിനടുത്ത് ആളുകളായിരുന്നു. അപ്പോൾ ഒരു വർഷം പൂർത്തിയാക്കാനൊരുങ്ങുന്ന വേളയിൽ എത്രപേർ എത്തിക്കാണും എന്ന് ഊഹിക്കാവുന്നതല്ലേ ഉള്ളൂ.

കോട്ടയത്തുകാരെ സംബന്ധിച്ച് ലുലു വൈവിധ്യമാർന്ന അനുഭവം തന്നെയായിരുന്നു. ഷോപ്പിങ് മാത്രമല്ല, വിനോദത്തിനും ഭക്ഷണത്തിനും അമ്പരിപ്പിക്കുന്ന സജ്ജീകരണങ്ങൾ, അതും ഒരു കുടക്കീഴിൽ. എസ്‌ഡബ്ല്യുഎ ഡയമണ്ട്‌സ്, സെലിയോ, ലൂയിസ് ഫിലിപ്പ്, വാൻ ഹ്യൂസെൻ, മാമഎർത്ത്, ബെൽജിയൻ വാഫിൾസ്, മക്ഡോണാൾസ്, കെഎഫ്സി തുടങ്ങി വമ്പൻ ബ്രാൻഡുകൾ, കുട്ടികൾക്കായി ഫൺ ട്യൂറ അങ്ങനെ പലതും ഉപഭോക്താക്കൾക്കായി ലുലു ഒരുക്കിയിരുന്നു.

എന്തായാലും ലുലുവിനെ ഇരുകൈയ്യും നീട്ടി സ്വീകരിച്ച ആളുകൾ ഇനി മറ്റൊരു മാളിനെ കൂടി സ്വീകരിക്കാൻ തയ്യാറായിക്കോളൂ. ലുലുവിന്റെ രണ്ടിരട്ടി വലുപ്പത്തിലുള്ള വമ്പൻ മാളാണ് ജില്ലയിലേക്ക് പുതിയതായി എത്തുന്നത്. വിശദമായി നോക്കിയാലോ

216 കോടി രൂപ ചെലവിൽ

ക്രൗൺ പ്ലാസ കൊച്ചി നിർമാതാക്കളായ കെജിഎ ഗ്രൂപ്പാണ് പുതിയ മാളിന് പിന്നിൽ. ചങ്ങനാശേരി എസ്ബി കോളേജിന് സമീപം അഞ്ച് ലക്ഷം ചതുരശ്ര അടിയിലാണ് മാൾ ഒരുങ്ങുന്നത്.ഹൈ എൻഡ് ബുട്ടിക്കുകൾ, ഹൈപ്പർമാർക്കറ്റ്, കൺവെൻഷൻ സെൻ്റർ, 5 സ്ക്രീൻ മൾട്ടിപ്ലക്സ് തിയറ്റർ, 60 മുറികളുള്ള ഹോട്ടൽ സൗകര്യം എന്നിവയെല്ലാം പുതിയ മാളിൽ ഉണ്ടാകും. 500 പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള ഫുഡ് കോർട്ട് സൗകര്യമാണ് ലുലുവിൽ ഉള്ളതെങ്കിൽ ഇവിടെ 800 പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാൻ ഉള്ള സൗകര്യമാണ് ഒരുക്കുന്നത്. കൺവെൻഷൻ സെന്റർ കൂടി ഇതിനുള്ളിൽ വരുന്നുവെന്നത് തന്നെയാണ് ഏറ്റവും വലിയ പ്രത്യേകത. 1000 ത്തിലധികം പേർക്ക് ആതിഥേയത്വം ഒരുക്കാൻ കഴിയുന്നതായിരിക്കും ഇത്.

ഈ വർഷം അവസാനത്തോടെ മാൾ പൂർത്തിയാകും എന്നാണ് റിപ്പോർട്ട്. ഇക്കാര്യത്തിൽ കെ ജി എ ഗ്രൂപ്പിൽ നിന്നും ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ല. എന്തായാലും പുതിയ മാൾ കോട്ടയത്തിന് വേറിട്ടൊരു ഷോപ്പിംഗ് അനുഭം ആകുമെന്ന കാര്യത്തിൽ തർക്കമില്ല. മൾട്ടിപ്ലക്സ് തീയറ്റർ കൂടി വരുന്നതോടെ മറ്റൊരു വിനോദകേന്ദ്രം എന്ന നിലയ്ക്കും കെ ജി എഫ് മാൾ പുത്തൻ അനുഭവം സമ്മാനിക്കും.

വരുന്നു വേറേയും തീയറ്ററുകൾ

കോട്ടയം ജില്ലയിൽ 17 തീയറ്ററുകൾ കൂടി എത്തുന്നുവെന്നാണ് പുതിയ റിപ്പോർട്ട്. കെ ജി എഫ് മാളിലെ 5 മൾട്ടിപ്ലക്സുകൾ ഉൾപ്പെടെയാണിത്. കല്ലറയിൽ കഴിഞ്ഞ ദിവസം ഒരു പുതിയ തീയറ്റർ തുറന്നിരുന്നു. ഗുഡ് വിൽഎന്ന പേരിൽ ആരംഭിച്ച തീയറ്ററിൽ 3 സ്ക്രീൻ ആണ് ഉള്ളത്. ഇതുകൂടാതെ കറുകഞ്ചാൽ അഞ്ചാണി തീയറ്റേഴ്സിൽ പുതിയ സ്ക്രീൻ വരുന്നുണ്ട്. നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രയിംസും മൂന്ന് സ്ക്രീനുകളുമായി പുതിയ തീയറ്റർ ആരംഭിക്കുന്നത്. ഇതുകൂടാതെ കെ എസ് എഫ് ഡി സിയും 15 കോടി ചെലവിൽ രണ്ട് സ്ക്രീനുള്ള പുതിയ തീയറ്റർ പണിയുന്നുണ്ട്.