ന്യൂയോർക്ക്: ഇന്ത്യയും യുഎസും നിലവിലുള്ള തീരുവ പ്രതിസന്ധികൾ പരിഹരിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ്. എന്നാൽ ഇത്രയും സംഭവ വികാസങ്ങൾക്ക് ഇടയിലും ഇന്ത്യ തുടർച്ചയായി റഷ്യൻ ക്രൂഡ് വാങ്ങുന്നതിനെ അദ്ദേഹം കടുത്ത ഭാഷയിൽ വിമർശിച്ചു. ഇത് യുക്രൈനിലെ മോസ്കോയുടെ യുദ്ധത്തിന് ഇന്ധനം പകരുന്നുവെന്നായിരുന്നു സ്‌കോട്ട് ബെസെന്റ് വിമർശിച്ചത്.
ഇന്ത്യ തീരുവ പൂർണമായി ഒഴിവാക്കാമെന്ന് വാഗ്‌ദാനം ചെയ്‌തതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞതിന് മണിക്കൂറുകൾക്ക് ശേഷമാണ് അദ്ദേഹത്തിന്റെ അടുത്ത അനുയായിയായ സ്‌കോട്ട് ബെസെന്റ് മറ്റൊരു വിമർശനവുമായി രംഗത്ത് വന്നത്. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായുള്ള കൂടിക്കാഴ്‌ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പങ്കാളിത്തത്തെക്കുറിച്ചുള്ള ആശങ്കകൾ അദ്ദേഹം തള്ളിക്കളഞ്ഞു.
ഫോക്‌സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ബെസെന്റ് ഇക്കാര്യം പറഞ്ഞത്. എസ്‌സിഒ യോഗത്തെ കുറിച്ചും അദ്ദേഹം പരാമർശിച്ചു. ‘ഇത് വളരെക്കാലമായി നിലനിൽക്കുന്ന ഒരു കൂട്ടായ്‌മയാണ്, ഇതിനെ ഷാൻഹായ് സഹകരണ സംഘടന (എസ്‌സിഒ) എന്ന് വിളിക്കുന്നു, ഇത് വലിയതോതിൽ പ്രകടനപരമാണെന്ന് ഞാൻ കരുതുന്നു’ എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.
എല്ലാത്തിനുമുപരി, ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള ജനാധിപത്യ രാജ്യമാണ് ഇന്ത്യ എന്ന് ഞാൻ കരുതുന്നു. അവരുടെ മൂല്യങ്ങൾ റഷ്യയേക്കാളും ചൈനയെക്കാളും നമ്മുടേതുമായി വളരെ അടുത്താണ്. നോക്കൂ, ഇവർ മോശം അഭിനേതാക്കളാണ് … ഇന്ത്യ റഷ്യൻ യുദ്ധ യന്ത്രത്തിന് ഇന്ധനം നൽകുന്നു, ചൈന റഷ്യൻ യുദ്ധ യന്ത്രത്തിന് ഇന്ധനം നൽകുന്നു … ഒരു ഘട്ടത്തിൽ നമ്മളും സഖ്യകക്ഷികളും മുന്നോട്ട് വരുമെന്ന് ഞാൻ കരുതുന്നു; എന്നും അദ്ദേഹം പറഞ്ഞു.
ഉഭയകക്ഷി ബന്ധങ്ങളെ അഭിസംബോധന ചെയ്‌തുകൊണ്ട്, യുഎസും ഇന്ത്യയും ശക്തമായ അടിത്തറ പങ്കിട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് ജനാധിപത്യ രാജ്യങ്ങൾക്കും അവരുടെ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാൻ കഴിയുമെന്നും ബെസെന്റ് എടുത്തുപറഞ്ഞു ‘രണ്ട് മഹത്തായ രാജ്യങ്ങൾ ഇത് പരിഹരിക്കും’ അദ്ദേഹം പറഞ്ഞു.
ഇത്രയൊക്കെ ശുഭാപ്‌തി വിശ്വാസം പ്രകടിപ്പിക്കുമ്പോഴും ഇന്ത്യയുടെ പ്രാധാന്യം എടുത്തുപറയുമ്പോഴും റഷ്യയുമായുള്ള ഇന്ത്യയുടെ ഊർജ്ജ വ്യാപാരത്തെ ബെസെന്റ് കടുത്ത ഭാഷയിൽ തന്നെ വിമർശിച്ചു. ഇന്ത്യ കുറഞ്ഞ വിലയിൽ റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതും ശേഷം ശുദ്ധീകരിച്ച് വിൽക്കുന്നതും ഉൾപ്പെടെ റഷ്യ യുക്രൈനിൽ നടത്തുന്ന അധിനിവേശത്തിന് സഹായിക്കുന്നുവെന്നാണ് ബെസെന്റ് വിമർശിക്കുന്നത്.ഇന്ത്യൻ ഉത്പന്നങ്ങൾക്ക് തീരുവ ഉയർത്താനുള്ള യുഎസ് തീരുമാനത്തിന് പ്രധാന കാരണമായി വ്യാപാര ചർച്ചകളിലെ മന്ദഗതിയിലുള്ള പുരോഗതിയെ ബെസെന്റ് ചൂണ്ടിക്കാട്ടി. യുക്രൈന് എതിരായ ആക്രമണം വർധിച്ചുവരുന്ന സാഹചര്യത്തിൽ റഷ്യയ്‌ക്കെതിരായ ഉപരോധങ്ങൾ ട്രംപ് ഭരണകൂടം പരിഗണിക്കുന്നതും ഇതിന് കാരണമായി അദ്ദേഹം വിലയിരുത്തി.
നേരത്തെ ഇന്ത്യ പൂർണമായി തീരുവ നിരക്ക് പൂജ്യത്തിലേക്ക് എത്തിച്ചു തരാമെന്ന് വാഗ്‌ദാനം ചെയ്‌തതായി ഡൊണാൾഡ് ട്രംപ് വെളിപ്പെടുത്തിയിരുന്നു. ഇന്ത്യയുമായുള്ള വ്യാപാരം പൂർണ്ണമായും ഏകപക്ഷീയമായ ഒരു ദുരന്തമാണ് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇതിന് പിന്നാലെയാണ് ഇന്ത്യ-ചൈന-റഷ്യ കൂട്ടായ്‌മയെ കുറിച്ച് ഉൾപ്പെടെ നിർണായക പ്രതികരണവുമായി ട്രംപിന്റെ അടുത്ത അനുയായി തന്നെ ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്.
നിലവിലെ സാഹചര്യത്തിൽ ഇന്ത്യ ചൈനയുമായി കൂടുതൽ അടുക്കുന്നത് ഉൾപ്പെടെ യുഎസിന് തിരിച്ചടിയാണ്. നേരത്തെ ഇരു രാജ്യങ്ങളും അകന്ന് നിന്നപ്പോൾ യുഎസിനെ സംബന്ധിച്ച് ഏഷ്യയിൽ ചൈനയോട് എതിരിട്ട് നിൽക്കാൻ ഇന്ത്യയായിരുന്നു ഏക ആശ്രയം. മാത്രമല്ല വ്യാപാര ബന്ധത്തിൽ ഉൾപ്പെടെ ഇന്ത്യയും ചൈനയും ഇനി കൂടുതൽ സഹകരണങ്ങൾക്ക് സാധ്യത ഉണ്ടെന്നതും യുഎസിനെ ആശങ്കപ്പെടുത്തുന്നുണ്ട്.