യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധൃക്ഷ്യ സ്ഥാനം രാജിവെച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍. യുവനടിയുടെ ആരോപണത്തിന് പിന്നാലെ പാലക്കാട് എംഎല്‍എ കൂടിയായ നേതാവിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് കൂടുതല്‍ സ്ത്രീകള്‍ രംഗത്ത് എത്തിയതോടെയാണ് രാജി. രാഹുല്‍ മാങ്കൂട്ടത്തില്‍ നടത്തിയ ചാറ്റും മറ്റൊരു യുവതിയോട് നടത്തിയതെന്ന് പറയപ്പെടുന്ന തരത്തിലുള്ള ഫോണ്‍ സംഭാഷണവും പുറത്തുവന്നത് സാഹചര്യങ്ങള്‍ കൂടുതല്‍ വഷളാക്കി.
ഒന്നിന് പുറകെ ഒന്നായി തെളിവുകളും ആരോപണങ്ങളും പുറത്ത് വന്നതിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ് നേതാക്കളും രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രംഗത്ത് എത്തി. നേതാവിനെതിരെ എ ഐ സി സി നേതൃത്വത്തിനും പരാതി ലഭിച്ചതായുള്ള വാർത്തകളും പുറത്ത് വന്നു. കോണ്‍ഗ്രസ് നേതൃത്വവും രാഹുലിനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് വ്യക്തമാക്കി. ഇതോടെ പിടിച്ച് നില്‍ക്കാനാകാതെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നും മാറാന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ തയ്യാറാകുകയായിരുന്നു.
നേതൃത്വം ആവശ്യപ്പെട്ടിട്ട് അല്ല രാജിയെന്നാണ് പത്തനംതിട്ടയിലെ വീട്ടില്‍ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തില്‍ രാഹുല്‍ വ്യക്തമാക്കിയത്. സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളെ എഐസിസി നേതൃത്വമോ രാജി ആവശ്യപ്പെട്ടില്ല. സംസ്ഥാന സർക്കാറിനെതിരായി നിരവധി ആരോപണങ്ങള്‍ ഉയരുന്ന സമയമാണ് ഇത്. ഈ സമയത്ത് എന്നെ ന്യായീകരിക്കാനുള്ള ബാധ്യത പാർട്ടി പ്രവർത്തകർക്ക് ഉണ്ടാകരുത്. അവരുടെ സമയത്തെ മാനിച്ചുകൊണ്ടാണ് രാജി.
തനിക്ക് എതിരെ ഒരു പരാതിയും ഇതുവരേയും എവിടേയും ഉണ്ടായിട്ടില്ല. രാജ്യത്തിന്റെ നിയമ സംവിധാനത്തിന് വിരുദ്ധമായി ഒരു പ്രവർത്തിയും ചെയ്തിട്ടില്ല. അങ്ങനെ എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ അതിനെ നിയമപരമായി നേരിടും. യുവനടി ഇതുവരെയും തന്റെ പേര് പറഞ്ഞിട്ടില്ല. അവർ നല്ല സുഹൃത്തായിരുന്നു. ഇപ്പോഴും നല്ല സുഹൃത്താണെന്നാണ് വിശ്വാസം. പുറത്തുവന്ന വാർത്തകളിൽ പോലും നിയമവിരുദ്ധമായി ഒന്നും ചെയ്‌തിട്ടില്ല. യുവ നടി തന്നെ പറ്റിയാണ് പറഞ്ഞതെന്ന് വിശ്വസിക്കുന്നില്ല. മാധ്യമങ്ങളാണ് എന്റെ പേര് പറഞ്ഞതെന്നും. ഓഡിയോ ക്ലിപ്പ് പുറത്ത് വന്നിട്ടുണ്ടെങ്കില്‍ ഇക്കാലത്ത് അതുപോലുള്ള നിരവധി സാധനങ്ങള്‍ ആർക്കും ഉണ്ടാക്കും. അല്ലെങ്കില്‍ അത് സംബന്ധിച്ച് ആരെങ്കിലും പരാതി ഉന്നയിച്ചോയെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദിച്ചു.
അതേസമയം, മറുവശത്ത് രാഹുല്‍ എം എല്‍ എ സ്ഥാനം കൂടി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് സി പി എം, ബി ജെ പി പ്രവർത്തകരും പതിഷേധം ശക്തമാക്കുകയാണ്. രാഹുലിന്റെ പാലക്കാട്ടെ എം എല്‍ എ ഓഫീസിലേക്ക് മഹിള മോർച്ച, ഡി വൈ എഫ് ഐ പ്രവർത്തകർ മാർച്ച് നടത്തി. നടിയും മാധ്യമ പ്രവർത്തകയും ആയ റിനി ആൻ ജോർജ് ഉയർത്തിയ ആരോപണം ഗൗരവതരമാണെന്ന് ഡി വൈ എഫ് ഐ നേതാവ് വികെ സനോജ് വ്യക്തമാക്കി.
യുവ എംഎൽഎ തന്നോട് ഉൾപ്പെടെ നിരവധി പെൺകുട്ടികളോട് അതിക്രമം കാട്ടിയെന്നും ക്രിമിനൽ ബുദ്ധിയോടെ തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചു എന്നും പറഞ്ഞിട്ടുണ്ട്. പരാതി ഉന്നയിച്ച റിനി ആൻ ജോർജിന് എതിരായി കോൺഗ്രസ് സൈബർ കൂട്ടങ്ങൾ ആക്രമണം തുടങ്ങിയിട്ടുണ്ട്.